pinarayi-vijayan-m-sivasa

തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കാനുളള റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കർ ഉൾപ്പെട്ട ഉന്നതതല സമിതി. ശിവശങ്കർ ഉൾപ്പടെ ഭരണം നിയന്ത്രിക്കുന്ന പല മുതിർന്ന ഉദ്യോഗസ്ഥർക്കും താത്പര്യമുളള പല പദ്ധതികൾക്കും അനുമതി ലഭിക്കാൻ മന്ത്രിമാരിൽനിന്ന് തടസം നേരിട്ടിരുന്നു. ഇതേ തുടർന്നാണ് ഭരണം മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ കേന്ദ്രീകരിക്കാൻ ശ്രമംതുടങ്ങിയത്.

ധനം, നിയമം,റവന്യു വകുപ്പുകളുടെ അധികാരംകൂടി കവരുന്ന നിർദേശങ്ങളുണ്ടായിട്ടും ആ വകുപ്പുകളുടെ സെക്രട്ടറിമാർ ബന്ധപ്പെട്ട മന്ത്രിമാരെ അവ അറിയിച്ചിരുന്നില്ലെന്നാണു വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവാധികാരമുള്ള പ്രിൻസിപ്പൽ സെക്രട്ടറിയെ എതിർക്കാൻ അവർ ഭയപ്പെട്ടതാകാമെന്ന് സി.പി.ഐയിലെ അടക്കം ഘടകകക്ഷി മന്ത്രിമാർ ഇപ്പോൾ പറയുന്നു.

2018ലാണ് ഇതുസംബന്ധിച്ച സമിതിയെ നിയോഗിച്ചത്. അന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, നിയമം, ധനം, പൊതുഭരണ വകുപ്പ് സെക്രട്ടറിമാർ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ. ധനവകുപ്പ് എതിർക്കുന്ന പദ്ധതികൾക്ക് അംഗീകാരം നൽകാൻ മന്ത്രിസഭയ്‌ക്കുളള അധികാരം മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ഭേദഗതിയോടും എതിർപ്പുണ്ട്. മന്ത്രിമാരറിയാതെ ഇതര വകുപ്പുകളിലെ ഫയലുകൾ മുഖ്യമന്ത്രിക്ക് വേണമെങ്കിൽ വിളിച്ചുവരുത്തി തീരുമാനിക്കാമെന്നതാണ് മറ്റൊരു വിവാദ ഭേദഗതി. നിർദേശങ്ങൾ നടപ്പായാൽ സംസ്ഥാനമന്ത്രിമാർ കേന്ദ്ര മന്ത്രിസഭയിലുളളതുപോലെ സ്വതന്ത്രചുമതലയില്ലാതെ വെറും സഹമന്ത്രിമാരാകുമെന്നാണ് ഘടകക്ഷികളുടെ വിമർശനം.

വിവാദ ഭേദഗതികൾ മന്ത്രിസഭാ ഉപസമിതിയിൽ ചർച്ചയ‌്ക്ക് വന്നപ്പോൾ തന്നെ പാർട്ടിയുടെ അഭിപ്രായം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉന്നയിച്ചിട്ടുണ്ടെന്നാണ് സി.പി.ഐ. നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസഭയിൽ ഈ നിർദേശങ്ങൾ വന്നാൽ അവിടെയും എതിർക്കും. സർക്കാർ മറ്റു വിവാദങ്ങളിൽപ്പെട്ടിരിക്കുമ്പോൾ വിവാദത്തിന് സി.പി.ഐ. നിമിത്തമാവേണ്ടെന്ന ചിന്തയിലാണ് പരസ്യപ്രതികരണത്തിന് അവർ മുതിരാത്തത്.

റിപ്പോർട്ട് ഉപസമിതിയുടെ പരിഗണനയിലാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാർ ആ വഴി ചിന്തിച്ചു തുടങ്ങിയെന്നാണ് ഇത് നൽകുന്ന സൂചന. സെക്രട്ടറിമാർക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരവും ചീഫ് സെക്രട്ടറിക്ക് അതിനു മേലെ പ്രമാണിത്വവും നൽകുന്ന ഭേദഗതി നിർദേശങ്ങളോടാണ് കടുത്ത എതിർപ്പ്.

മന്ത്രിസഭാ യോഗത്തിന്റെ മേലെയും മുഖ്യമന്ത്രിക്ക് അധികാരം കൽപ്പിക്കുന്ന നിർദേശം ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനശിലയെ ഇളക്കുന്നതാണെന്ന വിമർശനം ഘടകകക്ഷി മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയ്ക്ക് ക്വാറം നിശ്ചയിച്ചതും മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗം ചേരേണ്ടിവന്നാൽ എടുക്കുന്ന തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയേ നടപ്പാക്കാവൂ എന്ന നിർദേശവും ഇക്കൂട്ടത്തിൽപ്പെടുന്നു.