
ന്യൂഡൽഹി: അയൽരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും നിരന്തരം ഉയർത്തുന്ന ഭീഷണികളെ നേരിടാൻ ആയുധശേഖരം വികസിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് ചിന്തിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. അങ്ങനെ റഷ്യയുമായി സഹകരിച്ച് ഇന്ത്യ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാർന്ന ഫൈറ്റർ വിമാനങ്ങളും മിസൈലുകളും വികസിപ്പിച്ചെടുത്തു.
ഇന്ത്യ -റഷ്യ സംയുക്തമായി വികസിപ്പിച്ചെടുത്ത മീഡിയം റേഞ്ച് സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പിന്നാലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് റഷ്യയിലെ എയറോസ്പേസ് ശക്തിയായ സുഖോയുമായി ചേർന്ന് പിഎകെ എഫ്എ ടി-50 എന്നറിയപ്പെടുന്ന അഞ്ചാം തലമുറ യുദ്ധവിമാനം നിർമ്മിച്ചു. എങ്കിലും കൂടുതൽ പരിഷ്കരിച്ച ശക്തമായ എഞ്ചിൻ ശേഷിയും ഇരു സീറ്റുകളും 360 ഡിഗ്രി എ.ഇ.എസ്.എ റഡാർ എന്നിങ്ങനെ മികച്ച സാങ്കേതിക വിദ്യയുളള യുദ്ധ വിമാനം ആവശ്യമായി വന്നതോടെയാണ് സുഖോയ്-57 വികസിപ്പിച്ചത്. എന്നാൽ ഈ വിമാനത്തിന്റെ ശേഷി കരുതിയതുപോലെ മികച്ചതായിരുന്നില്ല.
റഷ്യ നിർമ്മിച്ച് നൽകിയ സുഖോയ്-57ൽ ഏതാണ്ട് 43 മാറ്റങ്ങൾ വരുത്തണമെന്നാണ് ഇന്ത്യ നിർദ്ദേശിച്ചിരുന്നത്. സെൻസറുകൾ, നെറ്റ്വർക്കിംഗ്, കോംബാറ്റ് ഏവിയോണിക്സ് എന്നിവയിലായിരുന്നു പ്രധാന മാറ്റങ്ങൾ വേണ്ടിയിരുന്നത്.എന്നാൽ ഇതിൽ വന്ന പിഴവുകളെ തുടർന്ന് 2017ൽ കരാർ തുടരേണ്ടെന്ന് ഇന്ത്യ അന്തിമ തീരുമാനമെടുത്തു. ഇന്ത്യൻ വായുസേനയും സുഖോയ് വിമാനത്തിന്റെ പ്രവർത്തനത്തിൽ തൃപ്തരായിരുന്നില്ല. ഇവയുടെ പ്രശ്നങ്ങളെ വലിയ മുതൽമുടക്കുണ്ടായാൽ മാത്രമേ പരിഹരിക്കാനും കഴിഞ്ഞിരുന്നുളളു. യന്ത്ര തകരാറുകൾ പരിഹരിക്കാൻ യന്ത്രഭാഗങ്ങൾ റഷ്യയിലേക്ക് കയറ്റിയയക്കേണ്ടിയിരുന്നു. തുടർന്ന് ഇന്ത്യ തന്നെ നേരിട്ട് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു.
അമേരിക്ക,ഫ്രാൻസ്,റഷ്യ എന്നീ രാജ്യങ്ങൾ സ്വന്തമായി പുത്തൻ തലമുറ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നത് കണ്ടാണ് പുത്തൻ തലമുറ
വിമാനങ്ങൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യയും തീരുമാനിച്ചത്. 'മേക്ക് ഇൻ ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി പ്രകാരം 'അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതി' ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. റഷ്യയുമായുളള സുഖോയ് യുദ്ധവിമാനങ്ങളുടെ 55,717 കോടി രൂപയുടെ പദ്ധതിയിൽ സംഭവിച്ച പിഴവുകൾ പൂർണമായി തിരുത്തിയാണ് ഇന്ത്യ പുതിയ പദ്ധതിയുമായി മുന്നോട്ട് പോയത്.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ വികസവുമായി ബന്ധപ്പെട്ട് ചൈന വളരെയധികം മുന്നേറിയതിനാലും വിവരങ്ങൾ പൂർണമായും പുറത്ത് വിട്ടിട്ടില്ലെങ്കിലും ആറാം തലമുറ യുദ്ധവിമാനത്തിന്റെ നിർമ്മാണം അവർ ആരംഭിച്ചതിനാലും ഇന്ത്യയ്ക്ക് സുഖോയ്-57 വിമാനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും വരെ കാത്തിരിക്കാൻ കഴിയുകയുമില്ല എന്നതും ഇന്ത്യയുെട ഈ തീരുമാനത്തിന് കാരണമായി.