
റോം: ഫ്രാൻസിസ് മാർപാപ്പയുടെ അംഗരക്ഷകരിൽ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എലിറ്റ് അംഗരക്ഷക സേനയായ വത്തിക്കാൻ സ്വിസ് ഗാർഡുകളിലുള്ളവർക്കാണ് പോസിറ്റീവായതെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇവർ ഐസൊലേഷനിൽ പ്രവേശിച്ചു. മാർപാപ്പയുടെ അംഗരക്ഷകർക്കിടയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വത്തിക്കാൻ കോമ്പൗണ്ടിനകത്തെ ബാരക്കുകളിലാണ് ഇവർ താമസിക്കുന്നത്. മാർപാപ്പയുമായി ഏറെ അടുത്ത് നിൽക്കുന്ന രക്ഷകർക്ക് കൊവിഡ് വന്നത് നേരിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ചയിൽ ഇറ്റലിയിലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിലെത്തിയിരുന്നു. ഇതിനിടെ വത്തിക്കാൻ നഗരത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് അംഗരക്ഷകരുടെ രോഗവിവരവും പുറത്തുവന്നത്. 1506ലാണ് മാർപാപ്പയുടെ അംഗരക്ഷകരായി എലിറ്റ് സേനയെ നിയമിക്കുന്നത്.