
കണ്ണൂർ: കീഴാറ്റൂർ ബൈപാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന കൂട്ടായ്‌മയായ 'വയൽകിളികൾ' കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കത്തിച്ചു. കർഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സി.പി.എമ്മിനുളളതെന്ന് വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ അഭിപ്രായപ്പെട്ടു. മുൻപ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബൈപാസിന്റെ നിർമ്മാണ ഉൽഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബൈപാസ് നിർമ്മാണം തടയുമെന്ന് വയൽകിളികൾ അറിയിച്ചു.
എന്നാൽ വയൽകിളികൾ ഒരുകൂട്ടം സാമൂഹ്യവിരുദ്ധരാണെന്ന് എം.എൽ.എയും സി.പി.എം നേതാവുമായ ജെയിംസ് മാത്യു. ഇപ്പോൾ സമരം ചെയ്യുന്നവർ നഷ്‌ടപരിഹാരം വിതരണം ചെയ്യുമ്പോൾ വാങ്ങാൻ മുന്നിലുണ്ടാകുമെന്നും ജെയിംസ് മാത്യു പരിഹസിച്ചു. പരിസ്ഥിതി സ്‌നേഹികളെങ്കിൽ വയൽകിളികൾ പണം വാങ്ങാതിരിക്കാൻ തയ്യാറുണ്ടോ എന്നും എം.എൽ.എ ചോദിച്ചു.