
ദുബായ്: അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്വിറ്ററിലൂടെയാണ് നെതന്യാഹു ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ഇസ്രായേൽ - യു.എ.ഇ നയതന്ത്ര ബന്ധത്തിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകിയതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ ട്വീറ്റ്. ഇതുസംബന്ധിച്ച് ഇരുവരും ഫോൺ സംഭാഷണം നടത്തിയെന്നും വിവരമുണ്ട്. ഇക്കഴിഞ്ഞ സെപ്തംബർ 15നാണ് വാഷിംഗ്ടണിൽ വച്ച് യു.എ.ഇയുമായി ഇസ്രായേൽ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിലെ അദ്ധ്യക്ഷൻ. ഈ സമാധാന കരാറിനെതിരെ പാലസ്തീൻ അടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധിച്ചിരുന്നു.