
ന്യൂയോർക്ക്: ലോകമാകെ ആരാധകരുള്ള കളിപ്പാട്ടമാണ് ബാർബി. നീണ്ടു മെലിഞ്ഞ് കൊലുന്നനെയുള്ള ബാർബി ബൊമ്മകൾ പെൺകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ്. എന്നാൽ, കളിപ്പാട്ട നിർമ്മാതാക്കൾ എന്നതിനപ്പുറത്ത് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കൂടി വെളിവാക്കിയിരിക്കുകയാണ് ബാർബി കമ്പനിക്കാർ.
ബാർബിയും ആഫ്രോ- അമേരിക്കൻ പാവയായ നിക്കിയും ചേർന്നുള്ള വീഡിയോയാണ് ബാർബിയുടെ വ്ളോഗിലെ പുതിയ എപ്പിസോഡിലുള്ളത്. ഇരുവരും സംസാരിക്കുന്നത് വർണവിവേചനത്തെക്കുറിച്ചാണ്. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ മറ്റുള്ളവരോട് മാറ്റി നിറുത്തുന്നത് ശരിയല്ലെന്നാണ് ഇരുവരും വീഡിയോയിൽ വ്യക്തമാക്കുന്നത്.
സ്‌കൂളിലെ ഫ്രഞ്ച് ഓണർ ക്ളബിൽ അംഗത്വമെടുക്കാൻ ചെന്ന തന്നോട് അദ്ധ്യാപകൻ നിന്റെ ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് പ്രവേശന പരീക്ഷ പാസായതെന്ന് പറഞ്ഞതായി നിക്കി ബാർബിയോട് സംസാരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. 'എങ്കിൽ അയാൾ പറഞ്ഞത് തെറ്റാണെന്ന് നിനക്ക് തെളിയിച്ചു കൊടുക്കാമായിരുന്നല്ലോ'യെന്ന് ബാർബി ചോദിക്കുന്നു.
'എപ്പോഴും എല്ലാവരുടെയും മുന്നിൽ തെളിയിയിച്ചുകൊണ്ടിരിക്കാൻ വയ്യ. തുടക്കം മുതൽ അയാൾ നിന്നെ പിന്തുണയ്ക്കുമായിരുന്നു. എന്നെ ഒരിക്കലും അയാൾ പിന്തുണച്ചിട്ടില്ല. ഞാൻ കറുത്ത വർഗക്കാരിയായതുകൊണ്ടാണ് ആളുകൾ എന്നോടിങ്ങനെ പെരുമാറുന്നതെന്നും " നിക്കി പരാതിയായി പറയുന്നു. വെളുത്തവർക്ക് അവർ നേടിയെടുക്കാത്ത ആനുകൂല്യങ്ങൾ ലഭിക്കുകയും കറുത്തവർക്ക് അവർ അർഹിക്കാത്ത പ്രതികൂലങ്ങളെ നേരിടേണ്ടി വരുകയും ചെയ്യുന്നുവെന്ന് അല്ലേ എന്ന് ബാർബി ചോദിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
ഇത്തരമൊരു വിഷയവുമായി വന്ന ബാർബിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ട്രെൻഡിംഗായ വീഡിയോ നാൽപ്പതു ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.