vt

പൊതിച്ചോർ വിറ്റ് ഉപജീവനം നടത്തുന്ന ട്രാൻസ് ജെൻഡറുകളോട‌് അനുഭാവം പ്രകടിപ്പിച്ചും അവരോടുളള നാട്ടുകാരുടെയും പൊലീസിന്റെയും സമീപനത്തെ വിമർശിച്ചും വി ടി ബൽറാം എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞദിവസം എറണാകുളത്ത് കാക്കനാട്- തൃപ്പൂണി​ത്തറ ബൈപ്പാസി​നടുത്ത് പൊതി​ച്ചോറും ബി​രി​യാണി​യും വി​ൽക്കുന്ന ട്രാൻസ് ജെൻഡറായ ഒരാൾ നാട്ടുകാരുടെയും പൊലീസി​ന്റെയും ഭാഗത്തുനിന്നുളള ദുരനുവങ്ങൾ തുറന്നുപറഞ്ഞിരുന്നു. ഇയാളുടെ ചിത്രം സഹിതമാണ് എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുളള സംവിധാനങ്ങൾ തീർച്ചയായും വേണം. പക്ഷേ, അതിന്റെ പേരിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സമീപനം ക്രൂരതയാണെന്നും എം എൽ എ ഫേസ്ബുക്ക്പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''ആരോടും പോയി പറയാനില്ല. ആരുമില്ലേ ഞങ്ങൾക്ക് ? ഞങ്ങൾ ഇങ്ങനെയൊക്കെ ആയി പോയത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. സമൂഹത്തിൽ അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്. രാത്രികാലങ്ങളിൽ തെരുവിലും, ട്രെയിനിൽ ഭിക്ഷ ചോദിക്കാനുമൊക്കെയല്ലേ പറ്റുള്ളു. നിങ്ങളൊക്കെ ചോദിച്ചല്ലോ ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്. ജോലി എടുത്ത് ജീവിക്കാൻ നിങ്ങളൊന്നും സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണം? നിങ്ങൾ പറയ്'

എറണാകുളത്ത് കാക്കനാട് തൃപ്പൂണിത്തുറ ബൈപാസിനടുത്ത് ജീവിക്കുന്ന ചില ട്രാൻസ് മനുഷ്യർ ചോദിക്കുന്ന ചോദ്യമാണിത്. അവരിലൊരാളായ സജന ഷാജിയാണ് നാട്ടുകാരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നുള്ള ദുരനുഭവങ്ങൾ കണ്ണീരോടെ വിവരിക്കുന്നത്.

കോവിഡ് ലോക്ഡൗൺ കാലത്ത് കേരളത്തിലെമ്പാടും ഹൈവേ ഓരത്ത് കണ്ടുവരുന്ന ഒരു ലഘു സംരംഭമാണ് ഈ ബിരിയാണി/പൊതിച്ചോറ് കച്ചവടം. വീട്ടിലുണ്ടാക്കായ സ്വാദിഷ്ടമായ ഭക്ഷണം വഴിയാത്രക്കാർക്ക് ചെറിയ വിലയ്ക്ക് വിൽക്കുന്നു. ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന നിരവധി പ്രവാസി ചെറുപ്പക്കാരടക്കം ഒരു എളിയ ഉപജീവന മാർഗ്ഗമായി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. അമ്പതോ നൂറോ പൊതി വിറ്റുപോയാൽ ഒരു 1000 രൂപ വരെ ലാഭമുണ്ടായേക്കാം. അതായത് ഒരു കുടുംബത്തിന് കഷ്ടി കഴിഞ്ഞു കൂടാനുള്ള ഒരു ചെറിയ വരുമാനം.

വലിയ റസ്റ്റോറന്റ് ഉടമകൾക്ക് ഇക്കാര്യത്തിൽ പരാതി ഉണ്ടായേക്കാം, എന്നാൽ കോവിഡ് കാലത്ത് സാധാരണക്കാരന്റെ നിലനിൽപ്പിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങൾ തീർച്ചയായും വേണം. പക്ഷേ അതിന്റെ പേരിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്ന സമീപനം ക്രൂരതയാണ്. പ്രത്യേകിച്ചും പാർശ്വവൽകൃതരായ ജനവിഭാഗങ്ങളോട്.

ഇന്ത്യയിലാദ്യമായി ട്രാൻസ്‌ജെൻഡർ നയം 2015ൽ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. തുടർന്നു വന്ന സർക്കാരും ട്രാൻസ് വിഭാഗത്തിനായി നിരവധി പരിരക്ഷകൾ ഉറപ്പു നൽകിയിട്ടുണ്ട്. എന്നിട്ടും പോലീസ് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങൾ എത്രമാത്രം മുൻവിധിയോടെയാണ് ജീവിക്കാൻ അക്ഷരാർത്ഥത്തിൽ കഷ്ടപ്പെടുന്ന ഈ സാധാരണ മനുഷ്യരോട് ഇടപെടുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറയിലേത്.

കൊച്ചിയിലെ പോലീസും സാമൂഹിക നീതി വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ആഭ്യന്തര, സാമൂഹിക നീതി വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധ ഇക്കാര്യത്തിൽ പതിയണം. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. അൽപ്പം കൂടി സെൻസിറ്റിവിറ്റിയോടെ ഇത്തരം വിഷയങ്ങളിലിടപെടാൻ നമ്മുടെ പൊതു സംവിധാനങ്ങൾക്ക് ഭാവിയിലെങ്കിലും കഴിയണം.

അതോടൊപ്പം, കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ട്രാൻസ് ജൻഡറുകളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഈ വിഷയം പരിശോധിക്കണമെന്നും ഇത്തരം ദുരനുഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ഉചിതമായ നിർദ്ദേശങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കണമെന്നും അതിലെ അംഗമെന്ന നിലയിൽ സമിതി അധ്യക്ഷയോട് രേഖാമൂലം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.