eee

അമ്മയാകാൻ ഒരുങ്ങുന്നതിന് മുമ്പ് യുവതികൾ പല്ലുകളുടെ ആരോഗ്യകാര്യത്തിൽ ഒരു പരിശോധന നടത്തണം...

ഗർഭിണികൾ സ്ഥിരമായി ഛർദ്ദിക്കുന്നത് സാധാരണയാണല്ലോ. മാസം കഴിയുന്തോറും ഗർഭപാത്രം വികസിക്കുകയും അന്നനാളി തുറക്കുകയും കൂടുതൽ ആമാശയ രസങ്ങൾ വായിലേക്ക് വരികയും ചെയ്യുന്നു. ഈ രസങ്ങൾ (ആസിഡ്) പല്ലിൽ വീഴുകയും പതിയെ പതിയെ ദന്തക്ഷയം ഉണ്ടാകുന്നതിനും കാരണമായിത്തീരുന്നു. ഇത്തരത്തിലുള്ള ദന്തക്ഷയത്തിന് മുന്നോടിയായി പല്ല് ദ്രവിക്കുകയും ചെയ്യും. നേരത്തെയുള്ള ദന്തപരിശോധന പല പ്രശ്‌ന സാദ്ധ്യതകളെയും പരിഹരിക്കും.

രക്ത ചംക്രമണത്തിലെ വ്യതിയാനം
രക്തത്തിന്റെ അളവ്, ഹൃദയമിടിപ്പ്, വൃക്കയിലേക്കുള്ള രക്തയോട്ടം എന്നിവ കൂടുന്നു. ഇതുമൂലം പലപ്പോഴും രക്തസമ്മർദ്ദം ഗർഭിണികളിൽ കുറവായിരിക്കും. തലകറക്കം, ക്ഷീണം എന്നിവ ഇതുകാരണം ഉണ്ടാകുന്നു. മൂന്നാമത്തെ കാലഘട്ടത്തിൽ ഒത്തിരി നേരം ഇരുന്നാൽ തന്നെ ഗർഭപാത്രം, ഇൻഫീരിയൽ വീനക്കാവ എന്ന രക്തക്കുഴലിൽ ഏല്പിക്കുന്ന സമ്മർദ്ദം കാരണം തല ചുറ്റലുണ്ടാകുന്നു. അതിനാൽ ദന്ത ചികിത്സ ചെയ്യുമ്പോൾ ഇടത്തേക്ക് ചരിച്ച് ഇരുത്തിയാണ് ചികിത്സ നൽകുന്നത്. അമിത രക്തസമ്മർദ്ദം ചിലരിൽ കണ്ടുവരാറുണ്ട്. ഇത് അമിത രക്തസ്രാവത്തിനും കാരണമാകുന്നു.

ഹോർമോണിലുള്ള വ്യതിയാനം
ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ തുടങ്ങിയ ഹോർമോണുകൾ അവയുടെ വ്യതിയാനം മോണയിലുണ്ടാകുന്ന നീര്, രക്തസ്രാവം, പ്രെഗ്‌നൻസി ട്യൂമർ എന്നറിയപ്പെടുന്ന മോണയിൽ കാണപ്പെടുന്ന വളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. പലരിലും കാൻസർ എന്ന ഭീതി ഉണ്ടാക്കുമെങ്കിലും ഇത് പേടിക്കേണ്ട ഒന്നല്ല. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടോ അമിത രക്തസ്രാവമോ ഉണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യേണ്ടതുള്ളൂ.

രക്തത്തിലെ പഞ്ചസാരയുടെ അളവ്
പ്രമേഹവും മോണരോഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഗർഭിണികളിൽ 24​ാമത്തെ ആഴ്ച മുതൽ പഞ്ചസാരയുടെ അളവ് കൂടുന്നു. മോണരോഗങ്ങൾ യഥാസമയം ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കിൽ പ്രമേഹം കൂടുന്നതിനും തിരിച്ച് ഈ പ്രമേഹം ചികിത്സിച്ചില്ലെങ്കിൽ മോണരോഗം വർദ്ധിക്കുന്നതിനും കാരണമാകുന്നു. അതിനാൽ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടതും ദന്തശുചിത്വം കാത്തുസൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. എക്‌സ് റേ കഴിവതും ഒഴിവാക്കുക.
2. ചികിത്സ പരമാവധി 4​6 മാസങ്ങളിൽ
3. ചികിത്സ നൽകുമ്പോൾ ഉള്ള പൊസിഷനും ശ്രദ്ധിക്കണം. വലതുവശത്ത് ഒരു തലയിണ കൂടിവച്ചു കൊടുക്കാവുന്നതാണ്.
4. മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. എന്നാലും അമോക്‌സിലിൻ തുടങ്ങിയ സ്ഥിരം ആന്റിബയോട്ടിക്കുകളും, പാരസെറ്റമോൾ പോലുള്ള വേദനസംഹാരികളും ഉപയോഗിക്കുന്നതിൽ തെറ്റില്ല.
5. മോണയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് മുതലായവ കഴിക്കാൻ ഉപദേശിക്കുക. ഒപ്പം വായിൽ അഴുക്ക് അടിയാതെ രണ്ടുനേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ ഉപദേശിക്കുക.