
കൊച്ചി: മാരുതി സുസുക്കിയുടെ 'ജനപ്രിയ ഫാമിലി കാർ" ആയ ഓൾട്ടോയ്ക്ക് 20-ാം പിറന്നാൾ. 2000ൽ വിപണിയിലെത്തിയ ഓൾട്ടോ ഇതിനകം സ്വന്തമാക്കിയത് 40 ലക്ഷം ഉപഭോക്താക്കളെയാണ്. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന കാർ എന്ന പട്ടവും ഓൾട്ടോയ്ക്ക് സ്വന്തം.
ഒതുക്കമുള്ളതും ആകർഷകവുമായ രൂപകല്പന. മൂന്നുലക്ഷം രൂപയിൽ (ആലപ്പുഴ എക്സ്ഷോറൂം വില) തുടങ്ങുന്ന ആകർഷക വില. ഉയർന്ന മൈലേജും മികച്ച പെർഫോമൻസും മികവുറ്റ ഫീച്ചറുകൾ, കാലത്തിനൊത്ത മാറ്റങ്ങൾ തുടങ്ങിയവയാണ് ഓൾട്ടോയെ അതിവേഗം ഇന്ത്യയുടെ 'ഫാമിലി കാർ" ആക്കി മാറ്റിയത്.
കഴിഞ്ഞവർഷത്തെ ആകെ ഓൾട്ടോ ഉപഭോക്താക്കളിൽ 76 ശതമാനം പേരുടെയും ആദ്യ കാർ ഓൾട്ടോ ആയിരുന്നുവെന്നും 2020ൽ ഇത് 84 ശതമാനമായി വർദ്ധിച്ചുവെന്നും മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ഓൾട്ടോയുടെ മുന്നേറ്റം
2000ൽ വിപണിയിലെത്തിയ ഓൾട്ടോ 2008ലാണ് 10 ലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. 2012ൽ ഇത് 20 ലക്ഷവും 2016ൽ 30 ലക്ഷവും കടന്നു; 2020ൽ ഉപഭോക്താക്കൾ 40 ലക്ഷമായി.
40 രാജ്യങ്ങൾ
ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലായി 40ലേറെ രാജ്യങ്ങളിലേക്കും മാരുതി ഓൾട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്.