
വാഷിംഗ്ടൺ : തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ മുൻകൈയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഈ നടപടി ചൈനയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിവരം.
ഏഴോളം മിസൈലുകളും പ്രതിരോധ സംവിധാനങ്ങളുമാണ് യു.എസ് തായ്‌വാന് നൽകുന്നത്.
ലോക്ഹീഡ് മാർട്ടിന്റെ ഹിംരാസ് റോക്കറ്റ് ലോഞ്ചറും, സ്ളാം ഇ.ആർ ദീർഘദൂര വ്യോമഭൗമ മിസൈലുകളും സെൻസർ പോഡുകളും ഇതിലുൾപ്പെടുന്നു.
ആയുധ കരാർ ഒപ്പു വയ്ക്കാൻ വൈറ്റ് ഹൗസ് യു.എസ് കോൺഗ്രസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
തായ്‌വാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി കണക്കാക്കാൻ ഇന്നോളം ചൈന തയ്യാറായിട്ടില്ല. റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണ് തായ്‌വാൻ എന്നാണ് ചൈന പറയുന്നത്. എന്നാൽ, ഈ വാദം തായ്‌വാൻ അംഗീകരിച്ചിട്ടില്ല. യഥാർത്ഥ ചൈന തങ്ങളാണെന്നാണ് തായ്‌വാൻ അവകാശപ്പെടുന്നത്.