kerala-heavy-rain-

ഇടുക്കി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടമുണ്ടായി. ആലപ്പുഴ നഗരത്തിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ വീടുകൾക്ക് മുകളിൽ മരംവീണു. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിന്റെ മേൽക്കൂര തകർന്നു. നഗരത്തിൽ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കാഞ്ഞിരംകുന്നിൽ കാറ്റിലും മഴയിലും വീട് തകർന്നു . മുഹമ്മദുകുട്ടിയുടെ വീടിന്റെ മേൽക്കൂരയാണ് നിലംപതിച്ചത്. പുലർച്ചെ നാലിനായിരുന്നു ശക്തമായ കാറ്റും നാശനഷ്‌ടവും ഉണ്ടായത്. പാലക്കാട് വാളയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ രാവിലെ പതിനൊന്നിന് ഷട്ടറുകൾ ഉയർത്തുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2391.04 അടിയിൽ എത്തിയത്തോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര ജല കമ്മിഷന്റെ മാനദണ്ഡമനുസരിച്ച് 2396.85 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ടും 2397.85 ൽ എത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. സ്ഥിതിഗതികൾ സൂക്ഷ്‌മമായി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നാണ് കെ.എസ്.ഇ.ബിയും ജില്ലാ ഭരണകൂടവും പറയുന്നത്.