
കോമിക്ക് കാർട്ടൂണുകളും സ്ട്രിപ്പ് കാർട്ടൂണുകളും ഗ്രാഫിക് നോവലുകളും അനിമേഷനുകളും തുടങ്ങി പരസ്യങ്ങളിൽ വരെ കാർട്ടൂണുകൾക്ക് സ്ഥാനം ഉണ്ടെങ്കിലും മാദ്ധ്യമചരിത്രത്തിൽ കാർട്ടൂണുകൾ എക്കാലത്തും ചർച്ചയായിട്ടുള്ളത് ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്ന രാഷ്ട്രീയ കാർട്ടൂണുകളിലൂടെയാണ്. ആക്ഷേപഹാസ്യമാണ് രാഷ്ട്രീയ കാർട്ടൂണുകളുടെ പൊതുവായ സ്വഭാവം.സാമൂഹ്യനന്മ ലക്ഷ്യമാക്കുന്നതിനൊപ്പം തന്നെ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും നടക്കുന്ന അനീതികൾ ജനമനസ്സിൽ തട്ടുംവിധം അറിയിക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ദിനപ്പത്രങ്ങളിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ ലക്ഷ്യം. നർമ്മം പൊതിഞ്ഞ് അവതരിപ്പിക്കുന്നതിനാൽ രാഷ്ട്രീയ കാർട്ടൂണുകൾക്ക് ജനപ്രീതി നേടാനുമാകുന്നു.
കയ്‌പ്പുള്ള ഗുളികകൾ മധുരത്തിൽ പൊതിഞ്ഞുനൽകുന്നതുപോലെയാണ് രാഷ്ട്രീയ കാർട്ടൂണിലെ ചിരി.അത് സന്തോഷത്തിന്റെ ചിരിയല്ല.സഹനത്തിന്റെ, വേദനയുടെ, അടിച്ചമർത്തലിന്റെ, ചൂഷണത്തിന്റെ എല്ലാം വേദനകൾ ആ ചിരിക്കുപിന്നിൽ മറഞ്ഞിരിപ്പുണ്ട്.യുദ്ധക്കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന പിഞ്ചുബാലന്റെ ഭക്ഷണപാത്രത്തിലേക്ക് തളർന്ന് അവശനായ പീരങ്കി കഴുത്തു നീട്ടുന്ന ഒ.വി വിജയന്റെ കാർട്ടൂൺ നമ്മളെ ചിരിപ്പിക്കണമെന്നില്ല. പക്ഷേ യുദ്ധത്തിന്റെ ഭീകരതയും ഇരകളുടെ നിസ്സഹായാവസ്ഥയും അതു തുറന്നുകാട്ടുന്നു.
കാർട്ടൂൺ വരച്ചതുകൊണ്ട് മാത്രം ഒരഴിമതിയും അനീതിയും ഇല്ലാതാകില്ല.എങ്കിലും ജനതയുടെ പ്രതികരണവും പ്രതിഷേധവുമാണ് ഓരോ രാഷ്ട്രീയ കാർട്ടൂണും. ശക്തനായ പൂച്ചയ്‌ക്കെതിരെ ദുർബലനായ എലിയ്ക്ക് യഥാർത്ഥജീവിതത്തിൽ ജയിക്കാനാവില്ലെന്ന് നമുക്കറിയാം. എങ്കിലും ടോം ആന്റ് ജെറി കാർട്ടൂണുകളിൽ എലിയുടെ വിജയത്തിൽ നമ്മൾ ആനന്ദം കൊള്ളുന്നു. തിന്മ മേൽക്കോയ്‌മ നേടുന്ന സമൂഹത്തിൽ തിന്മക്കെതിരെ നന്മ നേടുന്ന വിജയമാണ് എല്ലാ കാർട്ടൂണുകളുടേയും കാതൽ.
ഏത് മുന്നണി ഭരിച്ചാലും രാഷ്ട്രീയ കാർട്ടൂണിസ്റ്റ് പ്രതിപക്ഷത്താണ്. ഭരണകൂടത്തിന്റെ നയങ്ങളിൽ ജനവിരുദ്ധമായതെന്തോ അതിനെ ജനപക്ഷത്തുനിന്ന് വിമർശിക്കുകയാണ് കാർട്ടൂണിസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കാർട്ടൂണിസ്റ്റിന് കക്ഷിരാഷ്ട്രീയമില്ല.ചർച്ച ചെയ്യപ്പെടുന്ന ഏത് രാഷ്ട്രീയ കാർട്ടൂണിലും ജനതയുടെ പ്രതിഷേധത്തിന്റെ മൂർച്ചയുണ്ടായിരിക്കും. കാലം രാഷ്ട്രീയകാർട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങൾക്കനുസരിച്ച് വരക്കുന്ന കാർട്ടൂണിന്റെ പശ്ചാത്തലം അഞ്ചോപത്തോവർഷങ്ങൾക്കുശേഷം കാർട്ടൂൺ കാണുന്ന വായനക്കാരന് മനസ്സിലാകണമെന്നില്ല.പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്.അടിയന്തരാവസ്ഥക്കാലത്ത് അബു അബ്രഹാം വരച്ച ബാത്ത്ടബ്ബിൽ കിടന്ന് ഓർഡിനൻസ് ഒപ്പിടുന്ന രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കാർട്ടൂൺ ഉദാഹരണം.ചരിത്രത്തെ രേഖപ്പെടുത്തുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അത്തരം കാർട്ടൂണുകൾ വരക്കുക എന്നത് ഏതു കാർട്ടൂണിസ്റ്റിനും വെല്ലുവിളിയാണ്.
Cast your vote here എന്നതിനുപകരം Vote your cast here എന്നെഴുതിയ ബാലറ്റ് ബോക്‌സിനടുത്തേക്ക് പോകുന്ന ഇന്ത്യൻ പൗരനെ ചിത്രീകരിച്ച് വർഷങ്ങൾക്ക് മുൻപ് അബു എബ്രഹാം വരച്ച കാർട്ടൂൺ ഇന്നും പ്രസക്തമാണ്. തിരഞ്ഞെടുപ്പുകളിൽ ജാതിരാഷ്ട്രീയം കൊടികുത്തിവാഴുന്നിടത്തോളം കാലം ആ കാർട്ടൂൺ നിലനിൽക്കും.
മാറിമാറി വരുന്ന വാർത്തകൾക്കനുസരിച്ച് കാർട്ടൂണുകൾ രൂപപ്പെടുത്തുക എന്നത് ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.ഒരു ദിവസം ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരിക്കും അന്നത്തെ കാർട്ടൂണിനായി തെരഞ്ഞെടുക്കുന്നത്.ഈ വിഷയത്തെക്കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും പഠിക്കുകയാണ് ആദ്യം വേണ്ടത്.എല്ലാ വാർത്തകൾക്കും ഒരു മറുവശം ഉണ്ടായിരിക്കുമല്ലോ. വരക്കാനുദ്ദേശിക്കുന്ന വാർത്തയെ നർമ്മഭാവന കലർന്ന മറ്റൊരു വീക്ഷണകോണിലൂടെ അവലോകനം ചെയ്യുകയാണ് ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റ് ചെയ്യുന്നത്. മനസിൽ നടക്കുന്ന ഇത്തരം അവലോകനങ്ങൾക്കും ചിന്തകൾക്കും ഒടുവിൽ കാർട്ടൂണിസ്റ്റിന് വരക്കാൻ ഉദ്ദേശിക്കുന്ന കാർട്ടൂണിന്റെ കഥാപാത്രങ്ങൾ, പശ്ചാത്തലം, സംഭാഷണം, തലക്കെട്ട് എന്നിവയെല്ലാം മനസിൽ രൂപപ്പെടുത്താനാകും. പൂർണമായും മനസിൽ രൂപപ്പെടുത്തിയ ആശയമാണ് കടലാസിലേക്ക് പകർത്തുന്നത്. ചിത്രരചനയിൽ കഥാപാത്രങ്ങളുടെ ഭാവത്തിനും അതിശയോക്തി കലർന്ന ചലനങ്ങൾക്കും പ്രാധാന്യം നൽകുന്നു.
സന്ദർഭോചിതമായി കടന്നുവരുന്ന ഓർമ്മകളാണ് ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റിന്റെ വിജയം. എല്ലാ വായനക്കാരന്റെ മനസിലും താൻ കണ്ടതും കേട്ടതും അനുഭവിച്ചതും വായിച്ചറിഞ്ഞതുമായ കാര്യങ്ങളുടെ ഒരു ഫയൽ ഉണ്ടായിരിക്കും.അതിൽ പഴഞ്ചൊല്ലുകൾ, പഴങ്കഥകൾ, സിനിമാഗാനങ്ങൾ, പരസ്യങ്ങൾ അങ്ങനെ എന്തുമുണ്ടാകാം. ഈ ഫയലുമായി നിലവിലുളള രാഷ്ട്രീയ സന്ദർഭത്തെ ചേർക്കുകയാണ് ഇന്ന് ജനപ്രിയ കാർട്ടൂണിസ്റ്റുകൾ പിന്തുടരുന്ന ഒരു രചനാരീതി. ആശയവിനിമയം എളുപ്പമുളളതാക്കാൻ ഇതിലൂടെ സാധിക്കുന്നു. പക്ഷെ കാർട്ടൂണിൽ തമാശയോ പരിഹാസമോ മാത്രം മുന്നിട്ടുനിന്നതുകൊണ്ട് കാര്യമില്ല.വരയും ആശയവും ചിരിയും ചിന്തയും വിമർശനവും ഹാസ്യവും എല്ലാം ചേരും പടി ചേരുന്ന കാർട്ടൂണുകൾക്ക് മാത്രമേ വായനക്കാരന്റെ മനസിൽ ഇടം നേടാനാവൂ.
ദിനപ്പത്രങ്ങളിലോ സാമൂഹ്യമാദ്ധ്യമങ്ങളിലോ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ കാർട്ടൂണുകൾക്ക് പലവിധത്തിലുള്ള എതിർപ്പുകളും നേരിടേണ്ടിവരാറുണ്ട്. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന ജനാധിപത്യവ്യവസ്ഥയിൽ മാത്രമേ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾക്ക് സ്വതന്ത്രമായി വരക്കാനാകൂ. ഒരിക്കലും ഒരു ഭരണത്തെക്കുറിച്ചും നല്ലതുപറയാനാവാത്ത കലാരൂപമാണ് കാർട്ടൂൺ. വിമർശനത്തെ സഹിഷ്‌ണുതയോടെ നേരിടുന്ന രാഷ്ട്രീയ നേതൃത്വം ഇല്ലെങ്കിൽ കാർട്ടൂണുകൾ അടിച്ചമർത്തപ്പെടും. പക്ഷേ അത്തരം ശ്രമങ്ങൾ ഉണ്ടായപ്പോഴെല്ലാം വർദ്ധിതവീര്യത്തോടെ കാർട്ടൂണിസ്റ്റുകൾ ആഞ്ഞടിച്ചിട്ടുണ്ടെന്നതാണ് വസ്തുത.അടിച്ചമർത്താൻ ശ്രമിക്കുമ്പോഴാണ് ഈ കലാരൂപം അതിന്റെ പ്രഹരശേഷി പുറത്തെടുത്തിട്ടുളളത്. വികൃതമായ സ്വന്തം പ്രതിബിംബം കണ്ട് വിറളിപൂണ്ട് കണ്ണാടി ഉടയ്‌ക്കുന്നവരെ എതിരേൽക്കുന്നത് കൂടുതൽ വികൃതമായ അനേകം പ്രതിബിംബങ്ങളായിരിക്കും എന്നതുപോലെ ഒരു കാർട്ടൂണിനെതിരെ വാളോങ്ങുമ്പോൾ ഒരായിരം കാർട്ടൂണുകൾ ഉയിർക്കൊള്ളുന്നു.