
മലയാളകവിതയ്ക്ക് ഭാവുകത്വത്തിന്റെ പുതിയ പ്രകാശം സമ്മാനിച്ച കവിയാണ് ഏഴാച്ചേരി രാമചന്ദ്രൻ. കേരളകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കവിതയുൾപ്പെടെയുള്ള കാവ്യസമാഹാരത്തിനാണ് ഇത്തവണത്തെ വയലാർ പുരസ്കാരം കവിയുടെ അരികിലെത്തിച്ചത്. വയലാറിന്റെ ജീവിതവുമായി വലിയ ആത്മബന്ധം കൂടിയുണ്ട് ഏഴാച്ചേരിയുടെ കാവ്യജീവിതത്തിന്. അദ്ദേഹവുമായുള്ള സംഭാഷണം...
മലയാളകവിതയുടെ ഭാവുകത്വ നവീകരണ ഘട്ടത്തിൽ പുത്തൻപദച്ചേരുവകളും ഉജ്ജ്വലമായ ആശയപ്രപഞ്ചവും കരകമലങ്ങളിൽ വച്ചുനീട്ടി നിൽക്കുന്ന കാവ്യപ്രതിഭയാണ് ഏഴാച്ചേരി രാമചന്ദ്രൻ. കയ്യൂർ, അകലെയെങ്ങോ ഇടിമുഴക്കം, മഴവരയ്ക്കുന്ന ഗുഹാചിത്രങ്ങൾ, ക്ഷീരപുരിയിലെ സന്യാസിനികൾ എന്നിവയിലൂടെ തുടങ്ങി ഇപ്പോഴിതാ വയലാർ അവാർഡെന്ന കനക കിരീടം ചാർത്തി നിൽക്കുന്ന  'ഒരു വെർജീനിയൻ വെയിൽക്കാലം" വരെ നാൽപതിലധികം പുസ്തകങ്ങൾ രചിച്ചു കഴിഞ്ഞിരിക്കുന്നു കവി. ഉച്ചസൂര്യന്റെ ഉഷ്ണവേഗവും ഇളനിലാവിന്റെ ശീതഗീതവും ഇഴചേർന്നതാണ് ഏഴാച്ചേരിക്കവിത. കവിയോടൊപ്പം സംസാരിക്കുന്നത് മുന്തിരിത്തടാകത്തിൽ നീന്തുന്നതുപോലെയാണ്. സമയം ചെല്ലുന്തോറും നിത്യനിർവൃതിയുടെ നിതാന്തലഹരി. അദ്ദേഹത്തോട് ഇപ്പോഴത്തെ സാമൂഹിക സാഹചര്യം കണക്കിലെടുത്ത്  പത്തോ പതിനഞ്ചോ മിനിട്ട് കൊണ്ട് നാലോ അഞ്ചോ ചോദ്യങ്ങൾ ചോദിച്ച് പെട്ടെന്നിറങ്ങാം എന്ന് വിചാരിച്ചാണ് പോയത്. പ്രഭാത രശ്മികൾ പൊടിമണ്ണിൽ കവിത എഴുതുന്ന സമയത്താണ് ഗേറ്റു തുറന്ന് അകത്തു കയറിയത്. അകത്തു നിന്ന് അഭിനന്ദന പ്രവാഹങ്ങൾക്ക് മറുപടി പറയുന്ന വാത്സല്യവചസ്സായ കവിയുടെ രുദ്രകുമാരസ്വരം കേൾക്കാം. പതിയെ കോളിംഗ്ബെല്ലമർത്തി 'മനസി"ന്റെ (ഏഴാച്ചേരിയുടെ വീട്ടുപേര്) വാതിൽ കവി മലർക്കെ തുറന്നു തന്നു.
വയലാർ അവാർഡ് ലഭിച്ചതറിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ്മയിലേക്ക് വന്ന ഒരു വയലാർ അനുഭവം പറയാമോ?
ദേശാഭിമാനിയുടെ ആലപ്പുഴ ലേഖകനായിരുന്ന കാലം. ഒരു ദിവസം രാവിലെ ഒരു ഫോൺ. ''എടോ... താനെവിടെയാ? തനിക്ക് നാണമില്ലല്ലോ പത്രക്കാരനെന്നു പറഞ്ഞു നടക്കാൻ, പോരാത്തതിന് കവിയുമാണ്. എന്നിട്ടാണിങ്ങനെ. വയലാർ രാമവർമ്മ രക്തം ഛർദ്ദിച്ച് ചേർത്തല ഗ്രീൻഗാർഡൻസ് ആശുപത്രിയിൽ കിടക്കുകയാണ് താനറിഞ്ഞോ?""ചീഫ് എഡിറ്റർ പി. ഗോവിന്ദപ്പിള്ളയാണ്. തിരിച്ചൊന്നും പറയാൻ വയ്യ. പെട്ടെന്ന് പുറപ്പെട്ടു. ആശുപത്രിയിലെത്തിയപ്പോഴേക്കും അദ്ദേഹത്തെ അനന്തരചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടു പോയിരുന്നു. അന്നു തിരികെയെത്തി വയലാറിന്റെ കാവ്യസംഭാവനകളെയും അപ്പോഴത്തെ രോഗാവസ്ഥയെയും ഒക്കെ മനസിൽ വച്ച് ഒരു സ്റ്റോറി എഴുതി പിറ്റേന്നത്തെ പത്രത്തിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
വയലാറിന്റെ ചരമദിനത്തിൽ അവിടെയുണ്ടായിരുന്ന താങ്കളുടെ അപ്പോഴത്തെ മാനസിക അവസ്ഥ എന്തായിരുന്നു?
ഒരു ദിവസം രാവിലെ പാലു വാങ്ങാൻ പോകുമ്പോൾ ഹോട്ടലിൽ നിന്നാണ് വയലാറിന്റെ മരണവാർത്ത അറിയുന്നത്. വളരെ വേഗം പുറപ്പെട്ടു. ബസിലാണ് യാത്ര, ഫോട്ടോഗ്രാഫർ ജോർജുമുണ്ട്. അവിടെയെത്തുമ്പോൾ വയലാറിന്റെ മൃതശരീരം ഏറ്റുവാങ്ങുന്ന മേദുര ദീർഘകായനായ ടി.വി.തോമസ്, നിറഞ്ഞ കണ്ണുമായി കൈകൾ നീട്ടിക്കൊണ്ട് എ.കെ.ജി, വലിയ നേതാക്കന്മാർ, പ്രതിഭാധനന്മാരായ എഴുത്തുകാർ, കർഷകത്തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ, എല്ലാ തുറയിലുംപെട്ട ആളുകൾ തിങ്ങി നിറഞ്ഞ ജനസമൂഹം. ഇതുപോലൊരു ചരമവും വിലാപയാത്രയും അതിനു മുമ്പും ശേഷവും മലയാളക്കര കണ്ടിട്ടില്ല. കന്യാസ്ത്രീകളടക്കം വയലാർക്കവിതകളെയും ഗാനങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു വലിയ ജനസംസദി നിറഞ്ഞു നിൽക്കുന്ന, കേരളം കണ്ണീരൊഴുക്കുന്ന കദനദിനം ഒരിക്കലും മറക്കാനാവില്ല. വയലാറിന്റെ മൂത്തമകൾ ഇന്ദുലേഖ അദ്ദേഹത്തിന്റെ  മൃതശരീരത്തിൽ തലവച്ച്  ഉറക്കെ കരയുന്നു. വിതുമ്പിക്കൊണ്ട് എന്തൊക്കെയോ പരിഭവം പറയുന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച.

വയലാറിനെ ആദ്യമായി കണ്ട രംഗം?
എന്റെ ഗ്രാമത്തിലുള്ള നാഷണൽ ലൈബ്രറി, എന്നെ ഞാനാക്കിയ ലൈബ്രറി. അവിടത്തെ വാർഷികത്തിന് ഏറ്റവും പുറകിലത്തെ ഇരിപ്പിടത്തിൽ ഇരിക്കുകുമ്പോൾ എന്നെ ആദ്യമായി അക്ഷരം എഴുതിച്ച  വി.എസ്.നീലകണ്ഠൻ സാറ് പുറകിൽ തട്ടി വിളിച്ചു,''എടാ ആ പ്രസംഗിക്കുന്നതാരെന്നറിയാമോ വയലാർ. മുഴുവൻ കേട്ടു പഠിച്ചോണം."" കേട്ടു പക്ഷേ ഒന്നും മനസിലായില്ല. പിന്നീട് ഏഴാം ക്ലാസിലെത്തിയപ്പോഴേക്കും വയലാറിനെ നന്നായി മനസിലാക്കിക്കഴിഞ്ഞിരുന്നു. ഹൈസ്കൂൾ പഠന കാലത്ത് സാഹിത്യസമാജം സെക്രട്ടറിയായി മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ ജയിച്ചു. ആനിവേഴ്സറിക്ക് ഉദ്ഘാടകനായി വയലാറിനെ കൊണ്ടു വരാമെന്നതായിരുന്നു ഞാൻ കൊടുത്ത വാഗ്ദാനം. അത് ഞാൻ പാലിച്ചു. വയലാർ വന്നു. ഒന്നര മണിക്കൂറോളം ഗംഭീരമായി പ്രസംഗിച്ചു. തിരിച്ചു പോകുമ്പോൾ എന്നോട് ചോദിച്ചു, ''ഇയാൾ എന്നെക്കുറിച്ച് നല്ല വർത്തമാനമൊക്കെ പറഞ്ഞല്ലോ. നല്ല ഭാഷയാണല്ലോ... കവിതയെഴുതുമോ?"" ഞാൻ പറഞ്ഞു, ''ചെറുതായിട്ടൊക്കെ."" ''കൊള്ളാം നന്നായി വരും."" ആ അനുഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് ഈ പുരസ്കാരം.
നാട്ടുകാരുടെ ചന്ദ്രൻ ഏഴാച്ചേരി രാമചന്ദ്രനായതെങ്ങനെ എന്നതിന്റെ ഉത്തരം കിട്ടുന്നത് പഴയ ഒരു സെക്കൻഡ് ലാംഗ്വേജ് ക്ലാസിൽ നിന്നാകും അല്ലേ? ഒന്നോർത്തെടുക്കാമോ?
പാലാ കോളേജിൽ എന്റെ മലയാളം അദ്ധ്യാപകനായിരുന്ന ഫാ. ജോൺമറ്റം ആണ് അങ്ങനെ ആദ്യം വിളിച്ചത്. അദ്ദേഹം 'ധർമ്മരാജ" പഠിപ്പിച്ചു കൊണ്ടിരിക്കെ പലരോടായി വായിക്കാൻ പറയും.  എന്നിട്ടു പേര് ചോദിക്കും ''നിന്റെ പേരെന്തെടാ?""  'ജോസഫ്" ''വീടെവിടെ?"" 'വഞ്ചിമല". ''ശരി നീ വഞ്ചിമല ജോസഫ്"". എന്നോട് വായിക്കാൻ പറഞ്ഞു. ഞാൻ നന്നായി വായിച്ചു. ''നിന്റെ പേര്?""  'രാമചന്ദ്രൻ'. ''എവിടെ വീട്?"" 'ഏഴാച്ചേരിയിൽ". ''ശരി ഇന്നു മുതൽ നീ ഏഴാച്ചേരി രാമചന്ദ്രൻ"". അദ്ദേഹമാണ് നല്ലൊരു പ്രഭാഷകനായിത്തീരാൻ സാദ്ധ്യതയുള്ളവനാണ് എന്ന് എന്നോട് ആദ്യമായി പറയുന്നത്. അതൊരു അനുഗ്രഹമായിരുന്നില്ല. വരം തന്നെയായിരുന്നു.
പടപ്പാട്ടുകാരൻ എന്ന വിശേഷണം കാവ്യജീവിതത്തെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുളളത്?
വയലാർ അവാർഡ് പ്രഖ്യാപിച്ചതിന്റെ അടുത്ത നിമിഷം മുതൽ ദാ ഈ നിമിഷം വരെ ഏതാണ്ട് മുന്നൂറിലധികം ഫോൺ കോളുകൾ. കേരളത്തിന്റെ പല ഭാഗത്തു നിന്ന്. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ഇതൊക്കെ പടപ്പാട്ടുകാരനായിരുന്നതിന്റെ പേരിൽ ലഭിച്ച സ്നേഹമാണ്. പ്രസംഗകനായതിന്റെ പേരിൽ; നീലി, കാവടിച്ചിന്ത് പോലെയുള്ള നല്ല കവിതകൾ എഴുതിയതിന്റെ പേരിൽ കിട്ടുന്ന ആദരവും സ്നേഹവുമാണ്. അതുകൊണ്ടു തന്നെ പടപ്പാട്ടുകാരനായതിന്റെ പേരിൽ ആത്മാവു കൊണ്ട് ആനന്ദിക്കുന്നു.
കേരളകൗമുദിയുമായുള്ള കാവ്യസാഹോദര്യം എങ്ങനെയായിരുന്നു?
ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോയിൽ ഉദ്യോഗസ്ഥനായി വരുമ്പോഴാണ് കേരളകൗമുദിയുമായുള്ള ബന്ധം ദൃഢമാകുന്നത്. എന്റെ നല്ല കവിതകളിൽ ചിലത് കേരളകൗമുദിയിലാണ് പ്രസിദ്ധീകരിച്ചത്. കേരള കൗമുദി ഓണപ്പതിപ്പിലാണ് 'ഒരു വെർജീനിയൻ വെയിൽക്കാലം" എന്ന കവിത പ്രസിദ്ധീകരിച്ചുവന്നത്. അങ്ങനെ വല്ലാത്ത ഒരു ഹൃദയബന്ധം കേരളകൗമുദിയുമായുണ്ട്.
ഏഴാച്ചേരി മലയാള കവിതയിലെ ദ്രാവിഡപ്പെരുമാളാണെന്ന് പറഞ്ഞാൽ നിഷേധിക്കുമോ?
ഒരിക്കലുമില്ല, പെരുമാളാണോ അല്ലയോ അതറിയില്ല. പക്ഷേ ഞാൻ തികച്ചും ദ്രാവിഡനാണ്; കാരണം എന്റെ കവിതയിൽ ഞാനറിഞ്ഞും അറിയാതെയും ദ്രാവിഡരുടെ ജീവിത മൂർത്തിയായ ശിവനും ശിവകുടുംബവും കടന്നു വരാറുണ്ട്. ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിന്റെ പ്രഥമമായ ഉദാഹരണമാണ് ശിവൻ. ഗൃഹസങ്കല്പത്തിന്റെ ഉദാത്ത മാതൃകയാണ് കൈലാസം. ഭർത്താവിനോട് വഴക്കിടുകയും കുടുംബത്തിന്റെ ശാശ്വത സന്തുലിതാവസ്ഥയ്ക്കായി പണിപ്പെടുകയും ചെയ്യുന്ന ഇന്ത്യൻ സ്ത്രീത്വത്തിന്റെ പ്രതിനിധിയാണ് പാർവതി. സാധാരണക്കാരന്റെ ദൈവമാണ് ശിവൻ എന്നതിനാലാണ് ശ്രീനാരായണഗുരുദേവൻ നെയ്യാറിൽ മുങ്ങി നിവരുമ്പോൾ  കൈയിലെടുത്തിരുന്ന ശിലയെ ശിവൻ എന്നു പറഞ്ഞത്. സാധാരണക്കാരനു വേണ്ടി ആത്മീയ സമരം ചെയ്ത ഗുരുവിന്റെ മനസിൽ ദ്രാവിഡ ഡമരുവാണ് മുഴങ്ങിയിരുന്നത്. കവികളുടെ കവിയായ ഗുരുവിന്റെ വഴിയേയാണ് എന്റെ കവിതയുടെയും സഞ്ചാരം.

വയലാർ അവാർഡിനർഹമായ 'ഒരു വെർജീനിയൻ വെയിൽ ക്കാല"ത്തിന്റെ രചനയെപ്പറ്റി?
മകൾ സകുടുംബം അമേരിക്കയിലാണ് താമസം. അവളുടെ കൂടെ അവിടെ താമസിക്കുന്ന സമയത്താണ് ഇതെഴുതുന്നത്. പകൽ ധാരാളം സമയമുണ്ടല്ലോ. അവിടുത്തെ ജീവിതം സമ്മാനിച്ചതാണ് ഈ പുസ്തകം. റിച്ച് മോണ്ടിലെ താമസമാണ് ഈ കൃതിയുടെ പിറവിക്ക് ഹേതു. മുറിയിലിരുന്ന് നേരെ നോക്കിയാൽ അന്തോണീസ് പുണ്യാളന്റെ പള്ളി കാണാം. അങ്ങനെ അവിടുത്തെ പെരുന്നാളു വന്നു. അവിടെ പെരുന്നാളു കണ്ട് മധുരം നുണഞ്ഞു നടക്കുമ്പോൾ എനിക്കു തോന്നി സന്ന്യാസചിത്തനായ ഖലീൽജിബ്രാനും നിരന്തരകാമുകനായ സോളമനും പള്ളി മുറ്റത്ത് വച്ച് കണ്ടാൽ എങ്ങനെയായിരിക്കും. അവർ തമ്മിൽ എന്തൊക്കെയായിരിക്കും സംസാരിക്കുക. അവരുടെ സർഗസംയോഗം ഭാവനയിൽ കാണാൻ ശ്രമിച്ചതാണ്  ഒരു 'വെർജീനിയൻ വെയിൽക്കാലം" എന്ന കവിത.
വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി , പുതുശ്ശേരി, തിരുനല്ലൂർ, പുനലൂർ ബാലൻ തുടങ്ങി അരുണപരമ്പരയിൽ ഒരു കണ്ണിയാണ് ഏഴാച്ചേരിയും എന്നു പറയുന്നത് ശരിയല്ലേ?
അവരൊക്കെ എന്നെക്കാൾ എത്രയോ വലിയ കാവ്യപ്രതിഭകളാണ്. അവരുടെ അടുത്ത് നിൽക്കാനുള്ള വചോബലം എനിക്കില്ല, എന്നാൽ അവരുടെ ആശയങ്ങളും ആവിഷ്ക്കാര പടുത്വവും  എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ ചേരിയിൽ; എന്നു പറഞ്ഞാൽ പാവപ്പെട്ടവരുടെ; ഏഴകളുടെ ചേരിയിലാണ് ഞാൻ എന്നു പറയുന്നതിൽ അസത്യമൊന്നുമില്ല.
അനുമോദിച്ചുകൊണ്ട് ധാരാളം ഫോൺകോൾ വന്നല്ലോ. എടുത്ത് പറയത്തക്ക രണ്ടുമൂന്നെണ്ണം പറയാമോ?
മലയാളത്തിന്റെ വജ്രവചസായ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഹൃദയത്തിലേറ്റിയ ചെറുകാടിന്റെ മകൻ കെ.പി.രമണൻ വിളിച്ചു. ചെറുകാട് കുടുംബത്തിന്റെ മുഴുവൻ ആശംസകളും അറിയിച്ചു. മഹാകവി ഒ.എൻ.വിയുടെ  പത്നി സരോജിനി ടീച്ചർ, കവി നീലമ്പേരൂർ മധുസൂദനൻ നായർ, നോവലിസ്റ്റ് പി.വി.കെ. പനയാൽ, വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്, സാഹിത്യനിരൂപക ഡോ. എസ്. ശ്രീദേവി തുടങ്ങിയവർ. എം.ടി, സി.രാധാകൃഷ്ണൻ, സുഗതകുമാരി ടീച്ചർ എന്നിവരുടെ ആശിർവാദ ബലവും എന്റെ രചനാ ജീവിതത്തിലെ മഹാഭാഗ്യമായി ഞാൻ കരുതുന്നു.
അടിമുടി കേരളീയനായ, വ്രതവിശുദ്ധമായ വാക്കുകൾ കൊണ്ട് കൈരളിയെ ആദരിച്ച  ഈ കവി വയലാർ അവാർഡ് ഏറ്റുവാങ്ങുന്ന സന്ദർഭത്തിൽ കവിയെക്കാൾ സന്തോഷിക്കുന്നത് ലോകം മുഴുവനുമുള്ള കാവ്യാസ്വാദകരായിരിക്കും. ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കവിതയിൽ കവി പറയുന്നതുപോലെ :
''പാണന്റെ ഭാഷ തിരിച്ചറിയപ്പെടും
ഭൂമണ്ഡലം തിരിയുവോളം.""
(ലേഖകന്റെ ഫോൺ : 9544465542)