
കൊവിഡ് 19നും പിന്നാലെ ലോക്ക്ഡൗണും നിലവിൽ വന്നതോടെ നിരവധി പേർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പല കുടുബങ്ങളും പട്ടിണിയുടെ വക്കിലെത്തി. ജനങ്ങളെ കരകയറ്റാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുനഃരുജ്ജീവന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിലെ ജനങ്ങൾ അല്പം വ്യത്യസ്ഥരായിരുന്നു.
സ്വന്തമായി സംരംഭങ്ങൾ തുടങ്ങി ലോക്ക്ഡൗണിനെയും സാമ്പത്തിക പ്രതിസന്ധിയേയും അതിജീവിച്ച കഥയാണ് ഇവർക്ക് പറയാനുള്ളത്. സംഭവം വളരെ ലളിതമാണ്. ഇവരെയെല്ലാം പിടിച്ചു നിറുത്തിയത് കൂൺ കൃഷിയാണ്. വെറും കൂണല്ല, ഷിറ്റാകെ എന്ന വിദേശിയായ വി.ഐ.പി കൂണിനെ നാഗാലാൻഡിന്റെ ഭൂപ്രകൃതിയിൽ വിജയകരമായി വിളയിച്ചെടുത്തതിന്റെ സന്തോഷമാണ് ഇവർക്ക് പങ്കുവയ്ക്കാനുള്ളത്.
പല നിറത്തിലും വർണത്തിലും ആകൃതിയിലുമുള്ള കൂണുകൾ വിളയിച്ച് ആഹാരമാക്കുന്നതോടൊപ്പം വില്പനയിലൂടെ പണം സമ്പാദിക്കാനും സാധിച്ചു. ഒറ്റയ്ക്കും കൂട്ടമായുമൊക്കെ കൂൺ കൃഷി ചെയ്തു. ഇപ്പോഴിതാ കൊവിഡാനന്തര പുനർനിർമാണത്തിനായി കൂൺ കൃഷിയെ സംസ്ഥാനവ്യാപകമാക്കാൻ ഒരുങ്ങുകയാണ് നാഗാലാൻഡ്.

 കൂൺ കൃഷി ഹിറ്റായ വഴി
ഭക്ഷ്യയോഗ്യവും പോഷക സമൃദ്ധവുമായ ഷിറ്റാകെ കൂണുകൾ ജപ്പാനിലും ചൈനയിലും വളരെ സമൃദ്ധമായി വളരുന്നവയാണ്. 2019ൽ ദിമാപൂരിലുള്ള ഡോ. സോസാംഗ് ലോംഗ്കുമാർ എന്ന യുവ ശാസ്ത്രജ്ഞനാണ് ഷികാറ്റെ കൂണുകളെ ആദ്യമായി നാഗാലാൻഡിലെ കർഷകർക്ക് പരിചയപ്പെടുത്തിയത്. വിദേശിയായ ഷിറ്റാകെ ഇനം നാഗാലാൻഡിലെ മണ്ണിൽ വിളഞ്ഞതോടെ കർഷകർക്ക് മുന്നിലെ പുതിയ ഒരു അദ്ധ്യായമായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഈ വർഷം ഒക്ടോബറിനകം 37കാരനായ ലോംഗ്കുമാർ ഏകദേശം 500 ഓളം കർഷകരെ ഷിറ്റാകെ, ഓയ്സ്റ്റർ കൂൺ കൃഷി ചെയ്യാൻ പരിശീലിപ്പിച്ചു. 15,00,000 ത്തോളം ഷിറ്റാകെ കൂണുകളും 10,000 കിലോഗ്രാം ഓയിസ്റ്റർ കൂണുകളും വികസിപ്പിച്ചു. ലോംഗ്കുമാറിന്റെ നേതൃത്വത്തിൽ നിരവധി സംരംഭകർ കൂൺ കൃഷിയ്ക്ക് മുന്നോട്ട് വന്നു.
കൊവിഡും ലോക്ക്ഡൗണും വന്നതോടെയാണ് ഈ കൂൺ വിജയഗാഥ കൂടുതൽ പേർ അറിയുന്നത്. നാഗാലാൻഡിലെ സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ് മിഷൻ, ഡോ. സോസാംഗ് ലോംഗ്കുമാറിന്റെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം കൂൺ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

പല ജില്ലകളിലും ഇതിനോടകം തന്നെ സ്വയം സഹായ സംഘങ്ങൾ കൂൺ കൃഷിയുമായി രംഗത്തെത്തി കഴിഞ്ഞു. സ്ത്രീകളുടെ കൂട്ടായ്മകളും ഇതിൽ നിരവധിയുണ്ട്. അലിബാ ഗ്രാമത്തിൽ എട്ട് പേരടങ്ങുന്ന വനിതാ സംഘം ഓഗസ്റ്റ് മുതൽ വിളവെടുത്തത് 38.5 കിലോഗ്രാം ഷിറ്റാകെ കൂൺ ആണ്. കിലോയ്ക്ക് 600 രൂപ നിരക്കിൽ വില്പന നടത്തി ഇവർ ഒരുമാസം നേടിയത് 23,000 രൂപയാണ്. ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് താങ്ങായത് ഷിറ്റാകെ കൂൺ കൃഷിയാണ്. ഭക്ഷ്യ വസ്തുക്കൾക്കും ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല.
വളരെയേറെ ഡിമാൻഡ് കൂടിയ ഇനമാണ് ഷിറ്റാകെ കൂണുകൾ. ക്യാൻസർ, പ്രമേഹം തുടങ്ങിയവയ്ക്കെതിരെ ഔഷധ ഗുണങ്ങളോട് കൂടിയവയാണ് ഇത്. ഇന്ത്യയിൽ ഷിറ്റാകെ ഉത്പാദനം പൊതുവെ കുറവാണ്. പലരും താപനില ക്രമീകരിച്ച ലബോറട്ടറി കണ്ടീഷനോട് കൂടിയ മുറികളിൽ ഈർച്ചപ്പൊടിയിലും മറ്റുമാണ് ഇവ വളർത്തിയെടുക്കുന്നത്. എന്നാൽ നാഗാലാൻഡിലെ കാലാവസ്ഥ ഷിറ്റാകെയ്ക്ക് വളരെ അനുകൂലമാണ്. നാഗാലാൻഡിലെ വനങ്ങളിലെ ഓക്ക്, ചെസ്റ്റ്നട്ട് തുടങ്ങിയ വൃക്ഷങ്ങളിൽ ഷിറ്റാകെയ്ക്ക് വളരാൻ സാധിക്കും.