covid-19

ലോസ്ആഞ്ചലസ് : കൊവിഡ് ഭേദമായ ഒരാളിൽ വീണ്ടും രോഗബാധ ഉണ്ടായേക്കാമെന്നും രണ്ടാം തവണ കൊവിഡ് ബാധയേൽക്കുമ്പോൾ ലക്ഷണങ്ങൾ കൂടുതൽ അപകടകരമാകാമെന്നും പുതിയ പഠന റിപ്പോർട്ട്. ദ ലാൻസെറ്റ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേർണൽ പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

യു.എസിൽ കൊവിഡ് ഭേദമായ ആൾക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സംഭവം റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് വന്നവരിൽ ഭാവിയിൽ വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നത് തടയുന്നതിനുള്ള രോഗപ്രതിരോധ ശേഷി ഉണ്ടാകണമെന്നില്ല എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. യു.എസിലെ 25 വയസുള്ള രോഗി നെവാഡ സ്വദേശിയാണ്.

ഇയാൾക്ക് രോഗം ഭേദമായി 48 ദിവസത്തിന് ശേഷമാണ് വീണ്ടും കൊവിഡ് പിടിപ്പെട്ടത്. മറ്റൊരു കാര്യം ഇയാളെ രണ്ട് തവണ ബാധിച്ചതും കൊവിഡ് 19ന് കാരണമായ SARS - CoV -2 രോഗാണുവിന്റെ രണ്ട് വ്യത്യസ്ഥ ജനിതക മാറ്റം സംഭവിച്ച വൈറസുകളാണ്. രണ്ടാം തവണ യുവാവിനെ ഗുരുതരമായാണ് വൈറസ് ബാധിച്ചത്. ശ്വസന സഹായികളുടെ സഹായത്തോടെയാണ് അതിജീവിച്ചത്.

യു.എസിലേത് കൂടാതെ ബെൽജിയം, നെതർലൻഡ്സ്, ഹോങ്കോംഗ്, ഇക്വഡോർ എന്നിവിടങ്ങളിൽ ഓരോ രോഗികൾക്ക് വീതം ഭേദമായതിന് ശേഷം വീണ്ടും കൊവിഡ് പിടിപെട്ടതിനെ പറ്റിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൊവിഡ് 19 ബാധ ഉണ്ടായ ഒരാളെ വീണ്ടും രോഗം ബാധിക്കാനുള്ള സാദ്ധ്യതകൾ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

വളരെ അപൂർവമാണെങ്കിൽ പോലും എന്ത് കൊണ്ടാണ് കൊവിഡ് വീണ്ടും വരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏതായാലും ഒരാളിൽ ആദ്യ തവണ വൈറസ് ബാധയേറ്റതിനെ തുടർന്ന് കൈവരിച്ച രോഗപ്രതിരോധശേഷി കൊണ്ട് വീണ്ടും കൊവിഡ് വരുന്നത് തടയാൻ പൂർണമായി കഴിയുമെന്ന് ഉറപ്പാക്കാൻ സാധിക്കില്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.