
ഹരിപ്പാട്: കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലു കിലോ സ്വർണ്ണവും നാലു ലക്ഷം രൂപയും കവർന്ന കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും പരിചയപ്പെട്ടത് ജയിൽവച്ച്. കേസിൽ കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ മുഖ്യസൂത്രധാരൻ ഒളിവിലാണ്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽവച്ചാണ് ഒന്നാം പ്രതിയും രണ്ടാ പ്രതിയും പരിചയപ്പെട്ടത്. ഇവിടെ വെച്ചുണ്ടായ സൗഹൃദം പുറത്തിറങ്ങി നടത്തിയ വൻ കവർച്ചയിലും പങ്കാളികളാക്കി. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസിലാണ് ഒന്നാം പ്രതി ജയിലിലായത്. രണ്ടാം പ്രതിയായ ഷൈബു അയൽ വാസിയെ ചവിട്ടി കൊന്ന കേസിലാണ് ശിക്ഷ അനുഭവിച്ചത്. ഇരുവരും ജയിൽ മോചിതരായ ശേഷം ഫോണിലൂടെയാണ് പരിചയം പുതുക്കിയിരുന്നത്.
ഇതിനിടെയാണ് ചെറിയ മോഷണം കൊണ്ട് രക്ഷപെടാൻ കഴിയില്ലെന്നും. വലിയ മോഷണം നടത്തണമെന്നും തീരുമാനിച്ചത്. ഇതിനായി ഇരുവരും ചേർന്ന് കഴിഞ്ഞ മാർച്ച് മുതൽ പദ്ധതികൾ തയ്യാറാക്കി. സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും സന്ദർശിച്ച് ബാങ്കുകളുടെ പരിസരം വീക്ഷിച്ചു.
ഷൈബു ദേശീയപാതയിലൂടെയുള്ള യാത്രയിൽ കരുവാറ്റ ബാങ്കിന്റെ മുന്നലെ തിരക്ക് കണ്ടതോടെ ഒന്നാം പ്രതിയെ വിവരം അറിയിക്കുകയും ഇവിടം മോഷണത്തിനായി തിരഞ്ഞെടുക്കുകയുമായിരുന്നു. വാഹനം മോഷ്ടിക്കുന്നതിനും മറ്റ് പുറത്തു നിന്നുള്ള സഹായത്തിനുമായാണ് ഒന്നാം പ്രതിയുടെ സുഹൃത്തായ ഷിബുവിനെ കൂട്ടിയത്. ഗ്യാസ് കട്ടർ മാർത്താണ്ടം പൊയി വാങ്ങിയതും ഒമിനി വാൻ കൊല്ലത്തുനിന്നും മോഷ്ടിക്കാൻ ഒന്നാം പ്രതിയെ എത്തിച്ചതും ഷിബുവാണ്. 29ന് ബാങ്കിനുള്ളിൽ കയറിയ ഒന്നാം പ്രതിയും ഷൈബുവും മോഷണത്തിനായി ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് തുടങ്ങി. ഈ സമയം ബാങ്കിന്റെ തകർച്ച നേരിടുന്ന കെട്ടിടവും സുരക്ഷ കുറവും കണ്ട് ഒന്നാം പ്രതി ഈ ശ്രമം വെറുതെയാകുമെന്നും ഇവിടെ ഒന്നും കാണില്ലെന്നും ഷൈബുവിനോട് പറഞ്ഞിരുന്നു.
മോഷണത്തിന് പോകും മുമ്പ് സ്വർണ്ണം തൂക്കി നോക്കാനായി ഇലക്ടോണിക് വേയിംഗ് മിഷൻ ചാർജ് ചെയ്ത് വെയ്ക്കാൻ ഷൈബു ഭാര്യയെ ചുമതലപ്പെടുത്തി. 29 മുതൽ ബാങ്കിനുള്ളിൽ ലോക്കർ തകർത്ത ശേഷം പകൽ സമയം ഷൈബുവിന്റഎ വീട്ടിലാണ് ഒന്നാം പ്രതിയും കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും 31ന് രാത്രി ബാങ്കിലേക്ക് പോകുന്നതിന് മുമ്പാണ് വേയിംഗ് മിഷൻ ചാർജ്ജ് ചെയ്ത് വെയ്ക്കാൻ പറഞ്ഞത്. ഷൈബു ഹരിപ്പാടും പരിസര പ്രദേശങ്ങളിലും മത്സ്യ കച്ചവടം നടത്തി വന്നിരുന്നു. മത്സ്യം തൂക്കാനായി ഉപയോഗിച്ച വേയിംഗ് മിഷനിൽ വെച്ചാണ് ഷൈബുവിന്റെ വീട്ടിൽ വെച്ച് സ്വർണ്ണം തൂക്കി വീതം വെച്ചത്.
മോഷണത്തിനായി എത്തിയും സ്വർണ്ണവും പണവുമായി മടങ്ങിയതും കൊല്ലം കടയ്ക്കൽ ഭാഗത്തുനിന്നും മോഷ്ടിച്ച ഒമിനി വാനിലാണ്. മോഷണ ശേഷം കടയ്ക്കലിന് സമീപത്ത് മറ്റൊരു സ്ഥലത്ത് വാഹനം ഉപേക്ഷിച്ചു.ഇതിനാൽ വാഹനം മോഷണം പോയത് സംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നില്ല. ബാങ്കിൽ നിന്നും മോഷ്ടിച്ച സി.സി.ടി.വി, കമ്പ്യൂട്ടർ, ഹാർഡ് ഡിസ്‌ക് എന്നിവയും പ്രതികൾ നശിപ്പിച്ചു. ബാങ്കിന്റെ മുന്നിലെ കതകിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന ശേഷം അത് ഉള്ളിൽ നിന്നും പൂട്ടി പിന്നീടുള്ള യാത്ര ജനൽ പാളിയും അരികളും കട്ട് ചെയ്ത് അത് വഴി ആയിരുന്നു. എല്ലാം വ്യക്തമായ ആസൂത്രണത്തിലാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മുഖ്യപ്രതി മുമ്പും സമാന മോഷണ ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബാങ്കിൽ ഒറ്റയ്ക്കാണ് കവർച്ചാ ശ്രമം നടത്തിയത്. എന്നാൽ അടുത്ത ദിവസം ബാങ്ക് തുറന്നതിനാൽ ശ്രമം പരാചയപ്പെട്ടു. അവിടെയും ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ തകർക്കാൻ ശ്രമിച്ചത്. ഗ്യാസ് സിലണ്ടർ ഒറ്റയ്ക്ക് തോളിൽ കയറ്റി ബാങ്കിനുള്ളിൽ എത്തിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ആന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇത് ഉൾപ്പടെ നാലോളം മോഷണ കേസിലെ പ്രതിയാണ് ഒളിവിലുള്ളത്. ഇയാൾ കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മോഷണത്തിൽ പൊലീസിനെ അക്രമിച്ച് കടന്നു കളയാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ സഹായത്താലാണ് അറസ്റ്റ് ചെയ്തത്. അന്ന് നാട്ടുകാർ ഇയാളുടെ കൈ തല്ലി ഒടിച്ചിരുന്നു.
വീതിച്ച സ്വർണ്ണം ഷൈബു തിരുവനന്തപുരത്തുള്ള കടയിൽ വിറ്റിരുന്നു. സ്വർണ്ണം വിറ്റ പണം ഉപയോഗിച്ച് സഹോദരിയുടെ പേരിൽ 36 ലക്ഷം രൂപയ്ക്ക് വസ്തു വാങ്ങി. മോഷണ മുതൽ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഒന്നര കിലോയോളം സ്വർണ്ണം കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.