
വാഷിംഗ്ടൺ: പൗലോ ബാറ്റിസ്റ്റയ്ക്ക് മാതൃരാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹം. എന്നാലിതിക് എന്തു ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് 36കാരനായ ഈ പവർ ലിഫ്റ്റർ. രാജ്യത്തെ കാക്കുന്ന സൈനികനാകണമെന്ന സ്വപ്നത്തിൽ നിന്ന് പൗലോയെ മാറ്റിനിറുത്താനുള്ള കാരണം ഭിന്നലിംഗക്കാരനാണെന്നതാണ്. പൗലോയുടെ അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു മകനെ യു.എസ് മിലിട്ടറിയിൽ ചേർക്കുകയെന്നത്. അച്ഛന്റെ ആഗ്രഹ പൂർത്തീകരണത്തിനായി പൗലോ മുട്ടാത്ത വാതിലുകളില്ല. 2007ലാണ് പൗലോയുടെ അച്ഛനായ ഫ്രെഡ് ബാറ്റിസ്റ്റ കാൻസർ ബാധിച്ച് മരിച്ചത്. 2017ൽ യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രാൻസ്ജെൻഡറുകൾ യു.എസ് മിലിട്ടറിയിൽ ചേരുന്നത് തടഞ്ഞ് നിയമം കൊണ്ടുവന്നു. 2019ൽ നിയമം പ്രാബല്യത്തിലായി. ഇതോടെ പൗലോയുടെ ആഗ്രഹങ്ങൾക്കുമേൽ കരിനിഴൽ വീണു. നിയമം പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും ഹർജികളും നൽകിയിട്ടുണ്ട്. ഒന്നിലും നടപടിയുണ്ടായിട്ടില്ല. എന്നെങ്കിലും ആഗ്രഹപൂർത്തീകരണമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്റെ പ്രതിദിന വ്യായാമ ശീലം മുടക്കാതെ തുടരുകയാണ്. ഒരു ദിവസം 100 ഡംബെൽസ് വരെ എടുക്കുന്നയാളാണ് പൗലോ ബാറ്റിസ്റ്റ.
ആർമിയിലോ മറൈനിലോ ചേരുന്നതിന് പ്രായം തടസമായതിനാൽ നേവിയിലും എയർഫോഴ്സിലുമാണ് പൗലോ നോട്ടമിട്ടിരിക്കുന്നത്. ഒരു യഥാർത്ഥ അമേരിക്കക്കാരൻ സ്വപ്നം കാണുന്നത് എല്ലാ അർത്ഥത്തിലുമുള്ള സ്വാതന്ത്ര്യമാണ്. അതിൽ നിങ്ങൾ ആരാണ് എന്താണ് എന്നതിന് പ്രാധാന്യം കൽപ്പിക്കേണ്ടതില്ലെന്ന് കരുതുന്നുവെന്നും പൗലോ ബാറ്റിസ്റ്റ പറയുന്നു.