bai

വാഷിംഗ്ടൺ: നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ.

കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിംഗ്ടൺ പോസ്റ്റ്/ എ.ബി.സി ന്യൂസ് സർവേയിൽ 55 ശതമാനം പേരുടെ പിന്തുണ ബൈഡനാണ്. പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ 43 ശതമാനം പേരാണ് പിന്തുണച്ചത്. സി.എൻ.എൻ/എസ്.എസ്.ആർ.എസ്, ഫോക്സ് ന്യൂസ് സർവേകളിലും ബൈഡന് ട്രംപിനേക്കാൾ 10 ശതമാനം അധികം പിന്തുണയുണ്ട്.

1936ൽ ശാസ്ത്രീയ അഭിപ്രായ സർവേകൾ നിലവിൽ വന്നതുമുതൽ ഏതൊരു സ്ഥാനാർത്ഥിയെക്കാളും മികച്ച പ്രകടനമാണ് ബൈഡൻ കാഴ്ചവച്ചതെന്ന് സി.എൻ.എൻ വ്യക്തമാക്കി. ശരാശരി 52-53 ശതമാനം പിന്തുണ നേടിയ ബൈഡൻ, ട്രംപിനെക്കാൾ 10-11 ശതമാനം വോട്ടുകൾക്ക് മുന്നിലാണെന്നാണ് സർവേ ഫലം.

1936 മുതലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നിലവിലെ പ്രസിഡന്റിനെതിരെ മത്സരിച്ചപ്പോൾ ആകെ അഞ്ചു പേർ മാത്രമാണ് അഭിപ്രായ വോട്ടെടുപ്പിൽ മുന്നിലെത്തിയത്. 1992ൽ ജോർജ് ബുഷിനെതിരെ മത്സരിച്ച ബിൽ ക്ലിന്റൻ മാത്രമാണ് അഞ്ചു ശതമാനത്തിലധികം വോട്ട് ഭൂരിപക്ഷം നേടിയത്.

നിലവിലെ സാഹചര്യത്തിൽ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 2016ലെ തിരഞ്ഞെടുപ്പിൽ എതിരാളി ഹിലരി ക്ലിന്റനെക്കാൾ ഏഴു ശതമാനം വോട്ടിന് പിന്നിലായിരുന്ന ട്രംപ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

അതിനിടെ, ട്രംപിന്റെ കാമ്പയിനിൽ തന്റെ പരാമർശങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് കൊവിഡ് ഉപദേശകൻ ഡോ. ആന്റണി ഫൗച്ചി രംഗത്തെത്തി. ഏറ്റവും മികച്ച നിലയിൽ ട്രംപാണ് കൊവിഡിനെ നേരിട്ടതെന്ന് ഡോ. ഫൗച്ചി പറഞ്ഞതായാണ് പരസ്യത്തിലുള്ളത്.