
ഗുവാഹത്തി: കഴിഞ്ഞ ദിവസം ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ശക്തമായ ഒരു സമരം നടന്നു. ആഹാരമായി ബീഫ് നൽകുന്നതിനെ എതിർത്ത് ബിജെപിയുടെ നേതൃത്വത്തിലായിരുന്നു സമരം. ബിജെപിയുടെ സംസ്ഥാനത്തെ കരുത്തനായ നേതാവ് സത്യ രഞ്‌ജൻ ബോറയുടെ നേതൃത്വത്തിലാണ് ഈ സമരം നടന്നത്. സംഭവം സത്യമായിരുന്നു ആഹാരമായി നൽകിയത് ബീഫ് ആയിരുന്നു. പക്ഷെ മനുഷ്യർക്കായിരുന്നില്ല എന്ന് മാത്രം. കടുവകൾക്കാണ് അവ നൽകിയത്. ഗുവാഹത്തി മൃഗശാലയിലെ കടുവകൾക്ക് നൽകാനുളള ആഹാരമായ ബീഫ് കയറ്റി വന്ന വാഹനം ബോറയുടെ നേതൃത്വത്തിലെ പ്രവർത്തകർ കടത്തിവിട്ടില്ല. തുടർന്ന് തർക്കമായി. ഒടുവിൽ പൊലീസിനെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കേണ്ടി വന്നു മൃഗശാല അധികൃതർക്ക്. പശുഹത്യ തടയണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി സമരക്കാർ.
'നാം ഹിന്ദുക്കൾ പശുക്കൾക്ക് സംരക്ഷണം നൽകുന്നതിൽ ശ്രദ്ധിക്കുന്നവരാണ്. എന്നാൽ സർക്കാർ മൃഗശാലയിലെ ജന്തുക്കൾക്ക് ആഹാരമായി ബീഫ് നൽകുകയാണ്. എന്തിനാണ് ബീഫ് നൽകുന്നത്? ഇവിടെ മറ്റ് മാംസം ലഭിക്കില്ലേ?' ബോറ സമരത്തിനിടെ ചോദിച്ചു. പശുവിനെ കൊല്ലാതെ തന്നെ പ്രശ്‌നം പരിഹരിക്കാൻ ബോറ വഴിയും പറഞ്ഞുതന്നു. മൃഗശാലയിലെ മാനുകളുടെ എണ്ണം വല്ലാതെ കൂടുതലാണ്. കടുവയ്‌ക്കും പുലിയ്‌ക്കും മൃഗശാലയിലെ മ്ളാവിന്റെ മാംസം നൽകിയാൽ മതിയെന്നാണ് ബോറ നൽകുന്ന ഉപദേശം. എന്നാൽ കേന്ദ്ര മൃഗശാല അതോറിറ്റി പറയുന്നതനുസരിച്ചാണ് മൃഗശാലയിലെ ജീവികൾക്ക് ആഹാരം നൽകുന്നതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. മൃഗശാലയിലെ ജന്തുക്കളുടെ മാംസം കടുവയ്‌ക്കും മറ്റും നൽകാൻ നിയമം അനുവദിക്കുന്നില്ലയെന്നും ഗുവാഹത്തി മൃഗശാല അധികൃതർ അറിയിച്ചു.