salim

ഇസ്ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായി രാജിവച്ചു. വിരമിച്ച ലഫ്റ്റനന്റ് ജനറൽ അസിം സലീം ബജ്‌വയാണ് വാർത്താ വിതരണ പ്രക്ഷേപണത്തിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് സ്ഥാനം രാജിവച്ചത്.

വിതരണവും പ്രക്ഷേപണവും സംബന്ധിച്ച എസ്‌.‌എ.പി.‌എമ്മിന്റെ അധിക പോർട്ട്‌ഫോളിയോയിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്റെ അഭ്യർത്ഥന അദ്ദേഹം അംഗീകരിച്ചു." അസിം സലീം ബജ്‌വ ട്വീറ്റ് ചെയ്തു.തനിക്കും കുടുംബത്തിനും എതിരായ ആരോപണം തെറ്റാണെന്നും ബജ്‌വ പറഞ്ഞു.
അമേരിക്കയിലെയും പാകിസ്ഥാനിലെയും ബജ്‌വ കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയും അസിം സലിം ബജ്‌വയുടെ അധികാരത്തിന്റെ ഉയർച്ചയും യാദൃശ്ചികമല്ലെന്നും പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു ഉയർന്നുവന്ന ആരോപണം.
നിലവിൽ ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ അതോറിറ്റിയുടെ ചെയർപേഴ്‌സൺ സ്ഥാനത്ത് തുടരുകയാണ് സലീം.