
സ്വർണത്തേക്കാൾ കൂടുതൽ വെള്ളി ആഭരണങ്ങളോട് ഒരിത്തിരി ഇഷ്‌ടക്കൂടുതലുള്ളവർ ന്യൂജെൻ തലമുറയിലുണ്ട്. നേർത്ത ചെയിനും മൂക്കുത്തിയും കമ്മലുമൊക്കെ ആ ഇഷ്‌ടങ്ങൾക്കനുസരിച്ച് ഭംഗിയായി തുടങ്ങിയിട്ടുമുണ്ട് വിപണിയിൽ. വെള്ളി ആഭരണങ്ങളെ എങ്ങഇെ കാത്തുസൂക്ഷിക്കുമെന്ന് നോക്കാം.
തിളക്കം നഷ്‌ടപ്പെടാതെ
ശരീരത്തിന് കരുതലും പരിചരണവും എത്രത്തോളം ആവശ്യമാണോ അത്ര തന്നെ അത്യാവശ്യമാണ് ആഭരണങ്ങൾക്ക് വേണ്ടുന്ന പരിചരണവും അറ്റകുറ്റപ്പണികളും. അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള പൊടിയും മലിനീകരണവുമെല്ലാം മൂലം നിങ്ങളുടെ സ്വർണ്ണം, വെള്ളി ആഭരണങ്ങളിൽ അഴുക്ക് പറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല, ആഭരണങ്ങൾ ഒരുപാട് കാലം ഉപയോഗിക്കുമ്പോൾ അതിന്റെ തിളക്കവും നഷ്ടപ്പെടും.
ബാഗുകളിൽ സൂക്ഷിക്കാം
വെള്ളി ആഭരണങ്ങൾ പ്രത്യേകം ബാഗുകളിൽ സിലിക്ക ജെൽ പാക്കറ്റുകൾ സഹിതം സൂക്ഷിക്കുക. സിലിക്ക ജെൽ അന്തരീക്ഷരത്തിൽ നിന്നുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുക്കുകയും ആഭരണങ്ങൾ കറുത്തുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ആഭരണങ്ങൾ ഉണക്കി സൂക്ഷിക്കാൻ പേപ്പർ ടിഷ്യൂ ഉപയോഗിച്ചാൽ വര വീഴാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ കോട്ടൺ ഉപയോഗിക്കുന്നതാണ് ഉത്തമം. പുറം ഭാഗം കടുപ്പമുള്ളതും അകം മൃദുവായതുമായ പെട്ടിയിൽ സൂക്ഷിക്കുക. ഇത് പുറമെ നിന്നുള്ള സമ്മർദത്തിൽ ആഭരണം കേടാകാതെ സൂക്ഷിക്കാൻ വഴിയൊരുക്കും. നനവും ഈർപ്പവും ഒഴിവാക്കുക. ഈർപ്പവും കുറഞ്ഞ ഊഷ്‌മാവ് ഉള്ളതുമായ സ്ഥലങ്ങളിൽ ഇവ സൂക്ഷിക്കാതിരിക്കുക. പരസ്പരം ഉരസുന്ന രീതിയിൽ സൂക്ഷിക്കാതിരിക്കുക. മഴക്കാലത്ത് ഈർപ്പം കൂടുതലും അന്തരീക്ഷ ഊഷ്‌മാവ് കുറഞ്ഞുമിരിക്കും. ഇത് ആഭരണങ്ങളെ പ്രതികൂലമായി ബാധിക്കും.
ജലസാന്നിദ്ധ്യം വേണ്ട
കുളിക്കുന്നതിനും കൈ കഴുകുന്നതിനും മുമ്പ് ആഭരണങ്ങൾ അഴിച്ചുവക്കുന്നതാണ് നല്ലത്. മഴയത്ത് പുറത്തുപോകുമ്പോഴും അവ കഴിവതും ഒഴിവാക്കുക. മഴക്കാലത്ത് വെള്ളി ആഭരണങ്ങൾ കറുത്തുപോകുന്ന പ്രവണതയുണ്ട്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. നേരിയ കോട്ടണും ഇളം ചൂടുള്ള വെള്ളവും ഉപയോഗിക്കുക. കോട്ടൺ ഉപയോഗിച്ച് തന്നെ തുടച്ച് ഉണക്കി സൂക്ഷിക്കുക.
ഇങ്ങനെ വൃത്തിയാക്കാം
വെള്ളിയാഭരണങ്ങൾ വൃത്തിയാക്കാൻ ഏറ്റവും നന്നായി ഉപകരിക്കുന്ന വസ്തുക്കളാണ് ഈ പാത്രം കഴുകുന്ന പൊടിയും ലോഷനുമെല്ലാം. ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് കുറച്ച് പാത്രം കഴുകുന്ന പൊടി ചേർക്കുക. ആഭരണം കുറച്ച് നേരം അതിൽ മുക്കി വയ്ക്കുക. അതിനുശേഷം ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് ആഭരണത്തിൽ ഉരച്ച് വൃത്തിയാക്കുക. അപ്പോൾ ആഭരണത്തിന്റെ വശങ്ങളിലും ചെറുസുഷിരങ്ങളിലുമെല്ലാം പറ്റിപ്പിടിച്ച അഴുക്ക് ഇളകി വരുന്നത് കാണാം. അതിന് ശേഷം ആഭരണം തെളിഞ്ഞ വെള്ളത്തിൽ കഴുകിയിട്ട് മൃദുവും വൃത്തിയുള്ളതുമായ തുണി വച്ച് തുടയ്ക്കുക. ആഭരണങ്ങൾ വൃത്തിയാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗങ്ങളിൽ ഒന്നാണിത്. ടൂത്ത്‌പേസ്റ്റും ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്.