
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിൽ പതിനാറുകാരി കളക്ടറായി ചുമതലയേറ്റു. ഒരു ദിവസത്തേക്കായിരുന്നു വിദ്യാർത്ഥിനിയായ എം ശ്രാവണി ജില്ലയുടെ കളക്ടറായി ചുമതലയേറ്റത്. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ചായിരുന്നു ശ്രാവണിയെ കളക്ടറായി നിയമിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് ഇരുപത്തയ്യായിരം രൂപ അനുവദിക്കുന്ന ഒരു ഫയലിലാണ് ശ്രാവണി ആദ്യം ഒപ്പുവച്ചത്.ശേഷം നഗരത്തിൽ പരിശോധനയ്ക്കായി പുറപ്പെട്ടു. വെള്ളം കെട്ടിനിൽക്കുന്ന റോഡുകൾ ഉടൻ നന്നാക്കാൻ ഉത്തരവിട്ടു. ഒരു ഹൈസ്‌കൂളിലെ സൗജന്യ സ്‌കൂൾ കിറ്റുകളുടെ വിതരണവും പതിനാറുകാരി പരിശോധിച്ചു.
ബാലികാ ദിനത്തോടനുബന്ധിച്ച് സബ് കളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ, തഹസിൽദാർമാർ തുടങ്ങിയുള്ള മറ്റ് തസ്തികളിലും ഒരു ദിവസത്തേക്ക് പെൺകുട്ടികൾ എത്തി.അക്കാദമിക് രംഗത്തും, കരിയറിലും മികവ് പുലർത്താനുള്ള ആത്മവിശ്വാസം നേടുന്നതിന് പെൺകുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യംവച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നാണ് കുറച്ചുപേരെ തിരഞ്ഞെടുത്തത്.കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രാവണി, അവളുടെ പിതാവ് ഒരു കർഷകനാണ്. ജോയിന്റ് കളക്ടറായി ചുമതലയേൽക്കുന്ന ബി മനുശ്രീ ഇതേ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.ഒരു മെക്കാനിക്കിന്റെ മകളാണ്. ഇങ്ങനെയൊരു അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും, ഈ ദിവസം ഒരിക്കലും മറക്കാനാവില്ലെന്നും വിദ്യാർത്ഥിനികൾ പ്രതികരിച്ചു.