
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്കായി അടിസ്ഥാനസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ ഓരോ 50 കിലോമീറ്റർ ദൂരത്തിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത്തരത്തിൽ ജില്ലകളിൽ 25 സ്റ്രേഷനുകളാണ് ഒരു ജില്ലയിലുണ്ടാവുക. ഒരു വർഷത്തിനുള്ളിലായിരിക്കും ഇത്രയും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇലക്ട്രിക് വാഹനങ്ങളോട് ജനം മുഖം തിരിക്കുന്നതിന് പ്രധാനകാരണം തന്നെ ആവശ്യമായ ചാർജിംഗ് സ്റ്റേഷനുകളില്ലാത്തതാണ്.
ദേശീയപാതകളിലും എം.സി റോഡിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനാകും മുൻഗണന. ഇതിനായി സ്വകാര്യ സംരംഭകരെ സർക്കാർ ക്ഷണിച്ചു കഴിഞ്ഞു. എൻ.എച്ചിലും എം.സി റോഡിലും സ്വന്തമായി സ്ഥലമുള്ളവർക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങൾ അനർട്ട് ചെയ്തു നൽകും. സ്ഥലം ഇല്ലാത്തവരാണെങ്കിൽ പണം മുടക്കിയാൽ അനർട്ട് തന്നെ സ്ഥലം കണ്ടെത്തി നൽകും. കെ.എസ്.ഇ.ബിയുടെയോ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ സ്ഥലത്തോ, സ്വകാര്യ ഏജൻസികളുടെ സ്ഥലങ്ങളിലോ ഇത്തരത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സഹായങ്ങളാണ് അനർട്ട് നൽകുക.
 മാർച്ചിൽ 300 വാഹനങ്ങൾ
അടുത്ത വർഷം മാർച്ചോടെ 300 ഇലക്ട്രിക് വാഹനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾക്ക് നൽകാനാണ് അനർട്ട് ശ്രമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നതോടെ ഇത് ആയിരമായി ഉയർത്താമെന്ന പ്രതീക്ഷയിലാണ് അവർ.എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ (ഇ.ഇ.എസ്.എൽ) പദ്ധതിയിലൂടെയാകും അനർട്ട് ഇ വാഹനങ്ങൾ വാങ്ങുക. തുടർന്ന് സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകും. ഓരോ വാഹനങ്ങൾക്കും വാടക വ്യത്യസ്തമായിരിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും ഇൻഷ്വറൻസ് അടക്കമുള്ള ചെലവുകളും അനർട്ടായിരിക്കും വഹിക്കുക
 'പൈലറ്റിൽ' തുടങ്ങി മൂന്ന് ഘട്ടം
പൈലറ്റ്, കവറേജ്, സ്‌കെയിലിംഗ് എന്നീ മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമായ പൈലറ്റിലുൾപ്പെടുത്തിയാണ് കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്വന്തം സ്ഥലത്ത് കെ.എസ്.ഇ.ബി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. 12 കോടിയാണ് ഇതിന് ചെലവിടുക. ആദ്യ സ്റ്റേഷൻ തിരുവനന്തപുരം നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂർത്തിയായിരുന്നു. 80 കിലോവാട്ട് ശേഷിയുള്ള ഈ സ്റ്റേഷനിൽ ഒരേ സമയം മൂന്ന് കാറുകൾ ചാർജ് ചെയ്യാനാവും. 45 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയാണ് ബാറ്ററി പൂർണമായും ചാർജാകാൻ വേണ്ട സമയം. ഭാഗികമായോ നിശ്ചിത തുകയ്‌ക്കോ ചാർജ് ചെയ്യാം. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ് പോയിന്റുകളും ഈ സ്റ്റേഷനുകളിൽ ലഭ്യമായിരിക്കും. കവറേജ് ഘട്ടത്തിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം സ്‌റ്റേഷനുകൾ ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്‌റ്റേഷനുകൾ നിർമിക്കുന്നതാണ് സ്‌കെയിലിംഗ് ഘട്ടം. രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങൾ, ആയിരം ചരക്കുവാഹനങ്ങൾ, 50,000 ത്രീ വീലറുകൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവടയക്കം 2022ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
 യൂണിറ്റിന് അഞ്ചുരൂപ
വ്യക്തികളോ സംരംഭകരോ അവരുടെ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചാൽ അവർക്ക് യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ വൈദ്യുതി നൽകാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമധാരണ ആയി വരുന്നതേയുള്ളൂ.