
കൊച്ചി: ലൈഫ് മിഷൻ പദ്ധതിക്കെതിരെ ഉയർന്ന അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിണറായി സർക്കാരിന് ആശ്വാസമേകും. സർക്കാരിന്റെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സ്‌റ്റ് അനുവദിച്ചിരിക്കുന്നത്. രണ്ട് മാസത്തിനു ശേഷം കേസ് പരിഗണിക്കും.
എന്നാൽ, യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തിൽ സിബിഐയ്‌ക്ക് മുന്നോട്ടു പോകാമെന്ന കോടതി വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമം (എഫ് സി ആർ എ) ലംഘിക്കപ്പെട്ടു എന്നതിന് സംസ്ഥാന സർക്കാരിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലാത്തതുകൊണ്ടാണ് സ്‌റ്റേ അനുവദിച്ചതെന്നാണ് സൂചന.
വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് പണം സ്വീകരിച്ചെന്ന കേസിനെതിരെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്. യു.എ.ഇ റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലെ ധാരണാപത്രത്തിന്റെയടിസ്ഥാനത്തിൽ വടക്കാഞ്ചേരിയിൽ വീടുകളും ഹെൽത്ത് സെന്ററുകളും നിർമ്മിക്കുന്ന പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. സംസ്ഥാന സർക്കാരോ ഉദ്യോഗസ്ഥരോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്ന വാദമാണ് ലൈഫ് മിഷൻ സി.ഇ.ഒ ഉന്നയിച്ചത്.
ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി ബി.ഐ യുടെ വാദം. ലൈഫ് മിഷനുവേണ്ടി സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഹാജരായത്. നിർമാണക്കരാർ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നൽകിയ അനിൽ അക്കര എം. എൽ.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹർജി ഉത്തരവ് പറയാൻ മാറ്റിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടയിൽ ലൈഫ് മിഷന്റെ ഹർജിയെ ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് എന്ന മാദ്ധ്യമപ്രവർത്തകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.