
കോഴിക്കോട്: ഹിന്ദി സംസാരിക്കാൻ അറിയാത്ത കോഴിക്കോട് സ്വദേശി ഏഴാം ക്ലാസുകാരി ആര്യനന്ദ പാടിപ്പാടി ഹിന്ദി ഗാനാസ്വാദകലോകം കീഴടക്കി. വിധികർത്താക്കൾ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച ഈ കൊച്ചുമിടുക്കിയുടെ പ്രകടനങ്ങളുടെ തുടർച്ചയായി കഴിഞ്ഞദിവസം നടന്ന സീ ടി.വിയുടെ സരിഗമപയുടെ ഫൈനലിൽ ആര്യനന്ദ അഞ്ച്‌ലക്ഷം രൂപയും ഫലകവും സ്വന്തമാക്കിയപ്പോൾ ജന്മനാടായ കോഴിക്കോട് കീഴരിയൂരിന് മാത്രമല്ല, കേരള കരയ്‌ക്കാകെ ഇത് അഭിമാന നിമിഷം. തെന്നിന്ത്യയിൽ നിന്ന് തന്നെ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ഈ കൊച്ചുമിടുക്കി.
സംഗീത മാമാങ്കത്തിന്റെ അവസാന റൗണ്ടിൽ 14 പേരിൽ നിന്ന് സപ്തസ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴുപേരെ തിരഞ്ഞെടുത്ത് അതിൽ മാറ്റ് ഉരച്ചപ്പോഴാണ് ഈ നേട്ടം. അതിനപ്പുറമാണ് ഗാനാസ്വാദകരുടെ നെഞ്ചിൽ കിട്ടിയ ഇരിപ്പിടം. ഫൈനൽ മത്സരത്തിൽ നടൻ ഗോവിന്ദ, ജാക്കി ഷ്റോഫ്, ശക്തി കപൂർ എന്നിവർ അതിഥികളായി ഉണ്ടായിരുന്നു. ഇവരുടെയും വിധികർത്താക്കളുടെയും അഭിനന്ദനങ്ങൾക്കൊപ്പം ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള പ്രേക്ഷകരുടെ പിന്തുണയും ഹിന്ദിക്കാരി അല്ലാതിരുന്നിട്ടും ആര്യനന്ദയ്ക്ക് കിട്ടി.
രണ്ട് ഹിന്ദി സിനിമയിലും രണ്ട് മലയാള സിനിമയിലും പാടാൻ അവസരവും ലഭിച്ചു. ഗായിക സുജാത, ഗായകൻ ശ്രീനിവാസൻ എന്നിവരടക്കം പ്രശസ്തഗായകരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുളള ആസ്വാദകരുടെ അഭിനന്ദനങ്ങളും ആര്യനന്ദയുടെ ഫോണിൽ നിറയുകയാണ്.
മത്സരത്തിന്റെ തുടക്കത്തിൽ ബോളിവുഡിലെ മികച്ച ഗായകരായ ശ്രീകുമാർ സാനു, ഉദിത് നാരായൺ, അൽക്കാ യാഗ്‌നിക്ക് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. മികച്ച പിന്നണി ഗായിക ആയി ആര്യ നന്ദ വരും എന്നാണ് ഇവർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കൂടാതെ സത്യം ശിവം സുന്ദരം എന്ന ഗാനം ഇന്ത്യ ഒട്ടാകെ വൈറലാവുകയും ചെയ്തു.
ലോക്ക് ഡൗൺ ഇടവേളക്ക് ശേഷം മത്സരം പുന:രാരംഭിച്ചപ്പോൾ വിധികർത്താക്കളായി വന്നത് ബോളിവുഡിലെ സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷാമിയ, ഗായകരായ അൽക്കാ യാഗ്നിക്ക്, ജാവേദ് അലി എന്നിവരാണ്. 'രേനാ ബിതി ജായേ' എന്ന ഗാനം പാടി എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച ഗായികയെ അവർ അഭിനന്ദനങ്ങൾ കൊണ്ടു മൂടി.
ഞാൻ ആര്യ നന്ദയുടെ ഒരു ബിഗ് ഫാനാണെന്ന് ഹിമേഷ് രേഷാമിയ പറഞ്ഞു. മികച്ച ഗായികയായി മാറുമെന്ന് പ്രവചിക്കുകയും ചെയ്തു. അതിഥിയായി എത്തിയ പ്രശസ്ത ഗായിക നേഹ കക്കർ ആര്യ നന്ദയുടെ കഴിവിനെ ലോകമറിയണമെന്ന് പറഞ്ഞ് അവളുടെ കൂടെ സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഫൈനൽ ഓഡിഷൻ കഴിഞ്ഞ് 100 മത്സരാർത്ഥികളെ വച്ച് തുടങ്ങിയ വാശിയേറിയ മത്സരത്തിന്റെ അതിലും വാശിയേറിയ ഫൈനലിൽ ജേതാവായതിന്റെ സന്തോഷത്തോടൊപ്പം ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് വിശ്വാസവും അവളെ നയിക്കുന്നു.
കടലുണ്ടി ഐഡിയൽ പബ്ലിക്ക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആര്യനന്ദ. സംഗീത അദ്ധ്യാപകരായ രാജേഷ് ബാബു-ഇന്ദു ദമ്പതികളുടെ മകളാണ്. സ്‌കൂൾ, ജില്ലാ, സംസ്ഥാന, ദേശീയ സംഗീത മത്സരങ്ങളിൽ നിരവധി തവണ വിജയിയായിട്ടുണ്ട്. കഴിഞ്ഞ വർഷം സീ തമിഴ് ചാനലിലെ സംഗീത റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. കേരളത്തിലും പുറത്തുമായി 450ഓളം വേദികളിൽ സംഗീത പരിപാടികൾ ഈ കൊച്ചുമിടുക്കി അവതരിപ്പിച്ചിട്ടുണ്ട്.
ആര്യനന്ദ പറയുന്നു,
ഹിന്ദി അറിയാതെ വട്ടം ചുറ്റി
ആദ്യത്തെ ഓഡിഷൻ കൊച്ചിയിൽ ആയിരുന്നു. അവിടെ നിന്ന് സെലക്ഷൻ കിട്ടിയപ്പോഴാണ് മുംബയിലേക്ക് പോയത്. ഹിന്ദി എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. ഗ്രൂമേഴ്‌സ് ഉൾപ്പെടെ എല്ലാവരും ഹിന്ദിക്കാരായിരുന്നു. ഇംഗ്ലീഷ് പറഞ്ഞാണ് ഒരുവിധം മാനേജ് ചെയ്‌തത്. കുറച്ച് എപ്പിസോഡൊക്കെ കഴിഞ്ഞപ്പോൾ ഹിന്ദി കേട്ടാൽ മനസിലാകും എന്ന അവസ്ഥയിലേക്ക് എത്തി. അപ്പോഴും പറയാൻ പറ്റില്ലായിരുന്നു. പാട്ടിന്റെ വരികൾ പഠിക്കുമ്പോൾ ഉച്ചാരണം വലിയ പ്രശ്‌നമായിരുന്നു. ഫൈനൽ ഓഡിഷന് മുമ്പ് എല്ലാ ജൂറികളും ഇക്കാര്യം പറഞ്ഞിരുന്നു. പിന്നെ അതിലേക്കാണ് കൂടുതൽ ശ്രദ്ധിച്ചത്. നാട്ടിൽ ഹിന്ദി പാട്ട് പാടുമായിരുന്നെങ്കിലും ഉച്ചാരണത്തിന് പ്രശ്നം വന്നാൽ പറഞ്ഞ് തരാൻ ആരുമില്ലായിരുന്നു.
അമ്മയെ കാണാതെ
ഫെബ്രുവരിയിലാണ് മത്സരം തുടങ്ങിയത്. മാർച്ച് ആയപ്പോഴേക്കും കൊവിഡ് കാരണം മത്സരം നിന്നുപോയി. പിന്നെ തുടങ്ങിയത് ജൂലായിലാരുന്നു. ആ സമയത്ത് മുംബയിൽ തന്നെയാണ് ഞാൻ നിന്നത്. അമ്മയില്ലാതെ അവിടെ നിൽക്കേണ്ടി വന്നു. ശരിക്കും അമ്മയില്ലാതെ ഞാൻ ഒരിടത്തും നിൽക്കാറില്ല. എനിക്കത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ആ സമയത്താണ് നന്നായി പ്രാക്‌ടിസ് ചെയ്യാൻ പറ്റിയത്. അച്ഛനും അമ്മയും തന്നെയാണ് എന്നെ സംഗീതം പഠിപ്പിച്ചത്. നിസരി സ്‌കൂൾ ഒഫ് മ്യൂസിക് എന്നൊരു സ്‌കൂൾ അച്ഛനുണ്ട്. ഒരുപാട് കുട്ടികൾ സംഗീതം പഠിക്കാൻ വരാറുണ്ട്. ഇപ്പോൾ കൊവിഡ് കാരണം എല്ലാം നിന്നിരിക്കുകയാണ്.
അനുഭവങ്ങളും ആഗ്രഹങ്ങളും
'സത്യം ശിവം സുന്ദരം' പാട്ട് പാടിയപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. അൽക്ക യാഗ് നിക്ക് മാഡം സ്റ്റേജിലേക്ക് വന്ന് എനിക്ക് ഉമ്മ തന്നു. ഒരുപാട് അഭിനന്ദനവും ഉപദേശങ്ങളും ലഭിച്ചു. വേറൊരു എപ്പിസോഡിൽ ഒരു കവി അതിഥിയായി വന്നിരുന്നു. ഹിന്ദി അറിയാത്ത കുട്ടിയാണ് പാടുന്നതെന്ന് മനസിലാകില്ലയെന്ന് ആ കവി പറഞ്ഞപ്പോൾ സന്തോഷമായി. ലോകത്തിലെ തന്നെ ഏറ്റവും ടോപ്പ് മോസ്റ്റ് ഗായികയാകണമെന്നാണ് എന്റെ ആഗ്രഹം. മലയാളത്തിൽ എസ്. ജാനകിയമ്മയെ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടം. ചിത്ര ആന്റിയെയും സുജാത മാഡത്തിനെയുമാണ് ഇഷ്‌ടം. ഹിന്ദിയിൽ ലതാമങ്കേഷ്‌ക്കർജിയെ ഒക്കെ ഇഷ്‌ടമാണ്.
തുരുതുരാ വിളികൾ
എല്ലാവരും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. നല്ല കാര്യമായാണ് എല്ലാവരും സംസാരിക്കുന്നത്. ഓൺലൈൻ ക്ലാസായത് കൊണ്ടു തന്നെ ഗ്രൂപ്പുകളിൽ ടീച്ചർമാർ ഉൾപ്പടെയുളളവരുണ്ട്. എല്ലാവർക്കും സന്തോഷമാണ്. റിസൽറ്റ് വന്നയുടൻ സുജാത മാഡം വിളിക്കുകയും ശ്രീനിവാസ് സാർ മെസേജ് അയക്കുകയും ചെയ്‌തു. വേണുഗോപാൽ സാർ എന്റെ പാട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരുന്നു. എല്ലാ തരം പാട്ടുകളോടും ഇഷ്‌ടമാണെങ്കിലും കൂടുതൽ താത്പര്യം മെലഡിയോടും സെമി ക്ലാസിക്കലിനോടുമാണ്. ഹിമേഷ് രേഷാമിയ സാറാണ് സിനിമയിൽ പാടാനുളള ആദ്യ ചാൻസ് നൽകിയിരിക്കുന്നത്.
ഗുരുവായൂരപ്പന്റെ നടയിൽ
രണ്ടര വയസുളളപ്പോൾ ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിന് അച്ഛനോടൊപ്പം ഞാൻ പോയിരുന്നു. അച്ഛൻ എല്ലാ കൊല്ലവും പോകാറുണ്ട്. അവരൊക്കെ പാടുന്നത് കണ്ട് അവിടെ കയറി പാടണമെന്ന വാശിയും കരച്ചിലുമായി എനിക്ക്. അങ്ങനെ രണ്ടര വയസിലാണ് അരങ്ങേറ്റം നടന്നത്. പിന്നീട് കുറച്ച് വർഷം മുമ്പ് കോഴിക്കോട് ടൗൺഹാളിൽ സ്‌നേഹപൂർവ്വം ആര്യനന്ദ എന്ന പേരിൽ മൂന്ന് മണിക്കൂറിൽ 24 പാട്ടുകൾ തുടർച്ചയായി പാടിയിരുന്നു.