
കൊച്ചി : മൂത്തോനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹനായ നടൻ നിവിൻ പോളിയുടെ പ്രതികരണത്തിന് സമീപിച്ച മാദ്ധ്യമ പ്രവർത്തകർക്ക് നിരാശ. അവാർഡ് പ്രഖ്യാപനത്തിന് അര മണിക്കൂർ മുമ്പ് തന്നെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാർട്ട്മെന്റിലെത്തിയിരുന്നു.
സുരക്ഷാ ജീവനക്കാർ മാദ്ധ്യമപ്രവർത്തകരെ ഇവിടേക്ക് കടത്തിവിടുകയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഇടം നൽകുകയും ചെയ്തു. എന്നാൽ അല്പ സമയത്തിനുള്ളിൽ അപ്പാർട്ട്മെന്റ് കോമ്പൗണ്ടിൽ നിന്നും മാദ്ധ്യമപ്രവർത്തകർ മടങ്ങിപ്പോകണമെന്ന് നിർദ്ദേശം വരികയായിരുന്നു.
ഗതാഗത തടസം മൂലമാകാമിതെന്ന് കരുതിയെങ്കിലും ഉടൻ തന്നെ സ്ഥലം കാലിയാക്കണമെന്ന് സുരക്ഷാ ജീവനക്കാർ കർശന നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്ന് നിവിന്റെ പ്രതികരണത്തിനായെത്തിയ മാദ്ധ്യമ പ്രവർത്തകർ നിരാശരായി മടങ്ങുകയായിരുന്നു. നിവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. മികച്ച നടനുള്ള പുരസ്കാരം നിവിൻ പോളി പ്രതീക്ഷിച്ചിരുന്നതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.