saumya-pandey-

ഗാസിയാബാദ്: പ്രസവിച്ച് പതിനാലാം ദിവസം കൈക്കുഞ്ഞുമായി ഓഫീസിൽ ജോലിക്കെത്തിയ ഗാസിയാബാദ് ജില്ലയിലെ കൊവിഡ് നോഡൽ ഓഫീസറും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ സൗമ്യ പാണ്ഡയെകണ്ട് അന്തം വിട്ടിരിക്കുകയാണ് സഹപ്രവർത്തകരും ജനങ്ങളും. ഇങ്ങനെയും ഒരു ഐ എ എസുകാരി ഉണ്ടാവുമോ എന്നാണ് അവർ ചോദിക്കുന്നത്.

ക്യാമ്പ് ഓഫീസുകൾ സന്ദർശിക്കുന്നതും മീറ്റിംഗുകളിൽ പങ്കെടുക്കുന്നതും കുഞ്ഞിനെയും കൈയിൽ പിടിച്ചുതന്നെ. റിസ്ക് എടുക്കേണ്ടെന്ന് കുടുംബാംഗങ്ങൾ ഉൾപ്പടെ ആവശ്യപ്പെട്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് സൗമ്യ ജോലിക്കെത്തിയത്. ജോലി​യോടുളള അർപ്പണമനോഭാവം തന്നെ ഇതി​ന് കാരണം. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ സ്വന്തംകാര്യങ്ങൾപോലും മാറ്റിവച്ച് ജോലിചെയ്യുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഞാനെങ്ങനെ മാറിനിൽക്കും എന്നാണ് സൗമ്യ ചോദിക്കുന്നത്.

ഏഴുമാസം ഗർഭി​ണി​യായി​രുന്നപ്പോഴാണ് സൗമ്യയെ ഗാസിയാബാദ് ജില്ലയിലെ കൊവിഡ് നോഡൽ ഓഫീസറായി നിയമിച്ചത്. ഒരു എതിർപ്പും കൂടാതെ അത് അംഗീകരിച്ചു. ഈ സമയം ജില്ലയിൽ ഓരോദിവസവും നൂറിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പക്ഷേ, അതൊന്നും സൗമ്യയെ പിന്തിപ്പിച്ചില്ല. ആവശ്യമായ സ്വയം സുരക്ഷ സ്വീകരിച്ച് അവർ മുന്നിട്ടിറങ്ങി. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ പോലും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിറങ്ങാൻ മടിച്ചിരുന്നപ്പോഴാണിത്. ആരോഗ്യം നോക്കണമെന്നും ലീവെടുത്ത് വീട്ടിലിരിക്കണം എന്ന് പലരും ഉപദേശിച്ചെങ്കിലും അതെല്ലാം സ്നേഹപൂർവം നിരസിക്കുകയായിരുന്നു. സെപ്തംബർ പതിനേഴിനായിരുന്നു പ്രസവം.

കൊവിഡ് നോഡൽ ഓഫീസറായി ചാർജെടുക്കുന്നതിനുമുമ്പ് ലോക്ക്ഡൗൺ കാലത്ത് കുടിയേറ്റത്തൊഴിലാളികൾക്ക് സുരക്ഷിതമായി നാട്ടിലെത്താൻവേണ്ട കാര്യങ്ങൾ ചെയ്യാനുളള ചുതതലയായിരുന്നു സൗമ്യക്ക്. ഇതിനാെപ്പം മാർക്കറ്റുകളിൽ ആവശ്യസാധനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതും കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം ശരിയായ ദിയശിലാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയും സൗമ്യക്കായിരുന്നു. പ്രശ്നങ്ങൾക്ക് ഇടയില്ലാതെ അതെല്ലാം ഭംഗിയായി ചെയ്തതോടെയാണ് നോഡൽ ഓഫീസിറുടെ ചുമതല നൽകിയത്.

2016ൽ ആൾ ഇന്ത്യാതലത്തിൽ നാലാം റാങ്കോടെയാണ് സൗമ്യ ഐ എ എസ് പരീക്ഷ വിജയിച്ചത്. പരീശീലനകാലത്തും മികവുതെളിയിച്ച സൗമ്യയെത്തേടി നിരവധി അംഗീകാരങ്ങളും എത്തിയിരുന്നു. പൊതുജനങ്ങളെ സേവിക്കുന്നതിന് സ്വന്തം കാര്യങ്ങൾ തടസമാകരുതെന്നാണ് സൗമ്യയുടെ നിലപാട്. കൈക്കുഞ്ഞുമായി ജോലിക്കെത്തി അത് മറ്റുളളവർക്ക് ഉദാഹരണസഹിതം കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ സൗമ്യക്ക് സോഷ്യൽമീഡിയയിലുൾപ്പടെ അഭിനന്ദന പ്രവാഹമാണിപ്പോൾ.