vac

വോളണ്ടിയർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നം

വാഷിംഗ്ടൺ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൻ ആൻഡ് ജോൺസൺ കൊവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം താത്കാലികമായി നിറുത്തി വച്ചു. വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഒരു വ്യക്തിയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് തീരുമാനം.

നിലവിൽ ജോൺസൺ ആൻഡ് ജോൺസണിന്റെ 'എൻസെംബിൾ" എന്ന പേരിൽ തയാറാക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്.

'പരീക്ഷണത്തിൽ പങ്കെടുത്ത ഒരു വ്യക്തി അസുഖബാധിതനായതിനെ തുടർന്ന് മൂന്നാംഘട്ട എൻസെംബിൾ ട്രയൽ ഉൾപ്പടെ കൊവിഡ് വാക്‌സിന്റെ എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും ഞങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കുകയാണ്.'- ജോൺസൺ ആൻഡ് ജോൺസൺ പ്രസ്താവനയിൽ അറിയിച്ചു. ഗുരുതരമായ പ്രതികൂല സംഭവങ്ങൾ ഒരു ക്ലിനിക്കൽ പഠനത്തിന്റെ, പ്രത്യേകിച്ച് ഒരു വലിയ പഠനത്തിന്റെ പ്രതീക്ഷിത ഭാഗമാണെന്നും അവർ പറഞ്ഞു.

ഒരാളുടെ ആരോഗ്യ നിലയിൽ ഉണ്ടായ മാറ്റമാണ് 60,000 പേരിൽ നടത്തുന്ന വാക്സിൻ പരീക്ഷണം നിറുത്താനിടയാക്കിയത്. പരീക്ഷണത്തിൽ പങ്കാളികളാവാൻ താത്പര്യമുള്ളവർക്കുള്ള ഓൺലൈൻ എൻറോൾ സംവിധാനവും നിറുത്തലാക്കി.
സെപ്തംബറിലാണ് ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത്. യു.എസിലും ആഗോളതലത്തിലുമായി 200 കേന്ദ്രങ്ങളിലായി അറുപതിനായിരത്തോളം പേരിലാണ് ഇപ്പോൾ മരുന്ന് പരീക്ഷണം നടക്കുന്നത്. അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സികോ, പെറു, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് പരീക്ഷണം നടന്നിരുന്നത്.