
ന്യൂഡൽഹി: ഹാഥ്‌രസ് കൊലപാതക കേസിലെ പെൺകുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ദേഹാസ്വാസ്ഥ്യം. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അച്ഛന് രക്തസമ്മർദം ഉയർന്നെങ്കിലും ആശുപത്രിയിലേക്ക് പോകാൻ അദ്ദേഹം വിസമ്മതിച്ചു. ഇതേ തുടർന്ന് ചീഫ് മെഡിക്കൽ ഓഫീസർ വീട്ടിലെത്തി പരിശോധന നടത്തി. ഹൈക്കോടതി നടപടികളിൽ പങ്കെടുത്ത് ഇന്നലെ രാത്രി വൈകിയാണ് കുടുംബം ഹാഥ്‌രസിലേക്ക് മടങ്ങിയെത്തിയത്.
അതേസമയം ഹാഥ്‌രസ് കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ പാടത്ത് അന്വേഷണസംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. പെൺകുട്ടിയെ സംസ്കരിച്ച സ്ഥലത്തും അന്വേഷണസംഘം പോയി. കുടുംബത്തിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും.