
അരമണിക്കൂറിൽ ടിക്കറ്റുകൾ വിറ്റുപോയി
സിംഗപ്പൂർ: കൊവിഡ് വ്യാപനം മൂലം വിമാനയാത്രകൾ മുടങ്ങിയതിൽ വിഷമിക്കുന്നവർക്കിതാ സന്തോഷ വാർത്ത.
മൈതാനത്ത് പാർക്ക് ചെയ്ത ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ ജെറ്റിലിരുന്ന് ഉഗ്രൻ ഭക്ഷണം കഴിക്കാം. ആകാശയാത്രയുടെ ഈ പുതുരുചി നുകരാൻ കുറച്ചധികം പണം മുടക്കണമെന്ന് മാത്രം. സിംഗപ്പൂർ എയർലൈൻസിന്റേതാണ് വ്യത്യസ്തമായ ആശയം.
കേൾക്കാൻ കാത്തിരുന്നതുപോലെ വിമാനയാത്ര പ്രേമികൾ ഓടിയെത്തി. അര മണിക്കൂറിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയി. 24,25 തീയതികളിലായി 900 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 35,000ത്തോളം രൂപയാണ് മീൽസിന്റെ നിരക്ക്. ഫസ്റ്റ് ക്ളാസ് മീൽസ് മുതൽ കുറഞ്ഞവിലയ്ക്കുള്ള ഇക്കണോമിക് ക്ളാസ് മീൽസ് വരെ ലഭ്യമാണ്.
കൊവിഡ് മൂലം വിമാനകമ്പനികൾക്ക് നേരിട്ട നഷ്ടം നികത്തുന്നതിനാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിച്ചത്. പറക്കാതെ തന്നെ ആകാശയാത്രയുടെ അനുഭവം യാത്രക്കാർക്ക് ലഭിക്കുമെന്നാണ് വിമാന കമ്പനി പറയുന്നു. നിലവിൽ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ ഭക്ഷണം ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച് നൽകുന്നുമുണ്ട്.