
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാന ജില്ലയിൽ സ്വകാര്യ മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന രോഗപരിശോധനയിൽ 200 ശതമാനത്തിന്റെ വർദ്ധന. സെപ്തംബർ ആദ്യവാരം 69,271 സാമ്പിളുകളാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ പരിശോധിച്ചത്. സെപ്തംബറിലെയും ഒക്ടോബറിലെയും ആദ്യ ആഴ്ചയിൽ രണ്ട് ലക്ഷം പരിശോധനകൾ നടത്തിയപ്പോൾ 34 ശതമാനത്തിന്റെ വർദ്ധനയാണ് സ്വകാര്യ മേഖലയിൽ ഉണ്ടായത്. ഇതേ കാലത്ത് സർക്കാർ മേഖലയിൽ 78 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.
സെപ്തംബർ- ഒക്ടോബർ ആദ്യ ആഴ്ചകളിൽ ആകെ 1.31 ലക്ഷം സാമ്പിളുകളാണ് സർക്കാർ മേഖലയിൽ പരിശോധിച്ചത്. സെപ്തംബർ ആദ്യ ആഴ്ച സ്വകാര്യമേഖലയിലേതിനെക്കാൾ 15,000 ടെസ്റ്റുകൾ കുറച്ചാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. ഇതാകട്ടെ ജൂലായിലും ആഗസ്റ്റിലും രേഖപ്പെടുത്തിയതിനെക്കാൾ കുറവുമായിരുന്നു. ജൂലായ് മൂന്നാംവാരം പ്രാദേശികവ്യാപനം രൂക്ഷമായിരുന്നപ്പോൾ 15,000 സാമ്പിളുകൾ സർക്കാർ മേഖലയിൽ പരിശോധിച്ചു. ഇത് ആഗസ്റ്റ് അവസാനമായപ്പോൾ 24,500 ആയി ഉയർന്നു.
സെപ്തംബർ ആദ്യ ആഴ്ച സർക്കാർ മേഖലയിലെ പരിശോധന 15,000 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ 5000ൽ ഏറെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും സെപ്തംബർ ആദ്യവാരം നടത്തിയ പരിശോധനകൾ ആഗസ്റ്റിലേതിനെക്കാൾ
കുറവായിരുന്നു. രോഗികളുടെ നിരക്ക് ഉയർന്നതോടെ സർക്കാർ മേഖലയിലെ പരിശോധന സ്വാഭാവികമായും ഉയരുകയും ചെയ്തു.
അതേസമയം, ജില്ലയിലെ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്. ഇതുവരെ 11,475 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.31,842 പേർ നിരീക്ഷണത്തിലുണ്ട്.