
കൊച്ചി: ഒരു ഹിന്ദു മുസ്ലീം വിവാഹത്തിന് ശേഷമുള്ള കുടുംബാന്തരീക്ഷം പരസ്യത്തിലൂടെ മനോഹരമായി ചിത്രീകരിച്ച പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌കിന് നേരിടേണ്ടി വന്നത് വലിയ വിവാദങ്ങളാണ്. ഒടുവില്‍ പരസ്യം നീക്കം ചെയ്യാന്‍ പോലും തനിഷ്‌ക് നിര്‍ബന്ധിതരാകുകയാണ്.
ടൈറ്റന്‍ ഗ്രൂപ്പിന് കീഴിലുള്ള കമ്പനി ഫെസ്റ്റീവ് കളക്ഷനായ ഏകത്വയ്ക്ക് വേണ്ടിയാണ് പരസ്യം ചിത്രീകരിച്ചത്. ഹിന്ദുവായ വധുവും മുസ്ലീം സമുദായത്തിലെ വരന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തിന്റെ ഇതിവൃത്തം. എന്നാല്‍ മതമൗലിക വാദികള്‍ പരസ്യം വിവാദമാക്കുകയായിരുന്നു.
മതത്തിന്റെ വേര്‍തിരിവുകള്‍ ഒന്നുമില്ലാതെ സ്വന്തം മകളെപ്പോലെ മരുമകളെ കരുതുന്ന ഒരു കുടുംബത്തില്‍ ബേബി ഷോവര്‍ ആഘോഷിയ്ക്കുന്നു. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ചടങ്ങ് മരുമകള്‍ക്ക് വേണ്ടി മാത്രം ഒരുക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹര സംഗമം. എന്നാല്‍ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
തനിഷ്‌ക് ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ പ്രചരിച്ചു. ശശി തരൂര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ പരസ്യത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. എന്തായാലും വിവാദം ശക്തമായതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പരസ്യം പിന്‍വലിക്കാന്‍ കമ്പനി തയ്യാറാകുകയായിരുന്നു.