
തിരുവനന്തപുരം: 'ബിരിയാണി'യിലെ അഭിനയത്തിനു കൈവന്ന രാജ്യാന്തര പുരസ്‌കാരങ്ങളെക്കാൾ കനി കുസൃതിക്ക് ആഹ്ളാദം പകരുന്നത് ജന്മനാടിന്റെ അവാർഡ്. സജിൻബാബു സംവിധാനം ചെയ്ത ചിത്രത്തിൽ ഖദീജ എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച കനി മാഡ്രിഡ്, മോസ്‌കോ ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാന പുരസ്കാരം. 'ഈ അവാർഡിന് കൂടുതൽ തിളക്കമുണ്ട്.'- കനി കുസൃതി കേരളകൗമുദിയോടു പറഞ്ഞു.
"മലയാള സിനിമയിലെ ആദ്യത്തെ ദളിത് നായിക പി.കെ.റോസിയുടെ സ്മരണയ്ക്കു മുന്നിൽ ഈ അവാർഡ് സമർപ്പിക്കുകയാണ്. സിനിമാ രംഗത്ത് ജാതിവ്യത്യാസമുണ്ട്. ദളിതരെ മാറ്റിനിറുത്തുന്നു. അവസരം ലഭിക്കാത്ത പല ദളിത് സുഹൃത്തുക്കളെയും എനിക്കറിയാം." കനി പറഞ്ഞു. അവാർഡുകൾ പ്രചോദനമാണ്. വ്യക്തിപരമായി സന്തോഷം തരുന്നതും ഊർജം തരുന്നതുമാണ്. എന്നാൽ മികവിനെ പരിപൂർണമായി നിർണയിക്കുന്നത് അവാർഡെന്ന് വിശ്വസിക്കുന്നുമില്ല. ഒരുപക്ഷേ നമ്മൾ കാണുന്ന മികവായിരിക്കില്ല ജൂറി കാണുന്നതെന്നും കനി തുടർന്നു.
സംവിധായകൻ സജിൻ ബാബു 'ബിരിയാണി'യിലെ ഖദീജയെക്കുറിച്ച് ആദ്യം പറയുമ്പോൾ ഞാൻ മാനസികമായി തളർന്ന ഒരു അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ ഖദീജ എന്ന കഥാപാത്രവുമായി കണക്ട് ചെയ്യാൻ പറ്റിയിരുന്നില്ല. ആ സമയത്ത് ഒരു ടീമിനൊപ്പം ജോലി ചെയ്യാനുള്ള ആത്മവിശ്വാസം വളരെ കുറവായിരുന്നു എനിക്ക്. ആദ്യം 'നോ' പറഞ്ഞ അതേ കഥാപാത്രം വീണ്ടും എന്റെയടുത്തേക്കു തന്നെ വന്നപ്പോൾ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.എന്റെ മാനസികാവസ്ഥയും, അഭിപ്രായ വ്യത്യസങ്ങളുമെല്ലാം ഉൾക്കൊണ്ടാണ് ഖദീജയായി മാറിയത്. ഞാനും ഖദീജയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്- കനി വിശദീകരിച്ചു.
മതവും പുരുഷാധിപത്യവും ചേർന്ന് ദുരിതത്തിലാഴ്‌ത്തിയ ഒരു പെൺകുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവന ശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്‌കരിച്ച അഭിനയമികവെന്നാണ് കനിയുടെ പ്രകടനത്തെ സംസ്ഥാന അവാർഡ് നിർണയ സമിതി വിലയിരുത്തിയത്. പ്രമുഖ സാമൂഹ്യ പ്രവർത്തകനായ മൈത്രേയന്റെയും ഡോ. ജയശ്രീയുടെയും മകളാണ് കനി. തന്നെ സ്വതന്ത്രയായി ജീവിക്കാൻ പ്രോത്സാഹിപ്പിച്ചത് ഇവർ രണ്ടു പേരുമാണെന്ന് കനി പറഞ്ഞു. ഗോവയിലാണ് കനിയുടെ താമസം. കോക്ടെയിൽ, ശിക്കാർ, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.