
ചിരിയും ചിന്തയും ഒരുപോലെ സമ്മേളിക്കുന്ന 'അളിയൻസ് " പ്രേക്ഷകരുടെ ഇഷ്ടപരിപാടികളിൽ മുന്നിൽ തന്നെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി സംപ്രേഷണം ചെയ്യുന്ന ഈ ഹാസ്യപരിപാടിയ്ക്ക് ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ എണ്ണവും കൂടി വരികയാണ്. അതിന് പിന്നിലെ കാരണമെന്തെന്ന് അണിയറപ്രവർത്തകരിൽ ആരോട് ചോദിച്ചാലും ഒറ്റ ഉത്തരമേയുള്ളൂ, ടീം വർക്ക്. 'അളിയൻസി"ന്റെ തിരുവന്തപുരം പാങ്ങോടിലെ ഷൂട്ടിംഗ് സെറ്റിൽവച്ച് സംവിധായകൻ രാജേഷ് തലച്ചിറ വിശേഷങ്ങൾ പങ്കുവച്ചു.
അളിയൻസാണോ ആദ്യത്തെ സീരിയൽ?
ആദ്യത്തെ സീരിയൽ അതല്ല. പക്ഷേ പേരും പ്രശസ്തിയും തന്ന സീരിയൽ അതാണ്. 2017ലെ കേരള സംസ്ഥാന ടെലിവിഷൻ ബെസ്റ്റ് ഡയറക്ടർ അവാർഡ് അതിന് ലഭിച്ചിരുന്നു. അളിയനെന്ന വിളിപ്പേരും അങ്ങനെ വീണു. എന്തായാലും അത് രണ്ടും സമ്മാനിക്കുന്ന ഊർജം ചെറുതല്ല. അളിയൻ v/s അളിയൻ എന്ന സീരിയൽ അതേ വർഷം മറ്റു മൂന്നു അവാർഡുകൾ കൂടി കരസ്ഥമാക്കി. ബെസ്റ്റ് കോമഡി പ്രോഗ്രാം, നല്ല കോമഡിയൻ, ( റിയാസ് - സീരിയലിലെ ക്ലീറ്റസ് കഥാപാത്രം), സ്പെഷൽ ജൂറി അവാർഡ് (മഞ്ജു പത്രോസ് - സീരിയലിലെ തങ്കം) എന്നിവയും. സീരിയലിന്റെ പ്രശസ്തിയും റേറ്റിംഗും അതോടെ കുത്തനേ ഇരട്ടിച്ചു, അത് മറ്റൊരു നേട്ടം. അങ്ങനെ 'അളിയൻ" ഭാഗ്യമായി. ആ അടുപ്പം ക്രമേണ അടുത്ത സീരിയലിനും മുതൽക്കൂട്ടായി, അങ്ങനെയാണ് 'അളിയൻസ് " തുടങ്ങുന്നത്. 503 എപ്പിസോഡ് അളിയൻ V/sഅളിയൻ, അമൃത ചാനലിനു വേണ്ടി പൂർത്തീകരിച്ച ശേഷമാണ്, കൗമുദിക്ക് വേണ്ടി അളിയൻസ് തുടങ്ങുന്നത്.
സീരിയലിലെത്തിപ്പെടാൻ സഹായിച്ച ഘടകങ്ങളും വ്യക്തികളുമുണ്ടോ രാജേഷിന് ?
ധാരാളമുണ്ട്. എന്നാൽ മറ്റു സഹപ്രവർത്തകരിൽ നിന്നും വ്യത്യസ്ത സാഹചര്യത്തിൽ നിന്നാണെന്റെ വരവ്. സിനിമാ സീരിയൽ പ്രിയം വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. പ്ലസ്ടു തീർന്ന പാടെ സിനിമാമോഹം വച്ച് തിരുവനന്തപുരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ആദ്യമൊക്കെ വീട്ടിൽ നല്ല എതിർപ്പായിരുന്നു. പതിയെയാണ് അവരും അംഗീകരിച്ച് തുടങ്ങിയത്. അസോസിയേറ്റ് ഡയറക്ടറാകാൻ ഭാഗ്യം ലഭിച്ച സീരിയൽ 'സ്വയംവര" മാണ്. 'അബദ്ധം അംബുജാക്ഷനി" ലൂടെയാണ് സംവിധായകനാകുന്നത്. പിന്നീട് ഡീസന്റ് ഫാമിലി, മൂന്നുമണി, കുടുംബകോടതി എന്നിവയും സംവിധാനം ചെയ്തു. 2017 ലാണ് അളിയൻ v/s അളിയൻ തുടങ്ങുന്നത്.

അളിയൻസിന്റെ കഥാ ചർച്ചയിൽ മറ്റാരെയെങ്കിലും ഉൾപ്പെടുത്താറുണ്ടോ?
തീർച്ചയായും. അതാണു സീരിയലിന്റെ വിജയത്തിന് കാരണവും. കുടുംബകാര്യങ്ങളിലെ കൊച്ചു കൊച്ചു തമാശകൾക്ക് നേതൃത്വം നൽകയിയതും ക്ലീറ്റസായി വേഷമിടുന്ന റിയാസ് ഇക്ക തന്നെ. തങ്കമായെത്തുന്ന വീട്ടമ്മ, മഞ്ജുവിന്റെയും നിർദേശങ്ങൾ കഥയിലുണ്ട്. മികവുറ്റ കലാകാരന്മാരുമൊത്തുള്ള ടീം വർക്കാണ് ഈ പ്രൊജക്ടിന്റെ യഥാർത്ഥ വിജയം. ഓരോരുത്തർക്കും സ്വന്തം സീനുകൾ ബോദ്ധ്യമാകും വരെ അഭിനയിക്കാൻ അവസരം നൽകും. നന്നായി റിഹേഴ്സൽ നടത്താറുണ്ട്. റിലാക്സായ ശേഷമേ ഷൂട്ടിംഗ് ആരംഭിക്കൂ. പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കും ഞങ്ങൾ വലിയ പ്രാധാന്യം കൽപ്പിക്കാറുണ്ട്. അവസാന നിമിഷം വരെയും ചർച്ചകൾ പുരോഗമിക്കാറുണ്ട്. എല്ലാവർക്കും അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഓരോ എപ്പിസോഡും എത്തുമ്പോൾ ഏറ്റവും മികച്ച രീതിയിൽ തന്നെയെത്തണമെന്നതാണ് അളിയൻസ് ടീമിലെ ഓരോരുത്തർക്കും നിർബന്ധമാണ്. പ്രേക്ഷകനാണല്ലോ വിജയവും പരാജയവും തീരുമാനിക്കുന്നത്.  അക്കാര്യം  ഓരോ നിമിഷവും ഞങ്ങൾ ഉറപ്പാക്കുകയും ചെയ്യാറുണ്ട്. തുടർന്നും പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഉണ്ടാകണമെന്ന് മാത്രമാണ് പറയാനുള്ളത്.