
കോഴിക്കോട്: സൈബർ കേസിൽ നീതി കിട്ടാൻ പൊലീസ് തുണച്ചില്ലെങ്കിലും സ്‌ത്രീകൾ വീടു കയറി തല്ലേണ്ടതില്ലെന്ന് ചാലിയം സ്വദേശിനിയായ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക തെളിയിച്ചു. ഫേസ് ബുക്ക് വഴിയും സോഷ്യൽ മീഡിയ വഴിയും അപവാദം പ്രചരിപ്പിച്ച യുവാവിനും കൂട്ടുകാരിയ്ക്കുമെതിരെ ഒരു രക്ഷയുമില്ലാതായതോടെ അദ്ധ്യാപിക കോടതിയെ സമീപിച്ചതിന് ഫലമുണ്ടായി. ഇരുവർക്കുമെതിരെ കേസെടുക്കാൻ കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
നേരത്തെ ബേപ്പൂർ പൊലീസിലും സിറ്റി പൊലിസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും കാര്യമില്ലാതായതോടെയാണ് അഡ്വ. ബി.എം ആളൂർ മുഖേന കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വടകരയിലെ ഓർക്കാട്ടേരി കല്ലെരി മൊയിലോത്ത് ഹൗസിൽ മജീസിയ ബാനു (27) , ചാലിയം ലൈറ്റ് ഹൗസിന് സമീപം പഞ്ചാരന്റപുരക്കൽ മുർഷാദ് (30 ) എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി ബേപ്പൂർ പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ലോക്ക് ഡൗൺ സമയത്ത് അദ്ധ്യാപിക ഓൺലൈൻ ക്ലാസ് തുടങ്ങാൻ സ്‌കൂളിലുള്ള കുട്ടികൾക്ക് മൊബൈൽ സംഘടിപ്പിച്ചു കൊടുക്കുന്നതിനായി മുർഷാദിന്റെ സഹായം തേടിയിരുന്നു. സൗഹൃദം ശക്തമായതോടെ മുർഷാദ് തന്റെ കൂട്ടുകാരിയായ മജീസിയ ബാനു മുഖേന തന്റെ താത്പര്യം അറിയിച്ചു. അതിന് വഴങ്ങുന്നില്ലെന്നു കണ്ടതോടെ ഇരുവരും ചേർന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയും ഗുണ്ടകളെ അയച്ച് അതിക്രമത്തിനും മുതിർന്നുവെന്നായിരുന്നു പരാതി.