
കോട്ടയം: എട്ടു മാസം മുമ്പ് നടന്ന വൃദ്ധയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നെടുങ്കണ്ടം അണക്കരമെട്ട് ചരുവിള പുത്തൻവീട്ടിൽ ചന്ദ്രികയെ (75) കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ കേസിൽ മകൻ അനിൽകുമാർ (42), മകൾ അജിത (40) എന്നിവരുടെ കൈകളിൽ വിലങ്ങ് വീണു.കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു സംഭവം.
ധൃതിയിൽ സംസ്‌കാരം നടത്താൻ മക്കൾ ശ്രമിച്ചതാണ് കെണിയായത്. രഹസ്യവിവരത്തെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി സംസ്‌കാരം തടഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞതോടെയാണ് സ്വാഭാവിക മരണമെന്ന് പറഞ്ഞത് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതോടെ മകനും മകളും അകത്തായി. ഇവർ കുറ്റം സമ്മതിച്ചു. അമിതമായി മദ്യപിക്കുന്ന സ്വഭാവക്കാരിയാണ് ചന്ദ്രിക എന്നാണ് മക്കൾ പറയുന്നത്
മദ്യപിച്ചെത്തുന്ന അമ്മ തങ്ങളെ സ്ഥിരമായി ചീത്തവിളിക്കുമെന്നും ചില സമയങ്ങളിൽ കമ്പ് വച്ച് തല്ലുമായിരുന്നുവെന്നുമാണ് മകൻ പൊലീസിനോട് പറഞ്ഞത്. ഫെബ്രുവരി 16ന് രാത്രി മദ്യപിച്ച് ചന്ദ്രിക തെറിവിളിച്ചപ്പോൾ തല പിടിച്ച് ഭിത്തിയിൽ ഇടിച്ചുവെന്നും, മുറ്റത്തേക്ക് എറിഞ്ഞുവെന്നും അനിൽകുമാർ സമ്മതിച്ചു. മുറ്റത്ത് അനക്കമില്ലാതെ അമ്മ കിടന്നതോടെ അജിതയുടെ സഹായത്തോടെ എടുത്ത് വീട്ടിലാക്കി കട്ടിലിൽ കിടത്തി. മരിച്ചുവെന്ന് വ്യക്തമായതോടെ രാവിലെ തന്നെ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
പന്തികേട് തോന്നിയാണ് പൊലീസ് സംസ്‌കാരം തടഞ്ഞ് പോസ്റ്റുമോർട്ടത്തിന് മൃതദേഹം അയച്ചത്. മാസങ്ങൾകഴിഞ്ഞതോടെ ഒന്നും സംഭവിക്കില്ലായെന്ന് ധരിച്ച് അനിൽകുമാർ ഭാവഭേദമില്ലാതെ നടക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം നെടുങ്കണ്ടം എസ്.ഐ കെ.ദിലീപ് കുമാർ സ്റ്റേഷനിലേക്ക് അനിൽകുമാറിനെ വിളിച്ചുവരുത്തിയത്. തെളിവുകൾ നശിപ്പിച്ചതിനാണ് അജിതയുടെ പേരിൽ കേസ് എടുത്തിട്ടുള്ളത്. രക്തവും മണ്ണും പിടിച്ച വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കിയതും, അമ്മയെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോവാൻ സഹായിച്ചതിനും, സംഭവം മൂടിവച്ചതിനുമാണ് അജിതയുടെ പേരിലുള്ള കേസ്. കട്ടപ്പന ഡിവൈ.എസ്.പി രാജ് മോഹൻ ഉണ്ണിത്താന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്.