
ഒാൺലൈനിൽ മുന്തിയ ഇനം പൂച്ചയെ ഓർഡർ ചെയ്ത ഫ്രഞ്ച് ദമ്പതികൾക്ക് ലഭിച്ചത് കടുവക്കുട്ടിയെ. വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നാം. പക്ഷേ, സംഗതി സത്യമാണ്. കടുവക്കുട്ടിയെ ലഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവർ സത്യാവസ്ഥ തിരിച്ചറിഞ്ഞത്. വാങ്ങുമ്പോൾ കടുവക്കുട്ടിയുടെ പ്രായം മൂന്ന് മാസമായിരുന്നു. നോർമാണ്ടിയിലെ തുറമുഖ നഗരമായ ലെ ഹാവ്രെയിലെ ദമ്പതികളാണ് കെണിയിൽപ്പെട്ടത്. ഒരു ഓൺലൈൻ പരസ്യം കണ്ടതോടെയാണ് സവന്ന ഇനത്തിലുള്ള പൂച്ചയെ വാങ്ങാൻ ദമ്പതികൾ തീരുമാനിച്ചത്. ആറായിരം യൂറോയാണ് ഇതിനായി ചെലവിട്ടത്. സവന്ന പൂച്ചയെ വളർത്താൻ ഫ്രാൻസിൽ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, ലഭിച്ചത് ഇന്തോനേഷ്യയിൽ നിന്നുളള സുമാത്രൻ കടുവയാണെന്ന് പിന്നീടാണ് മനസിലായത്. സംരക്ഷിത മൃഗമായത് കൊണ്ട് കടുവകളെ വളർത്തുമൃഗമായി പരിപാലിക്കാനുള്ള നിയമവ്യവസ്ഥയില്ല. അതോടെ കേസായി. ദമ്പതികൾ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിലായി. സംരക്ഷിത മൃഗത്തെ കടത്തിയതുമായി ബന്ധപ്പെട്ടാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കേസിൽ നിരപരാധിത്വം തെളിയിക്കാനായതോടെ ദമ്പതികളെ പൊലീസ് വിട്ടയച്ചു.