
ചെന്നൈ: രണ്ട് ദിവസം മുമ്പ് ഹാഥ്‌രസിൽ പോകണമെന്ന് പറഞ്ഞ ഖുഷ്‌ബു നേരെ പോയത് ബി.ജെ.പി ഓഫീസിൽ. ഹാഥ്‌രസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് സംസാരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഖുഷ്ബു പറഞ്ഞത്. പക്ഷേ സൗകര്യമൊരുങ്ങിയത് ബി.ജെ.പിയിലെ ദേശീയ നേതാക്കളുമായുളള കൂടിക്കാഴ്‌ചക്ക്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കോൺസ്ര് സംഘടിപ്പിച്ച സംവാദങ്ങളിൽ ഖുഷ്ബു പങ്കെടുത്തിരുന്നു. ബി.ജെ.പിക്കും ആ പാർട്ടിയുടെ ദേശീയ നേതൃത്വത്തിനുമെതിരെ നിശിതമായ വിമർശമാണ് അവർ ഉന്നയിച്ചത്. നാലു ദിവസം മുമ്പ് നേരിൽ കണ്ടപ്പോഴും പാർട്ടി വിടുമെന്ന ഒരു സൂചനയും ഖുഷ്ബു നൽകിയിരുന്നില്ലെന്ന് ഒരു മുതിർന്ന നേതാവ് വെളിപ്പെടുത്തി.
2014ൽ ഡി.എം.കെയിൽ നിന്നാണ് ഖുഷ്‌ബു കോൺഗ്രസിലേക്ക് എത്തുന്നത്. 2010ലാണ് അവർ ഡി.എം.കെയിലൂടെ സജീവ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. ഡി.എം.കെ മുൻ പ്രസിഡന്റും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ അനുഗ്രഹവും ഇക്കാര്യത്തിൽ ഖുഷ്‌ബുവിന് ഉണ്ടായിരുന്നു. എന്നാൽ കരുണാനിധിയുടെ മകനും നിലവിൽ പാർട്ടി പ്രസിഡന്റുമായ എം.കെ സ്റ്റാലിനുമായി ഖുഷ്ബുവിന് നല്ല ബന്ധം നിലനിർത്താനായിരുന്നില്ല.
കരുണാനിധിക്ക് ശേഷം ആരായിരിക്കും ഡി.എം.കെയെ നയിക്കുക എന്ന ചോദ്യത്തിന് പാർട്ടിയാണ് അത് തീരുമാനിക്കുക എന്ന് ഖുഷ്ബു മറുപടി പറഞ്ഞത് സ്റ്റാലിന്റെ ക്യാമ്പിനെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ ചെന്നൈയിൽ ഖുഷ്ബുവിന്റെ വീടിന് നേർക്ക് സ്റ്റാലിന്റെ അനുയായികൾ കല്ലേറ് നടത്തി. ഇതേ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഒടുവിലാണ് ഖുഷ്ബു ഡി.എം.കെ വിട്ടത്.
ആറ് വർഷം മുമ്പ് കോൺഗ്രസിൽ ചേർന്നപ്പോൾ വീട്ടിലേക്കുള്ള തിരിച്ചുവരവാണിതെന്നാണ് ഖുഷ്ബു പറഞ്ഞത്. മുംബയിൽ തന്റെ വീട്ടുകാർ കോൺഗ്രസ് വിശ്വാസികളായിരുന്നെന്നും കോൺഗ്രസിനോട് ആഭിമുഖ്യമുളള പരിസരത്തിലാണ് താൻ ജനിച്ചു വളർന്നതെന്നുമായിരുന്നു ഖുഷ്ബുവിന്റെ പ്രതികരണം. കോൺഗ്രസ് ദേശീയ വക്താവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഖുഷ്ബു ഉയർത്തിയിരുന്നത്.
രണ്ടു ദിവസം മുമ്പ് വരെ ബി.ജെ.പിക്കെതിരെ കത്തി കയറിയിരുന്ന ഒരാൾ ഇത്രയും പെട്ടെന്ന് നിലപാട് മാറ്റുന്നതെങ്ങിനെയാണെന്ന് മനസിലാവുന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഓഫർ അവർക്ക് കിട്ടിയിരിക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
അതേസമയം കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന ചലച്ചിത്രതാരം ഖുഷ്ബുവിന്റെ പഴയ ട്വീറ്റുകൾ വീണ്ടും വൈറലായിരിക്കുകയാണ്. 2019 ഒക്ടോബറിൽ പോസ്‌റ്റ് ചെയ്ത ആറാം ഇന്ദ്രിയം ഇല്ലാത്ത മങ്കികളെ പോലെയാണ് സങ്കികൾ എന്ന ട്വീറ്റും ബി.ജെ.പി നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പാർട്ടിയാണെന്നുളള ട്വീറ്റും ഹെലികോപ്റ്ററിൽ യാത്ര ചെയ്യുമ്പോൾ ആളില്ലാത്ത ഭാഗത്തേക്ക് നോക്കി കൈവീശുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചുളള ട്വീറ്റ്... തുടങ്ങി ഖുഷ്ബു മുമ്പ് ബി.ജെ.പിയെ വിമർശിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റുകളെല്ലാം ഇപ്പോൾ വൈറലാണ്.

പഞ്ചാബിലെ കർഷകർ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഇസ്ലാം മതത്തിൽപ്പെട്ടവർ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം സഹിതം ഇതാണ് ഇന്ത്യയുടെ യഥാർത്ഥ നിറം എന്ന അടിക്കുറിപ്പോടെ ഒക്‌ടോബർ അഞ്ചിന് പോസ്റ്റ് ചെയ്ത ട്വീറ്റും വൈറലായവയിൽ ഉൾപ്പെടും.

ഖുഷ്ബുവിന്റെ ബി.ജെ.പി. പ്രവേശനത്തോടെ ബി.ജെ.പിക്ക് എതിരെയുള്ള നടിയുടെ രൂക്ഷവിമർശനങ്ങളെല്ലാം കുത്തിപ്പൊക്കൽ നേരിട്ടതോടെയാണ് വീണ്ടും വൈറലായത്. ഖുഷ്‌ബുവിന്റെ പഴയ ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം പറന്നു നടക്കുന്നുണ്ട്. രണ്ട് പാർട്ടി മാറിയ ബി.ജെ.പിയിൽ എത്തിയ അബ്‌ദുളളക്കുട്ടിയുടെ അതേ പരീക്ഷണമാണ് ഖുഷ്‌ബുവും ബി.ജെ.പിയിലേക്ക് ചേക്കേറുക വഴി നടത്തിയിരിക്കുന്നത്.