
1965ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിലെ മുസ്ളീം റജിമെന്റ് പാകിസ്ഥാനെതിരെ യുദ്ധംചെയ്യാൻ വിസമ്മതിച്ചു. കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. രാജ്യത്ത് സാമുദായിക പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതുമാത്രമാണ് സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം. ഇന്ത്യൻ സൈന്യത്തിൽ മുസ്ളീം റജിമെന്റ് എന്നൊരു വിഭാഗം ഇല്ല എന്നതാണ് സത്യം. ഒപ്പം ജാതീയമായ ഒരു വേർതിരിവും സൈന്യത്തിലില്ല. ഹിന്ദുവും, ക്രിസ്ത്യനും മുസ്ലീമുമെല്ലാം ഒരേമനസോടെ പിറന്ന നാടിന്റെ അഭിമാനം കാക്കാൻ പാേരാടുകയാണ് ചെയ്യുന്നത്.
പാകിസ്ഥാനെതിരെ ധീരമായി പോരാടി വീരചരമമടഞ്ഞ നിരവധി മുസ്ളീം സമുദായക്കാരാണ് ഇന്ത്യൻ പട്ടാളത്തിലുളളത്. യഥാർത്ഥത്തിൽ, പാകിസ്ഥാനുമായുളള യുദ്ധത്തിലെ ധീരതയ്ക്ക് പരംവീർ ചക്ര ലഭിച്ച ഹവിൽദാർ അബ്ദുൾ ഹമീദിനെപ്പോലുളളവരെ അപമാനിക്കുകയാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ ചെയ്യുന്നത്. സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചുകൊണ്ടാണ് അവർ പാകിസ്ഥാൻ പട്ടാളത്തെ നേരിട്ടത്. അവരുടെ ധീരതയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് വന്നതോടെ പാകിസ്ഥാൻ ഇന്ത്യയ്ക്കുമുന്നിൽ മുട്ടുകുത്തുകയായിരുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യഭരിച്ചിരുന്ന കാലത്ത് സിക്ക് റെജിമെന്റ് , ഗഢ്‌വാൾ റൈഫിൾസ്, കുമയൂൺ റെജിമെന്റ്, ജാട്ട് റെജിമെന്റ്, മഹർ റെജിമെന്റ് ,രജ്പുത് റെജിമെന്റ് എന്നീ വിഭാഗങ്ങളാണ് സൈന്യത്തിൽ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം റെജിമെന്റുകളുടെ സമ്പന്നമായ ചരിത്രം സംരക്ഷിക്കുന്നതിനായി പേരുകൾ പാേലും മാറ്റാതെ സ്വതന്ത്ര ഇന്ത്യയുടെ സൈന്യത്തിലും നിലനിറുത്തുകയായിരുന്നു. ഈ സത്യം മനസിലാക്കാതെയാണ് മുസ്ളിം റെജിമെന്റ് ഇന്ത്യൻ സൈന്യത്തിലുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുന്നത്.
'സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ സൈന്യത്തിലുണ്ടായിരുന്ന മുസ്ലീം ഉദ്യോഗസ്ഥരും പട്ടാളക്കാരും പാകിസ്ഥാനിലേക്ക് കുടിയേറി. വിവിധ മതസ്ഥരായ ഇന്ത്യൻ യുവാക്കളെ സൈന്യത്തിലേക്ക് കൂടുതൽ റിക്രൂട്ട് ചെയ്താണ് കൊഴിഞ്ഞുപോക്ക് പ്രശ്നം പരിഹരിച്ചത്. സൈന്യത്തിലെടുക്കാൻ ഒരു മതവിഭാഗത്തിനും ഒരുതരത്തിലുളള ഇളവും അനുവദിച്ചിരുന്നില്ല. ശാരീരിക ക്ഷമതയായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്'- മുൻ പട്ടാള ഉദ്യാേഗസ്ഥനായ സൈദ് അറ്റാ ഹസ്നിൻ പറയുന്നു. മുസ്ളിം സമുദായക്കാരായ പട്ടാളക്കാരുടെ എണ്ണമെടുക്കുന്നുണ്ട് എന്നതരത്തിലും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിലും സത്യം ലവലേശം ഇല്ലെന്നതാണ് സത്യം.
സർജിക്കിൽ സ്ട്രൈക്കിലൂടെ പാകിസ്ഥാന് ചുട്ടമറുപടി നൽകിയും അതിർത്തിയിൽ നുഴഞ്ഞുകയറാനെത്തിയ ചൈനീസ് പട്ടാളത്തിന് തിരിച്ചടി നൽകിയും ഭാരതത്തിന്റെ യശസ് കാത്ത ഇന്ത്യൻ സൈന്യത്തെ ഇകഴ്ത്തിക്കാണിക്കുക മാത്രമാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം. പക്ഷേ, അതിൽ അവർ വിജയിക്കില്ലെന്നു മാത്രം.