
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ഇന്ന് സോഷ്യൽ മീഡിയയിൽ വിവാദനായകനാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് ബാബുവിന് തലവേദനയായി മാറിയിരിക്കുന്നത്. ഇടവേളയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി അമ്മയിൽ നിന്ന് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. വിഡ്ഡി എന്ന അഭിസംബോധനയോടെയായിരുന്നു ഇടവേള ബാബുവിനെതിരെയുള്ള പാർവതിയുടെ കടുത്ത വിമർശം. എന്നാൽ യഥാർത്ഥത്തിൽ ഒരു വിഡ്ഡിയാണോ ഇടവേള ബാബു? അങ്ങനെയായിരുന്നെങ്കിൽ 21 വർഷം അമ്മയുടെ സെക്രട്ടറി പദത്തിൽ ഇരുന്ന് സംഘടനയുടെ ചരട് വലിക്കാൻ കഴിയുമായിരുന്നോ? ആരാണ് ഇടവേള ബാബു....
'എന്നെ എല്ലാവർക്കും ഇഷ്‌ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കും എല്ലാവരെയും ഇഷ്‌ടമാണ്. അതാണ് എന്റെ ഫോർമുല. ആരെയും നിയന്ത്രിക്കാനോ ആജ്ഞാപിക്കാനോ ഞാൻ പോകാറില്ല. എത്ര വലിയ പുലിയായാലും ഞാൻ സ്നേഹത്തോടെ പറഞ്ഞാൽ കേൾക്കാറുണ്ട്'-ഒരു അഭിമുഖത്തിൽ ആത്മവിശ്വാസത്തോടെ ഇടവേള ബാബു പറഞ്ഞ വാക്കുകളാണിത്.
ഇരിങ്ങാലക്കുടയിൽ നിന്ന് 'ഇടവേള'യിലേക്ക്
ഇരിങ്ങാലക്കുടയിലായിരുന്നു ബാബു ജനിച്ചത്. അച്ഛൻ പൊലീസ് വകുപ്പിലും അമ്മ സംഗീത അദ്ധ്യാപികയുമായിരുന്നു. എംകോം ബിരുദധാരിയായ ബാബുവിന്റെ സിനിമാ പ്രവേശം അവിചാരിതമായിരുന്നു. നടൻ ഇന്നസെന്റ് വഴിയാണ് പദ്‌മരാജൻ തിരക്കഥ എഴുതി മോഹൻ സംവിധാനം ചെയ‌്ത ഇടവേളയിലേക്ക് ബാബു എത്തിയത്. അങ്ങനെ അമ്മനത്ത് ബാബു ചന്ദ്രൻ എന്ന ബാബു ഇടവേള ബാബുവായി. ഇന്നിപ്പോൾ മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി പദവിയിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും വരെ നിയന്ത്രിക്കുന്ന, സംഘടനയ്‌ക്കു വേണ്ടി ഇടവേളകളില്ലാതെ പ്രവർത്തിക്കുന്ന സംഘാടകനായി മാറിക്കഴിഞ്ഞു ഈ 57കാരൻ.
ക്രിക്കറ്റിന്റെ ആദ്യാക്ഷരം പോലും അറിയാത്ത ഇടവേള ബാബു സിസിഎൽ എന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മാനേജർ പദവിയിലെത്തിയത് ഒട്ടും യാദൃശ്ചികമായല്ല.
പ്രണയം നൽകിയ അനുഭവം അവിവാഹിതനായി തുടരാൻ നിർബന്ധിതനാക്കി
വീട്ടുകാരുടെ ആഗ്രഹം മറ്റൊന്നായതിന്റെ പേരിലാണ് തന്റെ പ്രണയം ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഇടവേള ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് വിവാഹം വേണ്ടെന്ന് വച്ചത്. പിരിയാം എന്നത് പ്രണയിനിയുമായി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. 60 വയസിനോട് അടുക്കുമ്പോഴാണ് പാർട്‌നർ വേണ്ടത് എന്ന വിശ്വാസക്കാരനാണ് താൻ എന്നാണ് ഇടവേള ബാബുവിന്റെ വാദം. അല്ലെങ്കിൽ തലവേദനയാണെന്നും, ജീവിതത്തിൽ ഒരുപാട് കള്ളങ്ങൾ പറയേണ്ടിവരുമെന്നും ബാബു ഈ വാദത്തെ ന്യായീകരിക്കുന്നു.
അമ്മയിലേക്കുള്ള ബാബുവിന്റെ വരവ്
താരസംഘടനയായ അമ്മ രൂപീകൃതമായ 1994 മുതൽ ഇടവേള ബാബു സംഘടനയിൽ അംഗമാണ്. എം ജി സോമൻ പ്രസിഡന്റും, ടി പി മാധവൻ ജനറൽ സെക്രട്ടറിയുമായിരുന്നു അന്ന്. നടൻ ഗണേശ് കുമാറാണ് ഇടവേളയെ ഭരണസമിതിയിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് ക്യാപ്‌ടൻ രാജുവിന്റെ പ്രോത്സാഹനത്തോടെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറിമാരായി മാറി മാറി എത്തുമ്പോൾ, ബാബു ജോയിന്റ് സെക്രട്ടറിയായി തന്നെ തുടർന്നു. കോടതി വ്യവഹാരങ്ങളിലേക്ക് സംഘടന എത്തപ്പെട്ടതോടെയാണ് സെക്രട്ടറി പദവി ബാബുവിൽ നിക്ഷിപ്‌തമായത്.
ലൊക്കേഷനിൽ എന്തു പ്രശ്‌നമുണ്ടായാലും ഷൂട്ടിംഗ് മുടക്കാൻ സമ്മതിക്കാത്ത ജനറൽ സെക്രട്ടറി
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടായാലും ഒരുകാര്യം തനിക്ക് നിർബന്ധമാണെന്ന പക്ഷക്കാരനാണ് ഇടവേള. ഷൂട്ടിംഗ് മുടക്കാൻ സമ്മതിക്കില്ല. ആദ്യം ഷൂട്ടിംഗ്, പിന്നീട് സമവായം എന്ന ലൈനാണ് തന്നെ സമപിക്കുന്നവരോട് ബാബു പറയുക.
മധു മുതൽ ടൊവിനോയ്‌ക്ക് വരെ വിശ്വസ്‌തൻ
മലയാള സിനിമയിലെ തല മുതിർന്ന നടനായ മധു മുതൽ യുവതാരം ടൊവിനോ തോമസ് വരെ ഇടവേള ബാബുവിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം വെറുതേയല്ല. സാമ്പത്തികത്തിൽ തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരെ ബാബുവിന്റെ കൈയിൽ സൊല്യൂഷനുണ്ട്. അതു തന്നെയാണ് 21 വർഷം താരസംഘടനയുടെ തലകളിലൊന്നാകാൻ ഇടവേള ബാബുവിന് സാധിക്കുന്നതും.