m-sivasankar

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് അദ്ദേഹത്തെ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യാനുള്ള ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായെന്ന് സൂചന. എൻ.ഐ.എക്കും കസ്റ്റംസിനും മുന്നിൽ മൂന്നു തവണ വീതവും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഒരു തവണയും ശിവശങ്കർ ചോദ്യം ചെയ്യലിനു വിധേയനായിരുന്നു. എന്നാൽ,​ സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന സുദൃഢമായ തെളിവുകൾ ഒന്നുംതന്നെ അവർക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കസ്‌റ്റംസിന്റെ നിർണായക നീക്കം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള നിർണായക ഡിജിറ്റൽ തെളിവുകൾ ഇന്ന് കസ്റ്റംസിന് ലഭിക്കും. മുഖ്യപ്രതി സ്വപ്ന ചുരുക്കമായി ഉപയോഗിച്ചിരുന്ന നാല് മൊബൈൽ ഫോണുകളുടെ സൈബർ ഫൊറൻസിക് പരിശോധനാ ഫലമാണ് ഇന്നു കസ്റ്റംസിനു ലഭിക്കുക. ആറ് മൊബെലുകളിൽ സ്ഥിരമായി ഉപയോഗിച്ചിരുന്ന രണ്ടെണ്ണത്തിന്റെ പരിശോധനാ ഫലം നേരത്തേ ലഭിച്ചിരുന്നെങ്കിലും ശിവശങ്കർ, കേസിലെ പ്രതി കെ.ടി.റമീസ് എന്നിവരെ വിളിച്ചതിന്റെ തെളിവുകൾ ഇവയിലുണ്ടായിരുന്നില്ല. സ്വപ്നയുമായുള്ള അടുപ്പം, ഒരുമിച്ചു നടത്തിയ വിദേശയാത്രകൾ, ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ദുരൂഹ ചാറ്റുകൾ തുടങ്ങിയവയ്ക്കും വ്യക്തമായ ഉത്തരം നൽകിയില്ല. ഇതിനെല്ലാമുള്ള മറുപടി സ്വപ്‌നയുടെ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകളിൽ ഉണ്ടാകുമെന്ന് കസ്റ്റംസ് കരുതുന്നു. സാഹചര്യത്തെളിവുകൾ ഉണ്ടായിട്ടും ശിവശങ്കറിനെ പ്രതിചേർക്കാതിരിക്കുന്നത്, സ്വപ്ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ശാസ്ത്രീയ തെളിവുകൾ ലഭിക്കാത്തതുകൊണ്ടാണ്. ഇന്നത്തെ പരിശോധനാഫലത്തോടെ ശിവശങ്കറിനെ കേസിൽ പ്രതിയാക്കാനുള്ള തെളിവുകൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കസ്റ്റംസിനുള്ളത്.

ശിവശങ്കർ നേരത്തെ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളിൽ അവ്യക്തതയും പൊരുത്തക്കേടുകളും ഏറെയാണ്. രണ്ടു ദിവസങ്ങളിലായി കസ്റ്റംസ് 23 മണിക്കൂർ ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് കസ്റ്റംസ് ക്ളീൻ ചിറ്റ് നൽകാതിരുന്നത് അദ്ദേഹത്തിന്റെ നില കൂടുതൽ പരുങ്ങലിലാക്കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും സന്ദീപ് നായരും പറഞ്ഞ പല കാര്യങ്ങളും ശിവശങ്കറിന്റെ മൊഴിയുമായി ഒത്തുപോകുന്നതല്ല. കസ്റ്റംസിന്റെ പല പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും അറിയില്ല,​ ഓർമ്മയില്ല എന്നിങ്ങനെയാണ് ശിവശങ്കർ നൽകിയ മറുപടി. സ്വപ്‌നയുടെ ഇടപാടുകളെയും അവരുമായുള്ള ആശയവിനിമയങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് പ്രധാനമായും ഇങ്ങനെ മറുപടി നൽകിയത്. ബോധപൂർവം വ​സ്​​തു​ത​ക​ൾ മ​റ​ച്ചു​വയ്​ക്കാനുള്ള ശ്രമമാണ് ശിവശങ്കറിന്റേതെന്ന് കസ്റ്റംസ് പറയുന്നു. ചില ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ ശിവശങ്കർ തന്നെ നേരേത്ത പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.