state-film-awards

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡിന് യുവത്വത്തിന്റെ തിളക്കം. ഇത്തവണ അവാർഡിന് അർഹരായവരിൽ ഭൂരിപക്ഷവും യുവാക്കളാണ്. ഇത്രയധികം ചെറുപ്പക്കാർക്ക് അവാർഡ് കിട്ടിയ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം അടുത്തിടെ ഉണ്ടായിട്ടില്ല. സമാന്തര സിനിമകൾക്ക് പ്രോത്സാഹനം നൽകാൻ ശ്രദ്ധിച്ച ജൂറി ചെറുപ്പക്കാരെ കണ്ടുപിടിച്ച് അവരെ അഭിനന്ദിക്കാനും മറന്നില്ല. അവസാന റൗണ്ടിൽ താരങ്ങളുടെ നിരയിലും സാങ്കേതിക പ്രവർത്തകരുടെ നിരയിലും യുവാക്കൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. ഒടുവിൽ അവാർഡിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് സംബദ്ധിച്ച ചർച്ചകൾ ഇന്നലെ രാത്രിയോളം നീണ്ടു.

മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും തിരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമായി. കഴിഞ്ഞ വർഷങ്ങളിൽ പലതവണ അവസാന റൗണ്ട് വരെ എത്തിയ ശേഷം കപ്പിനും ചുണ്ടിനുമിടയിലാണ് സുരാജിന് അവാർഡ് നഷ്‌ടമായത്. 43 വയസുകാരനായ സുരാജ് ആൻ‌ഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ 74കാരന്റെ വേഷം അഭിനയിച്ചാണ് ജൂറിയുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. വികൃതിയിലെ അസാമാന്യ അഭിനയവും സുരാജിന് മികച്ച നടനുളള അവാർഡ് ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. സജിൻ ബാബുവിന്റെ ബിരിയാണിയിലെ അഭിനയമാണ് കനി കുസൃതിക്ക് മികച്ച നടിക്കുളള അവാർഡ് നേടി കൊടുത്തത്.

ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശേരി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫഹദ് ഫാസിൽ സ്വഭാവ നടനും സ്വാസിക സ്വഭാവ നടിയുമായി. അഭിനയത്തിനുളള പ്രത്യേക ജൂറി പരാമർശത്തിന് അന്നാ ബെന്നും നിവിൻ പോളിയും പ്രിയംവദ കൃഷ്‌ണനും അർഹരായി. ഫഹദും നിവിനും അന്നയും സ്വാസികയും പ്രിയംവദയും അടക്കമുളളവർക്ക് ലഭിച്ച അവാർഡുകൾ മലയാള സിനിമയുടെ യുവനിരയ്‌ക്ക് ലഭിച്ച അംഗീകാരമായി.

119 സിനിമകളാണ് ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നത്. അതിൽ അമ്പത് ശതമാനത്തിലധികം എൻട്രികളും നവാഗത സംവിധായകരുടേതായിരുന്നു. 71 സിനിമകളാണ് നവാഗത സംവിധായരുടേതായി ഉണ്ടായിരുന്നത്. മലയാള സിനിമയിലേക്ക് ഇത്രയധികം നവാഗത സംവിധായകരുടെ കടന്നുവരവ് പ്രതീക്ഷ നൽകുന്നതായി അവാർഡ് പ്രഖ്യാപിച്ച മന്ത്രിയും പറഞ്ഞു. സിദ്ധാർത്ഥ് പ്രിയദർശൻ, രതീഷ് പൊതുവാൾ, മധു സി നാരായണൻ, നജീം അർഷാദ്, സുജീഷ് ഹരി തുടങ്ങി പിന്നണിയിലും ഒരുപിടി അവാർഡുകളാണ് യുവനിരയെ തേടിയെത്തിയത്.