cat

പാരീസ്: ഓൺലൈൻ വഴി ബുക്ക് ചെയ്ത് വിലകൂടിയ വളർത്തുപൂച്ചയെ വാങ്ങിയ ദമ്പതികൾക്ക് ലഭിച്ചത് മൂന്നുമാസം പ്രായമുള്ള കടുവാ കുട്ടിയെ. ഇതോടെ ഫ്രഞ്ച് ദമ്പതികൾ നിയമക്കുരുക്കിലായി. ലാ ഹാർവെയിലുള്ള ദമ്പതികളാണ് സാവന്ന ക്യാറ്റ് എന്ന മുന്തിയ ഇനം പൂച്ചയെ ഓൺലൈൻ വഴി വാങ്ങിയത്. ഇതിന് ഏകദേശം 5 ലക്ഷത്തിലേറെ രൂപയും അടച്ചിരുന്നു. 2018 ലാണ് ദമ്പതികൾ പൂച്ചയെ ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും.

എന്നാൽ കൈയിൽ കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ രൂപത്തിൽ ദമ്പതികൾക്ക് സംശയം വന്നത്. ഇതോടെ ഇവർ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രൻ കടുവാക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടുവർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റവാളികളെ പിടികൂടിയത്.

സാവന്ന പൂച്ചകളെ വളർത്താൻ നിയമം അനുവദിക്കുന്നുണ്ട്. അതാണ് ലാ ഹാർവെയിലുള്ള ദമ്പതികൾ അതിനെ വളർത്താനായി ബുക്ക് ചെയ്തത്. സംരക്ഷിത വർഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തിയതിനടക്കം ദമ്പതികളുൾപ്പെടെ ഒമ്പതു പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന കടുവാക്കുട്ടി ആരോഗ്യവാനാണെന്നും സംരക്ഷണ കേന്ദ്രത്തിന്റെ പരിചരണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.