
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിൽ നിന്ന് നടിയും സിനിമയിലെ വനിതാ കൂട്ടായ്മയുടെ സജീവാംഗവുമായ പാർവതി തിരുവോത്ത് രാജിവച്ചത് സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും. രാജിക്കത്ത് ഇതുവരെ കിട്ടിയില്ലെന്നും കിട്ടിയ ശേഷം എക്സിക്യൂട്ടീവ് വിളിച്ചുചേർക്കുമെന്നും 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു 'കേരളകൗമുദി ഫ്ളാഷി"നോട് പറഞ്ഞു. അക്രമത്തിനിരയായ യുവനടിയെ കുറിച്ച് ഇടവേള ബാബു അവഹേളനാപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് പാർവതി ഇന്നലെ രാജിവച്ചത്. മോശം പരാമർശം നടത്തിയ ബാബു രാജിവയ്ക്കണമെന്നും പാർവതി ആവശ്യപ്പെട്ടിരുന്നു.
അമ്മയുടെ പ്രവർത്തനത്തിൽ മാറ്റംവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായും നടി പറഞ്ഞു. അമ്മ നിർമ്മിക്കാൻ ആലോചിക്കുന്ന ട്വന്റി ട്വന്റി സിനിമയുടെ രണ്ടാം ഭാഗത്തിൽ, അക്രമത്തിനിരയായ നടിക്ക് വേഷമുണ്ടാകില്ലെന്ന് ഒരു അഭിമുഖത്തിൽ ബാബു സംസാരിച്ചതാണ് പാർവതിയെ പ്രകോപിപ്പിച്ചത്. അമ്മ നിർമിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണ് പുതിയ സിനിമയെങ്കിൽ, പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നൽകിയ മറുപടിയിൽ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നും പാർവതി പറയുന്നു.
പാർവതിയുടെ രാജിക്കത്ത് സ്വീകരിക്കുന്ന കാര്യം തനിക്ക് ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയുന്നതല്ല. എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർത്ത് രാജി അംഗീകരിക്കണോയെന്ന് തീരുമാനിക്കും. ഇതിനായി ഉടൻ തന്നെ എക്സിക്യുട്ടീവ് യോഗം വിളിക്കുന്നത് പ്രസിഡന്റ് മോഹൻലാലുമായി ചർച്ച ചെയ്യും. പാർവതിയുടെ ആരോപണത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും ഇടവേള ബാബു പറഞ്ഞു.
അതിനിടെ, പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാമേഖലയിലുള്ളവർ രംഗത്ത് വന്നിട്ടുണ്ട്.
ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടതെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ 'എക്സ്ട്രാനടന്റെ' 'കളിതമാശ'യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർവതി രാജിവച്ചതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലെന്നതു പോലെ സംഘടനയിൽ ഇല്ലാത്തയാളെ അഭിനയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് രാജിവയ്ക്കാൻ കാരണമെന്നും ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് സിനിമ നിർമ്മിക്കുന്നവരല്ലേയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.