eee

ചെറിയ വീടിന്റെ മുമ്പിലുള്ള റോസാച്ചെടിയിൽ വലിയ ഒരു പൂവ് വിരിഞ്ഞിരിക്കുന്നു. മുറ്റത്തു തണുപ്പുണ്ട്. ആ മുൾറോസാച്ചെടിയിലെ ചെറിയ പടർപ്പിൽ ഒരു ചിലന്തി വല നെയ്‌തിട്ടിരിക്കുന്നു. ആ വല അവൾ ശ്രദ്ധിച്ചു

കാലത്തെ സൂര്യപ്രകാശത്തിന്റെ മഞ്ഞ വെളിച്ചത്തിന്റെ അഭൗമ ശോഭയിൽ തിളങ്ങുന്ന മഞ്ഞുകണങ്ങളെ മാളവിക സൂക്ഷിച്ചു നോക്കി. അതിരാവിലെ ഉള്ള മഞ്ഞുത്തുള്ളികൾ അവൾക്കെന്നും ഇഷ്ടമായിരുന്നു. അവ വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്നു. മഞ്ഞുത്തുള്ളികൾ ഇറ്റിറ്റു ഭൂമിയിലേക്ക് ഈറൻ വീഴ്‌ത്തുന്നത് കണ്ടു അവൾ. വെള്ളാരം മഞ്ഞുതുള്ളികളിൽ തട്ടി യുള്ള തിളക്കം മാളവികയുടെ കുഞ്ഞി കണ്ണുകളിലേക്കു വീണു, അവളുടെ മുഖം തെളിഞ്ഞു.കാലത്തേ പണിക്കുപോകാനായി തയ്യാറെറടുക്കുമ്പോൾ മാളവികയും ഉറക്കമുണരുമായിരുന്നു. കാലത്തേ തന്നെ അമ്മ പോയി കഴിഞ്ഞാൽ പിന്നെ മാളവികയുടെ കൂട്ട് മഞ്ഞും, വെയിലും കാലത്തേ മുറ്റത്തേക്ക് വരുന്ന കാക്കയും ഒക്കെ ആയിരുന്നല്ലോ.
ചെറിയ വീടിന്റെ മുമ്പിലുള്ള റോസാച്ചെടിയിൽ വലിയ ഒരു പൂവ് വിരിഞ്ഞിരിക്കുന്നു. മുറ്റത്തു തണുപ്പുണ്ട്. ആ മുൾറോസാച്ചെടിയിലെ ചെറിയ പടർപ്പിൽ ഒരു ചിലന്തി വല നെയ്‌തിട്ടിരിക്കുന്നു. ആ വല അവൾ ശ്രദ്ധിച്ചു. അതിൽ കുരുങ്ങിയ പ്രാണിയെ അവൾ നോക്കി. വലയുടെ ഒരു അരുകിൽ നിന്നും വലിയ ചിലന്തി വലയുടെ കുരുക്കിൽ പ്പെട്ടു കിടക്കുന്ന ഈച്ചയുടെ അടുത്തേക്ക് വരുന്ന്. ഈച്ച കഴിവതും ആ വലയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. രക്ഷയില്ലെന്ന് തോന്നുന്നു. മാളവികയ്‌ക്ക് സങ്കടം വന്നു, പാവം ഈച്ച.
നോക്കിനിൽക്കുമ്പോൾ തന്നെ സർക്കസുകാരനായ അഭ്യാസിയെപ്പോലെ ചിലന്തി ഇരയുടെ ഏകദേശം അടുത്തെത്തി ക്കഴിഞ്ഞു. ഒരു നിമിഷം. മാളവിക ചിലന്തിവല പൊട്ടിച്ചു. കുരുങ്ങി കിടന്ന ഈച്ച പറന്നുപോയി. ഒരു ജീവൻ താൻ രക്ഷിച്ചിരിക്കുന്നു. അവൾക്കു ഒരുപാടു സന്തോഷം തോന്നി. ഓണക്കാലമാണ്. അമ്മ കാലത്തേ എഴുന്നേറ്റു അൽപ്പം അകലെയുള്ള വലിയ വീട്ടിൽ പണിക്കു പോകുമ്പോൾ നാലാം ക്ലാസ്സുകാരിയായ മാളവികയും അമ്മയോടൊപ്പം ചിലപ്പോൾ പോകാറുണ്ട്.അവിടെ ആരൊക്കെയോ വലിയ ആളുകളുണ്ട്. മാളവിക ആരുടേയും കണ്ണിൽപ്പെടാതെ പിന്നാമ്പുറത്തെവിടെങ്ങിലും ഉണ്ടാകും. ഇടയ്‌ക്ക് അടുക്കള വശത്തു പൈപ്പിൽ നിന്ന് വെള്ളം കുടിക്കും. എല്ലാവരും കഴിച്ചു കഴിയുമ്പോൾ അമ്മ ഒരു പാത്രത്തിൽ ചോറും കറികളുമായി വീടിന്റെ പിന്നാമ്പുറത്തുള്ള കന്നാലി തൊഴുത്തിന്റെ അരികിലേക്ക് വരും. ചിലപ്പോൾ അമ്മയും കൂട്ടിരിക്കും അവൾ കഴിച്ചു കഴിയുന്നത് വരെ പലപ്പോഴും അമ്മയ്‌ക്ക് തിരക്കായിരിക്കും. അപ്പോൾ അവൾ തന്നെയിരുന്നു കഴിക്കും. മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ അവൾ ഇഷ്‌ടപ്പെടാത്തതിന് ഒരു കാരണവും ഉണ്ടായിരുന്നു. ആകെയുള്ളത് രണ്ടു ജോഡി പഴയ ഉടുപ്പുകളാണ്. അതാകട്ടെ അകെ നരച്ചു. ഒരെണ്ണം പിഞ്ഞിത്തുടങ്ങിയിക്കുന്നു. ആ ഉടുപ്പും ഇട്ടുകൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ. തൊഴുത്തിലെ പശുക്കളും അവറ്റകളുടെ കിടാക്കളും അവളുടെ കൂട്ടുകാരായി. തൊഴുത്തിന് പിന്നിൽ ചെറിയൊരു ആടിന്റെ കൂടുമുണ്ട്. അവിടെ അഞ്ചാറു വലിയ ആടുകളും ഏതാനും കുട്ടികളും.
ഒരിക്കൽ അവൾ നോക്കിയപ്പോൾ തള്ളയാട് തീറ്റയൊക്കെ കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു. സാകൂതം ശ്രദ്ധിച്ച അവൾ അത് കണ്ടു. ആടിന് എക്കിൾ വരുന്നു. മനുഷ്യർ ഓർമ്മകൾ അയവിറക്കുന്നതായി ഏലിയാമ്മ ടീച്ചർ പറഞ്ഞ് അവൾ കേട്ടിട്ടുണ്ട്. ആട് ഓർമ്മകൾ ആണോ അയവിറക്കുന്നത്. അവൾക്ക് അദ്ഭുതമായിരുന്നു. ആ ഇക്കിളിൽ ഒരു ചെറിയ ഉരുളയായിട്ട് അതിന്റെ വായിലേക്ക് വരുന്നു. അത് നന്നായി ചവച്ചു അരച്ച് ഇറക്കുന്നു. അപ്പൊ ഇവ വലിച്ചുവാരി അകത്താക്കി എവിടെയോ സൂക്ഷിച്ചുവയ്‌ക്കുന്നു. പിന്നെ സമയം പോലെ സാവധാനം ചവച്ചരച്ചു ചവച്ചരച്ചിറക്കുന്നു. പിന്നീടാണവൾക്ക് മനസിലായത് മുമ്പ് കഴിച്ച പ്ലാവിലയാണ് ആട് അയവിറക്കിയതെന്ന്. തൊഴുത്തിന് പിന്നാമ്പുറത്തിരുന്നു അവൾ കഞ്ഞിയും കറിയും വച്ച് രസിച്ചു. ചിരട്ടയിൽ മണ്ണെടുത്തു സാങ്കൽപ്പിക ചോറാക്കി. ഇലകൾ കറിയും. പൈപ്പിൽ നിന്ന് വെള്ളമെടുത്ത് പിന്നെ ചിരട്ടയിൽ മണ്ണ് കുഴച്ചു ദോശയുണ്ടാക്കി. മാളവികയുടെ ലോകത്ത് അവൾ മാത്രം.
ഇടയ്‌ക്കു തുള്ളിചാടിവന്ന വെളുവെളുത്ത ആട്ടിൻ കുട്ടി അവളുടെ മണ്ണ് കൊണ്ടുണ്ടാക്കിയ ചിരട്ടക്കലം തളിമറിച്ചിട്ടു... അവൾ ചിണുങ്ങി. പിന്നെയും ചിരട്ടയിൽ മണ്ണെടുടുത്തു മാളവിക. അവിയൽ, തോരൻ, സാമ്പാർ... അങ്ങനെ അങ്ങനെ. അവൾ വല്ലപ്പോഴും വലിയ വീടിന്റെ അടുക്കളയിൽ നിന്നും അമ്മ കൊണ്ടുവരുന്ന അവശേഷിക്കുന്ന ഭക്ഷണം കഴിച്ച. ഓർമ്മയിൽ ഉണ്ടാക്കി രസിച്ചു. ചിലപ്പോൾ അമ്മ അവളെ കൊണ്ടുപോകാറില്ല. വലിയ വലിയ ആളുകൾ അവിടെ വരുമത്രേ. അപ്പോൾ ചിലനേരത്ത് മാളവികയെ ശ്രദ്ധിക്കാൻ അമ്മയ്‌ക്ക് കഴിയാറില്ല. അങ്ങനെയുള്ള നേരത്ത് അമ്മ പോയി കഴിഞ്ഞാലുടൻ അവൾ വീടിന്റെ പിന്നാമ്പുറത്തുള്ള വിജനമായ പഴയ മനയ്‌ക്കടുത്തേക്കു ചെല്ലും. ചെല്ലും. വിദേശത്തുള്ള ആരുടെയോ പറമ്പാണത്. വളരെ പഴക്കം ചെന്നത്. വാങ്ങിയവർ അമേരിക്കയിലോ മറ്റോ ആണ് അവർ അങ്ങോട്ടേക്ക് വരാറുപോലുമില്ല. അവിടെ വലിയൊരു പടർന്നു പന്തലിച്ച ചക്കരമാവുണ്ട്. അതിന്റെ ചുവട്ടിലേക്ക് അവൾ പോകും. തന്നെയിരുന്നു മാവിനോട് കഥകൾ പറയും, അവളുടെ സങ്കടങ്ങളും പരിഭവങ്ങളുമെല്ലാം. അച്‌ഛനെക്കുറിച്ച് പറഞ്ഞു കേട്ടറിവേയുള്ളൂ.
അവരെ ഉപേക്ഷിച്ചു പോയതാണെന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. അവൾക്കുള്ള പുത്തനുടുപ്പും കളിപ്പാട്ടങ്ങളുമായി പടികടന്നെത്തുന്നത് അവളുടെ നിത്യസ്വപ്‌നമായിരുന്നു. കൊതിയാർന്ന മോഹങ്ങൾ അവൾ ആ ചക്കരമാവുമായി പലവട്ടം പങ്കുവയ്‌ക്കാറുണ്ടായിരുന്നു. ആ ചക്കരമാവിനപ്പുറത്തു കുറെ ചിതൽ പുറ്റുകൾ മാളവിക പലപ്പോഴും കണ്ടിരുന്നു. അമ്മയോട് ചോദിച്ചപ്പോൾ അമ്മ ഒരു കഥ പറഞ്ഞിരുന്നു. ചില ചിതൽ പുറ്റുകളിൽ നിധി സൂക്ഷിക്കാറുണ്ടത്രെ... ഇടിമുഴക്കത്തോടെയുള്ള കനത്ത മഴയിൽ ഭൂമി ഇളകുമെന്നും ഭൂമിയ്‌ക്കടിയിലുള്ള നിധികുംഭങ്ങൾ ചിതൽ പുറ്റുകളിലൂടെ പുറത്തു വരുമെന്നും നന്മയുള്ളവര്ക്ക് മാത്രം അത് ലഭിക്കുമെന്നും മാളവികയോട് അമ്മ എന്നോ പറഞ്ഞത് അവൾ ഓർത്തു. ആ നിധി കൂമ്പാരത്തിനു കാവലായി കരിനാഗങ്ങളും ഉണ്ടാവും. പക്ഷേ അവയെ നമ്മൾക്ക് കണ്ണൻ കഴിയില്ല. അരൂപികളായി അവർ നമ്മുടെ ചെയ്തികൾ കാണുമത്രെ. നമ്മുടെ സങ്കടങ്ങൾ കേൾക്കുകയും ചെയ്യും. ദുഷ്ട മനസുള്ള ആളുകൾക്കെ അവയെ കാണാൻ കഴിയുള്ളൂ
അവറ്റകൾ ചിതൽ പുറ്റിനുള്ളിലുള്ള നിധിയുടെ സൂക്ഷിപ്പുകാരാണ്. തിന്മയുള്ള ആളുകൾ മാത്രം അവരെ കാണും. അവർ ഭയപ്പെട്ടു ഓടിപ്പോകും. അരൂപികൾ പലരൂപത്തിൽ വരും. ചിലപ്പോൾ കഴുകനായും, മറ്റു ചിലപ്പോൾ കാക്കയായും. പോത്തിന്റെ രൂപത്തിലും , ഒക്കെ എന്നതും അവൾക്കു പുതിയ അറിവായിരുന്നു. പാവമാണല്ലോ. മാളവിക. അതുകൊണ്ടു തന്നെ അവൾ ഇത് വരെ കരിനാഗങ്ങളെ കണ്ടിട്ടില്ല. സാധുക്കളായവർക്ക് കരിനാഗങ്ങൾ ആ നിധി ഒരിക്കൽ കാട്ടിക്കൊടുക്കീന്നും അമ്മ പറഞ്ഞിരുന്നു. ഇപ്പൊ ചിതൽ പുറ്റുകൾ കുറെ കൂടി വലുതായിരിക്കുന്നു. തനിക്കു നിധി കിട്ടിയാൽ അമ്മയെ പിന്നെ താൻ ഒരിക്കലും ജോലിക്കയയ്ക്കുകയില്ലെന്നു അവൾ മനസ്സിൽ ഉറപ്പിച്ചു.
നല്ല ഭംഗിയുള്ള ഒരു കൊച്ചു വീട് പണിയണം. അമ്മയ്‌ക്ക് നല്ല കുറെ സാരികൾ വാങ്ങിക്കൊടുക്കണം. അമ്മയ്‌ക്ക് ഇഷ്ടം പോലെ നല്ല ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കണം. അങ്ങനെ അങ്ങനെ ഒരുപാടു സ്വപ്നങ്ങൾ ആ കുഞ്ഞു മനസ്സിൽ അവൾ കൊണ്ടുനടന്നു. അന്ന് അമ്മ വൈകിയാണ് ഇരുൾ മൂടിത്തുടങ്ങിയുന്നു. അമ്മ കൊണ്ടുവന്ന തണുത്ത പലഹാരങ്ങൾ അവൾ കഴിച്ചു. വന്ന പാടെ അമ്മ കുളിച്ചു , പിന്നെ അവളൂടെ സംസാരിക്കാൻ അധികം നിൽക്കാതെ നിലത്തു പായ വിരിച്ചു കിടന്നു. അമ്മ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നത് അവൾ കണ്ടു. കുറെ കൂടി രാത്രിയായപ്പോൾ അവൾ മണ്ണെണ്ണ വിളക്കണച്ചു അമ്മയോടൊപ്പം ചേർന്ന് കിടന്നു. മെല്ലെ നീണ്ട ഉറക്കത്തിലേക്ക് അവൾ കൂപ്പുകുത്തി. നിറമുള്ള സ്വപ്നങ്ങൾ. അച്‌ഛൻ കൈയിൽ നിറയെ സമ്മാനങ്ങളുമായി. അച്ഛൻ പാന്റ്സും ഷർട്ടുമിട്ടു നിൽക്കുന്നു. അവൾക്കു പളപളാ മിന്നുന്ന കുഞ്ഞുടുപ്പ്, കഴിലിടാൻ തിളങ്ങുന്ന കല്ലുമാല...അങ്ങനെ അങ്ങനെ ഒരുപാട്, അച്‌ഛൻ അവളെ ചേർത്ത് പിടിച്ചു ഒരുപാട് കഥകൾ പറഞ്ഞു തന്നുകൊണ്ടിരുന്നു. അവൾ അച്ഛന്റെ കട്ടിയുള്ള മീശ പിരിച്ചു രസിച്ചു. .അമ്മ അച്ഛന് കൊടുക്കാനുള്ള ഭക്ഷണത്തിന്റെ തിരക്കിൽ അടുക്കളയിലും.
''ഇത്രയും നാൾ എവിടെയായിരുന്നച്‌ഛൻ.""

അവളുടെ ചോദ്യത്തിനെല്ലാം അയാൾ മറുപടികൊടുത്തു കൊണ്ടിരുന്നു...
പെട്ടെന്നുള്ള ഒരു ഇടി മുഴക്കത്തിന്റെ പ്രകമ്പനത്തിൽ അവൾ സുന്ദരമായ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. പകച്ചു നോക്കിയ അവളുടെ മുമ്പിൽ കുറ്റിരുട്ട് മാത്രം. ഇടിമുഴക്കത്തിന്റെ അലകൾ അകന്നകന്നു പോയി. അവിടെ അച്ഛനുമില്ല , കളിപ്പാട്ടങ്ങളുമില്ല , കല്ലുമാലയുമില്ല...അമ്മയുടെ കൂർക്കം വലിയുടെ ഒച്ച മാത്രം. ആകാശത്തു വലിയ ശബ്ദത്തിൽ. വീണ്ടും ഇടി കുടുങ്ങി...ഭൂമിയുടെ ഉള്ളറകളിൽ നിന്നും പ്രകമ്പനങ്ങൾ തിരമാലകൾ പോലെ. അവിടം ഒന്ന് കുലുങ്ങി. പിറകെ അതിശക്തമായ മഴയും. കൂരയുടെ മുകളിൽ പാട്ട ഷീറ്റിൽ വെള്ളം വന്നു വീഴുന്ന ശബ്‌ദം, മഴവെള്ളം ഒഴുകുന്ന ഒച്ച അവൾ കേട്ടു. എപ്പോഴോ അവൾ ഉറങ്ങിയിരുന്നു. രാവിലെ അമ്മ പണിക്കു പോയി കഴിഞ്ഞ ഉടനെ അവൾ അടുത്ത മനയുള്ള പറമ്പിലേക്കോടി. ഇന്നലത്തെ കനത്ത മഴയിൽ കൂറ്റൻ ചിതൽ പുറ്റുകൾ തെളിയുമെന്നും
അരൂപിയായ നാഗത്താൻമാർ തനിക്കു ഭൂമിയുടെ മടിത്തട്ടിൽ ചിതൽ പുറ്റിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന നിധി ശേഖരം കാട്ടിത്തരുമെന്നും മാളവിക വിശ്വസിച്ചു. ഓടി പഴയ ചക്കര മാവ് കടന്നപ്പോഴേ അവൾ കണ്ടു. തകർന്നടിഞ്ഞിരിക്കുന്ന ചിതൽ പുറ്റ്, അതിന്റെ മുകൾ വശം മുഴുവൻ കഴിഞ്ഞ ദിവസത്തെ മഴയിൽ കുതിർന്നു പോയിരിക്കുന്നു. പകരം കറുത്ത വലിയ ഉറുമ്പുകൾ മേഞ്ഞു നടക്കുന്നത് അവൾ കണ്ടു. ചുറ്റുപാടും അവൾ സൂക്ഷിച്ചു നോക്കി. ഒരു കാക്ക പതിവില്ലാതെ ചക്കരമാവിവന്റെ താഴത്തെ കൊമ്പിൽ വന്നിരുന്നു. ഒരു പക്ഷേ ഇന്നുമുതൽ നാഗങ്ങൾക്ക് പകരം കാക്കയായിരിക്കും നിധിക്കു കൂട്ടിരിക്കുന്നതെന്നു ഊഹിച്ചു അവൾ. വീട്ടിലേക്കു നടക്കുമ്പോൾ ഒരുവേള അവൾ തിരിഞ്ഞു നോക്കി. അരൂപി ആയ നാഗത്താൻമാർ അവിടെ പ്രത്യക്ഷപ്പെട്ടു നിധി കാണിച്ചു തരുന്നുണ്ടോ എന്നറിയാൻ...