
ന്യൂഡൽഹി: പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ നടപ്പു സാമ്പത്തിക വർഷത്തെ (2020-21) രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ 2,465.7 കോടി രൂപയുടെ ലാഭം നേടി.
ഏപ്രിൽ-ജൂൺപാദത്തിലെ 2,390.4 കോടി രൂപയെ അപേക്ഷിച്ച് 3.1 ശതമാനം അധികവും 2019ലെ സെപ്തംബർ പാദത്തിലെ 2,552.7 കോടി രൂപയേക്കാൾ 3.4 ശതമാനം കുറവുമാണിത്.
പാദാടിസ്ഥാനത്തിൽ വരുമാനം 14,595.6 കോടി രൂപയിൽ നിന്ന് 1.2 ശതമാനം വർദ്ധിച്ച് 14,768.1 കോടി രൂപയായി. തുടർച്ചയായ രണ്ടാംപാദത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞെന്നും ഓപ്പറേറ്റിംഗ് മാർജിൻ (പ്രവർത്തന ലാഭനിരക്ക്) 19.2 ശതമാനമായി മെച്ചപ്പെട്ടെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ) ജതിൻ ദലാൾ പറഞ്ഞു. ഓഹരിയൊന്നിന് 400 രൂപ നിരക്കിൽ 23.75 കോടി ഓഹരികൾ തിരികെ വാങ്ങാൻ (ബൈബാക്ക്) കമ്പനിക്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 9,500 കോടി രൂപയുടേതാകും ബൈബാക്ക്. കമ്പനിയുടെ മൊത്തം ഓഹരിയുടെ 4.16 ശതമാനമാണ് തിരിച്ചുവാങ്ങുന്നത്.