a

മഞ്ജരിയു‌ടെ മധുരഗാനങ്ങൾ മലയാളികൾ കേട്ടുതുടങ്ങിയിട്ട് പതിനഞ്ചുവർഷമായി. മേക്കോവറിലേക്കുള്ള യാത്ര, ജീവിതം, അനുഭവങ്ങൾ... മലയാളികളുടെ പ്രിയഗായിക മഞ്ജരി മനസ് തുറക്കുന്നു

''ഒരുപാട് വർഷങ്ങളായി ഞാൻ സിംഗിളായി ജീവിക്കുകയാണ്. ഞാൻ ഇപ്പോൾ വളരെയധികം ഹാപ്പിയാണ്. അമ്മയുമൊത്ത് തിരുവനന്തപുരത്ത് ഫ്ളാറ്റിൽ താമസിക്കുന്നു. എനിക്ക് ഇഷ്‌ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നു. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നരാളാണ് ഞാൻ. ഞാനിപ്പോൾ പുതിയ ജീവിതം ജീവിച്ചു തീർക്കുന്നതിന്റെ തിരക്കിലാണ്. നെഗറ്റിവിറ്റികളെ തലയിൽ എടുത്തുവയ്‌ക്കാൻ വയ്യ. ആകെയുള്ള ഒറ്റ ജീവിതം അടിപൊളിയായി ജീവിക്കട്ടെ."" മഞ്ജരി മനസു തുറന്നു.

വേറിട്ട ശബ്‌ദമായി മലയാളികളുടെ കാതിൽ മഞ്ജരി മുഴങ്ങാൻ തുടങ്ങിയിട്ട് ഒന്നരപ്പതിറ്റാണ്ട്. വ്യക്തിജീവിതം പലവേള മാറിമറിഞ്ഞപ്പോഴും കരുത്തു നൽകിയത് സംഗീതം മാത്രം. ഏകാന്തമായി ഇങ്ങനെ ജീവിക്കാനാണോ ആഗ്രഹമെന്ന ചോദ്യത്തിന് മഞ്ജരി ചിരിച്ചുകൊണ്ട് ഉത്തരം നൽകി. കരിയറിനെ സപ്പോർട്ട് ചെയ്യുന്നതും മഞ്ജരിയെ മനസിലാക്കുന്നതുമായ ഒരാളെ കണ്ടുമുട്ടിയാൽ തീർച്ചയായും ആലോചിക്കുമെന്ന് മഞ്ജരി മറുപടി പറഞ്ഞു. പുതിയ മഞ്ജരിയാകാൻ താൻ പിന്നിട്ട ദൂരങ്ങളും ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങളുമായി മഞ്ജരി മനസുതുറക്കുന്നു...

മേക്കോവർ അഭിനയ ചുവടുവയ്പ്പാണോ ?

ഇതാണ് എല്ലാവരുടെയും പ്രശ്‌നം. മാറ്റങ്ങൾ ഇഷ്‌ടപ്പെടാത്തവരായി ആരാണ് ഉള്ളത് ? എനിക്കുണ്ടായ മാറ്റം ഞാൻ ആരെയെങ്കിലും കാണിക്കാനോ അഭിനയിക്കാനോ മോഡലിംഗിനോ അല്ല. അതെന്റെ സന്തോഷത്തിനാണ് ഞാൻ ചെയ്‌തത്. എന്നെ അടുത്തറിയുന്നവർക്ക് അറിയാം ഞാനെങ്ങനെയുള്ള ആളാണെന്ന്. മസ്‌കറ്റിലായിരുന്നു ഞാൻ പഠിച്ചതെല്ലാം. എന്റെ അപ്പോഴെത്തെയും ഇപ്പോഴെത്തെയും ആകെയുള്ള കൂട്ടുകാർ അച്‌ഛൻ ബാബു രാജേന്ദ്രനും അമ്മ ഡോ. ലതയുമാണ്. മസ്‌‌കറ്റിൽ ബിസിനസാണ് അച്‌ഛന്. അമ്മ പുറത്തു പോലും പോവാറില്ല. അതുകൊണ്ട് തന്നെ സ്റ്റൈലിഷ് കാര്യങ്ങൾ എനിക്ക് പറഞ്ഞു തരാൻ പോലും ആരുമില്ല. എനിക്കാണെങ്കിൽ അതിലൊന്നും താത്പര്യവും ഇല്ലായിരുന്നു. സ്‌കൂളിൽ പോകുന്നു പഠിക്കുന്നു തിരിച്ചുവരുന്നു. അതായിരുന്നു ജീവിതം. അച്‌ഛൻ മുടിവെട്ടാൻ പോകുന്ന സലൂണിൽ പോയി അതേപോലെ ഞാനും മുടി മുറിക്കും. സ്‌കൂൾ കാലഘട്ടത്തിൽ ടോം ബോയിനെ പോലെയായിരുന്നു നടന്നത്. പിന്നിട് ഡിഗ്രി പഠനത്തിനായി നാട്ടിൽ വന്നപ്പോൾ (തിരുവനന്തപുരം വിമൻസ് കോളേജ്) അതിലും കഷ്ടമായിരുന്നു. സൽവാർ കോളേജിൽ നിർബന്ധമായിരുന്നു. പൂവാലന്മാരെ പേടി സീനിയേഴ്‌സിനെ പേടി ആകെ മൊത്തം ഒരു പേടി കുട്ടിയായിരുന്നു. ഷാളെല്ലാം മുടികെട്ടിയായിരുന്നു എന്റെ നടപ്പ്. മൂടിക്കെട്ടി പാട്ടുപാടുന്ന കുട്ടിയെന്നാണ് എന്നെ എല്ലാവരും പറഞ്ഞിരുന്നത്. അപ്പോഴും സ്റ്റൈലിനെ കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത കുട്ടി. ഉപരിപഠനത്തിനായി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരുപാട് കാര്യങ്ങളിലെ ചിന്താഗതിയിലെല്ലാം വലിയ മാറ്റം സംഭവിച്ചു. അപ്പോഴാണ് ഞാൻ അവരുടെയെല്ലാം ഡ്രസിംഗ് സ്റ്റെലെല്ലാം ശ്രദ്ധിച്ചു തുടങ്ങിയത്. അവിടെ ആരും ആരെയും ശ്രദ്ധിക്കില്ല. ഫ്രീ സ്റ്റൈൽ ആണ് ഡ്രസിംഗെല്ലാം. ഫ്രീ സ്റ്റൈൽ എന്ന് പറയുമ്പോൾ വൾഗറല്ല, ഓരോരുത്തർക്ക് ഇഷ്‌ടപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുക. അവിടുന്ന് വന്നതിന് ശേഷം എനിക്ക് വലിയ മാറ്റമുണ്ടായിരുന്നു. നിങ്ങൾ പറയുന്ന മേക്കോവർ എപ്പോൾ ഏത് പോയിന്റിൽ സംഭവിച്ചതാണെന്ന് ഒരു പിടിയുമില്ല. മാറ്റങ്ങളെ ഞാൻ ഇഷ്‌ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നി. എന്റെ സന്തോഷം മാത്രമാണ് ഞാൻ നോക്കുന്നത്.

n

എന്നാലും നല്ല റോൾ കിട്ടിയാൽ അഭിനയിക്കുമോ?

നല്ല ടീമിന്റെ കൂടെയൊരു സിനിമ വരുകയാണെങ്കിൽ ആലോചിക്കും. മേക്കോവറിന് ശേഷം ഫ്രണ്ട്‌സെല്ലാം ചോദിക്കുന്നുണ്ട് ' സിനിമയിൽ അഭിനയിച്ചുകൂടെ' യെന്ന്. അമ്മയും അച്‌ഛനും ഓകെ പറഞ്ഞാൽ ഞാൻ ഡബിൾ ഓകെയാണ്. സമയം ഉണ്ടല്ലോ... നമുക്ക് നോക്കാം.
മലയാളി അല്ലാത്ത ഗായികമാരെ മലയാളത്തിൽ ആഘോഷിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ടോ?

എന്തിന്, അതെല്ലാം സംഗീത സംവിധായകരുടെ വ്യക്തിപരമായ കാര്യമാണ്. ആരെ കൊണ്ട് പാടിപ്പിക്കണമെന്നതൊക്കെ അവരുടെ തീരുമാനമല്ലേ. അതുപോലെ മറ്റുള്ളവരുടെ വിജയത്തിൽ ഒരിക്കലും തളർന്നിരിക്കരുത്, വിഷമിക്കരുതെന്നൊക്കെയാണ് എന്റെ അച്‌ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. മലയാളി അല്ലാത്ത ഗായകർ ഇവിടെ വന്നിട്ട് ഇത്രയും അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതവരുടെ കഴിവും ഭാഗ്യവുമാണ്. അതിന് ഞാൻ വിഷമിച്ചിട്ട് ഒരു കാര്യവുമില്ലല്ലോ. എനിക്കുള്ളതെല്ലാം എന്നിൽ വന്നു ചേരുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
ഭാഗ്യഗായികയാണെന്ന് തോന്നിയിട്ടുണ്ടോ?
ഭാഗ്യഗായികയല്ല,​ മഹാഭാഗ്യഗായികയാണ്. ചെറിയ പ്രായത്തിലെ ഒരുപാട് സീനിയറായ സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എനിക്ക് സിനിമയിൽ കിട്ടിയ സമയമെല്ലാം നിയോഗമായാണ് ഞാൻ ഉപയോഗിച്ചത്. ദേവരാജൻ മാഷുടെ സംഗീതത്തിൽ പോലും എനിക്ക് പാടാൻ കഴിഞ്ഞു. ദേവരാജൻ മാഷ് അവസാനമായി ചെയ്‌ത ഒരു ഭക്തിഗാനത്തിനാണ് എനിക്ക് പാടാൻ ഭാഗ്യം ലഭിച്ചത്. അതിന്റെ റെക്കോർഡിംഗിന് വേണ്ടി ഞാൻ ആദ്യം പോയപ്പോൾ ഒരു ഹെയർ സ്റ്റൈലായിരുന്നു പിന്നിട് പോയപ്പോൾ വേറെയൊരു സ്റ്റൈൽ. അന്ന് സാർ പറഞ്ഞു 'എന്താണിത് പല പല ഹെയർസ്റ്റൈലാണല്ലോ. റെക്കോർഡിംഗിന് വരുമ്പോൾ മുടിയെല്ലാം പിന്നിയിട്ട് അച്ചടക്കത്തിൽ വരണം ' അതാണ് എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം. ആദ്യ സമയത്തെല്ലാം ഞാനത് പാലിക്കാറുണ്ടായിരുന്നു. ഇപ്പോൾ കുറേ കൂടി ലിബറലായല്ലോ അതിന്റെതായ മാറ്റങ്ങളുണ്ട്. അർജ്ജുനൻ മാഷ്, എം.ജി. രാധാകൃഷ്‌ണൻ സാർ, രവീന്ദ്രൻ മാഷ്, എസ്.പി. വെങ്കിടേഷ് സാർ, എസ്. ബാലകൃഷ്‌ണൻ സാർ ഇത്രയും ലെജൻഡായവരുടെ സംഗീതത്തിൽ എനിക്ക് പാടാൻ കഴിഞ്ഞിട്ടുണ്ടെന്നത് തന്നെ മഹാ ഭാഗ്യമാണ്. ഞാൻ ഒരുപാട് നല്ല സംഗീത സംവിധായകരുടെ മികച്ച വർക്കുകളിൽ ഭാഗമായിട്ടുണ്ട്. ഒരുപാട് ആരാധിക്കുന്നവരുടെ കൂടെ പ്രവർത്തിക്കുക തന്നെയാണ് ഏറ്റവും സന്തോഷം നൽകിയ കാര്യം. ഇനിയും സമയമുണ്ടല്ലോ. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ദാസ് അങ്കിളിനെയെല്ലാം (യേശുദാസ് ) മാതൃകയാക്കണം. അദ്ദേഹം ഇപ്പോഴും പഠിക്കുകയാണ്. അതേപോലെ ഞാനും കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ്.

m

ജീവിതത്തിലെ സർപ്രൈസുകളെക്കുറിച്ച് പറയാമോ?

ഇത്രയും വർഷത്തിനിടയ്‌ക്ക് ജീവിതത്തിൽ ഒരുപാട് സർപ്രൈസുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒരു രസകരമായ സർപ്രൈസ് ഞാൻ പറയാം. 'താമരക്കുരുവിക്ക് തട്ടമിട് ' എന്ന ഗാനം ഹിറ്റായി ഓടുന്ന സമയത്താണ് ഞാൻ 'ആറ്റിൻകരയോരത്തെ' എന്ന് തുടങ്ങുന്ന രസതന്ത്രത്തിലെ ഗാനം പാടുന്നത്. മീരാ ജാസ്‌മിന്റെ ലിപ്‌ സിംഗുമായി എന്റെ ശബ്‌ദം ചേരുന്നുവെന്ന് ഒരുപാടുപേർ പറഞ്ഞിരുന്നു. ആറ്റിൻകരയോരത്ത് പാടി ഒരുപാട് ദിവസം കഴിഞ്ഞാണ് എനിക്ക് ഒരു കാൾ വരുന്നത്. സത്യൻ അങ്കിളായിരുന്നു (സത്യൻ അന്തിക്കാട് ). അങ്കിൾ പറഞ്ഞു ' മഞ്ജരി ഞങ്ങൾ ആറ്റിൻകരയോരത്ത്..." എന്ന ഗാനം ഷൂട്ട് ചെയ്‌തോണ്ടിരിക്കുകയാണ്, മഞ്ജരിയോട് ഒരാൾക്ക് സംസാരിക്കണമെന്ന് പറയുന്നു.' ഫോണിന്റെ അപ്പുറത്ത് മറ്റൊരാളുടെ ശബ്‌ദം ' മഞ്ജരി ഞാൻ മോഹൻലാലാണ് ' അയ്യോ.... ഞാൻ അത് കേട്ടതും ഞെട്ടി. ആരെങ്കിലും പറ്റിക്കുകയാണോ എന്ന് പോലും ചിന്തിച്ചു. ലാലേട്ടൻ എന്റെ പാട്ട് അടിപൊളിയായെന്ന് പറഞ്ഞു. ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത് അപ്പോഴാണ്. മീരാ ജാസ്‌മിനും സംസാരിച്ചു. എനിക്ക് മറക്കാനാവാത്തൊരു ഒരു സംഭവമാണത്.

മനസ് വിഷമിച്ചിരിക്കുമ്പോൾ എന്തുചെയ്യും?
ഡിപ്രഷൻ വരുമ്പോൾ ഞാൻ കോമഡി സിനിമകൾ കാണും. എന്നിട്ട് ഇരുന്ന് ചിരിക്കും. ഹ്യൂമർ പറയാൻ ഇഷ്‌ടപ്പെടുന്നതും ഹ്യൂമർ സിനിമകൾ ഇഷ്‌ടപ്പെടുന്ന ഒരാളാണ് ഞാൻ. ശരിക്കും ഞാൻ കിലുക്കാംപെട്ടിപോലെ സംസാരിക്കുന്ന ആളാണ്, പക്ഷേ പലരും പറയും മഞ്ജരി അധികം സംസാരിക്കില്ലെന്ന്. എന്റെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അതറിയുകയൊള്ളു. ഡിപ്രെഷൻ വരുമ്പോൾ ഞാൻ ഷോപ്പിംഗിന് പോവാറുണ്ട്, സിനിമ കാണാറുണ്ട്. ഷോപ്പിംഗ് താത്കാലിക ആശ്വാസമാണ്. അതുപോലെ മഴയുടെ ചില ഗാനങ്ങൾ കേൾക്കും അതുപോലെ ഡാൻസ് ചെയ്യും. സലിം കുമാറിന്റെയും ഇന്നസെന്റ് അങ്കിളിന്റയുംമൊക്കെ മുഖം സ്‌ക്രീനിൽ കാണുമ്പോഴേ ഒരു സന്തോഷമാണ്. വിഷമം വരുമ്പോൾ ഞാൻ കാണുന്ന ചില സിനിമകളാണ് കിളിച്ചുണ്ടൻ മാമ്പഴവും ,സി .ഐ .ഡി .മൂസയും,ചൈന ടൗണും പാണ്ടിപ്പടയുമെല്ലാം. ഡ്രൈവ് ചെയ്യാനും കാറുകളോടും വല്ലാത്തൊരു പ്രേമമാണ്. ഇപ്പോൾ കൈയിൽ ഇരിക്കുന്ന കാർ സ്‌കോഡയാണ്. വാങ്ങാൻ ആഗ്രഹമുള്ള കാർ ലാൻഡ് റോവറാണ്. കൊവിഡ് പോവാതെ അതൊന്നും നടക്കില്ല.

ലോക്ക്ഡൗൺ കാലത്ത് കവർ സോംഗ് ഒരുക്കിയല്ലോ?
ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒരു കവർ സോംഗ് ചെയ്യാൻ തോന്നിയത്. ബോംബെ എന്ന ചിത്രത്തിലെ

എ.ആർ. റഹ്‌മാൻ സാറിന്റെ 'മലരോട് മലരിംഗ്....' എന്നു തുടങ്ങുന്ന ഗാനമാണ് കവർ ചെയ്‌തത്. ലോകം മുഴുവൻ കൊവിഡ് എന്ന മഹാമാരി വ്യാപിക്കുമ്പോൾ പരസ്‌പര സഹായവും സ്‌നേഹവും മനുഷ്യത്വവും കാണിക്കുക എന്ന് കാണിച്ചായിരുന്നു ആ കവർ ചെയ്‌തത്. അതുപോലെ ഞാൻ തന്നെ കംപോസ് ചെയ്‌തു പാടിയ രണ്ടു പാട്ടുകൾ ചെയ്‌തിരുന്നു. കംപോസ് ചെയ്യാൻ പെട്ടന്നൊരു വട്ടുതോന്നിയിട്ട് ചെയ്‌തതാണ്. ആ രണ്ടു വിഡിയോയും ഇഷ്‌ടത്തോടെ ചെയ്‌തതാണ്.