
സ്വർണത്തിന്റെയും പ്ലാറ്റിനത്തിന്റെയും അതേ രൂപത്തിൽ കൃത്രിമ കല്ലുകൾ പതിച്ച മോതിരങ്ങൾക്കാണ് ടീനേജുകാർക്കിടയിൽ ഡിമാൻഡ്. പല വർണത്തിൽ, വൈവിദ്ധ്യമാർന്ന ഡിസൈനുകളിൽ ഇവ കോളേജുകുമാരികളുടെ 'സുന്ദര വിരലുകളിൽ' സ്ഥാനം പിടിച്ചിട്ടുണ്ട്. വൃത്താകൃതിയിൽ നിറയെ കല്ലുകൾ പതിപ്പിച്ച മോതിരങ്ങൾ ചൂണ്ടുവിരലിൽ അണിയുന്നതും ഫാഷനാണിപ്പോൾ.
ആണുങ്ങൾക്കും പ്രിയമേറെ
അഴകിലും രൂപത്തിലും പെൺമോതിരങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന കിടിലൻ മോതിരങ്ങളാണ് ആണുങ്ങളുടേത്. ഹോളിവുഡിൽ നിന്നാണ് പെരുവിരലുകളെ അലങ്കരിക്കുക എന്ന സ്റ്റൈൽ യുവാക്കൾ കടംകൊണ്ടത്. ഒരു വ്യക്തിയുടെ മനോബലത്തെയും ശാരീരികാരോഗ്യത്തെയും പ്രതിഫലിപ്പിക്കുന്നത് പെരുവിരലാണെന്ന വിശ്വാസം യൂറോപ്പിലുണ്ട്. അതുതന്നെയാണ് പെരുവിരലിനെ എങ്ങനെ അണിയിച്ചൊരുക്കാം എന്ന ചിന്തയ്ക്കു പിന്നിലും. ചരിത്രത്തിലുമുണ്ട് പെരുവിരലിലെ മോതിരത്തെക്കുറിച്ചുള്ള വർണനകൾ. എ.ഡി.1500ൽ പടിഞ്ഞാറൻ രാജ്യങ്ങളിലെ ഡോക്ടർമാരായിരുന്നു പെരുവിരലിൽ മോതിരം അണിഞ്ഞിരുന്നത്. ഭർത്താക്കന്മാർ പോർക്കളത്തിൽ യുദ്ധത്തിനു പോവുന്ന സമയത്ത് ഭാര്യമാരും പെരുവിരലിൽ മോതിരം അണിയുമായിരുന്നു.
ഇതാണിപ്പോൾ ട്രെൻഡ്
വിവാഹമോതിരം വിരലിലിടുന്നതിന് പകരം വിരലിൽ കുഴിച്ചുവയ്ക്കുന്നതാണ് പണക്കാരന്റെ പുതിയ ട്രെൻഡ്. പോക്കറ്റിന്റെ വലിപ്പം പോലെ മോതിരം സ്വർണമോ ഡയമണ്ടോ ഒക്കെ ആകാം. ഏതു വിരലിൽ എവിടെ മോതിരം അണിയണം എന്നു തീരുമാനിക്കുകയാണ് ആദ്യത്തെ പടി. അത് ഉറപ്പിച്ചുകഴിഞ്ഞാൽ നേരെ ജുവലറിയിലെത്തി ആവശ്യം പറയുക. പ്രത്യേക പേനകൊണ്ട് അടയാളപ്പെടുത്തിയ ശേഷം ആ ഭാഗം സ്പിരിറ്റും മറ്റ് അണുനാശിനികളും ഉപയോഗിച്ച് പലതവണ വൃത്തിയാക്കും. ഈ ഭാഗത്തുനിന്ന് ഒരു പൊട്ടുപോലെ തൊലി നീക്കം ചെയ്യുന്നു. ഇവിടെ ലോഹ നിർമ്മിതമായ പ്രത്യേക ക്യാപ്പ് ഇറക്കിവയ്‌ക്കുന്നു. ഇതിലാണ് മോതിരം ഉറപ്പിക്കുന്നത്.വരനും വധുവും ഓരേ പോലത്തെ മോതിരങ്ങൾ അണിയുന്നതാണ് ട്രെൻഡ്. തട്ടിയാലാേ മുട്ടിയാലോ ഇളകിപ്പോകുമെന്ന് പേടിയേ വേണ്ട. വേണ്ടെന്ന് തോന്നിയാൽ ഊരിമാറ്റുകയും ചെയ്യാം.അല്പം വേദന സഹിച്ചാലേ പുതിയ ട്രെൻഡ് നടപ്പാക്കാനാകൂ. അതിനാൽ പങ്കാളിയോട് സ്‌നേഹവും കൂടുമെന്നാണ് പുതിയ കണ്ടുപിടിത്തം. എച്ച്.ഐ.വി പോലുള്ള രോഗങ്ങൾ പകരാനുള്ള സാദ്ധ്യത വളരെ കൂടുതലായതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മാത്രം.
മിഞ്ചിക്കും ഭംഗിയുണ്ട്
ഇന്ത്യയിലെ നാരീജനങ്ങൾ അണിഞ്ഞേറെ ജനപ്രീതി സമ്പാദിച്ച മിഞ്ചിക്ക് വലിയൊരു ചരിത്രമുണ്ട്. ഇന്ത്യയിലെ സ്ത്രീ ജനങ്ങൾ മിഞ്ചിയണിയാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. വിവാഹവേളയിൽ ആദ്യമായി വരനാണ് വധുവിനെ മിഞ്ചി അണിയിക്കുന്നത്. ജീവിതകാലം മുഴുവൻ തനിക്കും കുടുംബത്തിനും തുണയായിരിക്കണമെന്നതാണ് കാൽ വിരലുകളിൽ മിഞ്ചി അണിയിക്കുന്നതിന് പുറകിലുള്ള വിശ്വാസം.