teen

ലക്നൗ: സംസ്ഥാന സിവിൽ സർവീസിലേക്കുളള പരീക്ഷ നടക്കവെ കോളേജ് കാമ്പസിനുളളിൽ പതിനേഴുകാരിയെ കോളേജ് വിദ്യാർത്ഥികളായ ഒരു സംഘം ബലാത്സംഗം ചെയ്തശേഷം ദൃശ്യങ്ങൾ ക്യാമറയിലാക്കി. ഉത്തർപ്രദേശിലെ ത്സാൻസി കോളേജിൽ ഞായറാഴ്ചയായിരുന്നു സംഭവം. പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. തന്റെ കൈയിലുണ്ടായിരുന്ന പണം സംഘം കൊളളയടിച്ചെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പരീക്ഷ നടക്കുന്നതിനാൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കോളേജിൽ ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഒരു കൂട്ടുകാരനെ കാണാനായാണ് പെൺകുട്ടി കോളേജിന് സമീപത്ത് എത്തിയത്. ഈസമയം അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ബലംപ്രയോഗിച്ച് കോളേജിനുളളിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഒരാൾ പീഡിപ്പിക്കുമ്പോൾ മറ്റുളളവർ ദൃശ്യങ്ങൾ ക്യാമറയിലാക്കുകയും ചെയ്തു. കരച്ചിൽ കേട്ടെത്തിയവരാണ് അവശയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് പൊലീസിന് പരാതി നൽകുകയായിരുന്നു. സംഭവം പുറത്തറിയിച്ചാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സംഘം ഭീഷണിമുഴക്കിയെന്നും പെൺകുട്ടി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടാംവർഷ ബിരുദവിദ്യാർത്ഥികളായ എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സംഘത്തിലുൾപ്പെട്ട മറ്റുളളവരും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് നേരെയുളള അതിക്രമങ്ങൾ കൂടിവരുന്നത് ഭരണത്തിന്റെ പിടിപ്പുകേടാണെന്ന് കാട്ടി പ്രതിപക്ഷം ഉൾപ്പടെയുളളവർ രംഗത്തെത്തിയിട്ടുണ്ട്.