
ഷാർജ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റെഡേഴ്സിനെ തകർത്ത സെഞ്ച്വറി കൂട്ടുകെട്ടിലൂടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പർ ബാറ്റിംഗ് കോമ്പോ ആയ വിരാട് കൊഹ്ലി - എ ബി ഡിവില്ലിയേഴ്സ് സഖ്യം പുതിയ റെക്കാഡ് സൃഷ്ടിച്ചു.ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി കൂട്ടുകെട്ടുകളിൽ പങ്കാളികളായ സഖ്യമെന്ന റെക്കാഡണ് കൊഹ്ലി - ഡിവില്ലിയേഴ്സ് കോമ്പോ സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ കൊഹ്ലി - ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ പത്താം സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഇത്. കൊഹ്ലി ക്രിസ് ഗെയിലിനൊപ്പം ഉണ്ടാക്കിയ ഒമ്പത് സെഞ്ച്വറി കൂട്ടുകെട്ടുകളുടെ റെക്കാഡാണ് പഴങ്കഥയായത്.
മത്സരത്തിൽ വെറും 33 പന്തിൽ ആറു സിക്സുകളും അഞ്ചു ഫോറുമടക്കം 73 റൺസുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നപ്പോൾ കൊഹ്ലി 28 പന്തിൽ നിന്ന് 33 റൺസെടുത്ത് മികച്ച പിന്തുണ നൽകി.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ബാംഗ്ലൂർ 82 റൺസിനാണ് കൊൽക്കത്തയെ തകർത്തത്. സ്കോർ : ബാംഗ്ലൂർ 194/2,കൊൽക്കത്ത 112/9.
നോട്ട് ദ പോയിന്റ്
കഴിഞ്ഞ മത്സരത്തോടെ കൊഹ്ലി - ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് ഐ.പി.എല്ലിൽ 3000 റൺസ് പിന്നിട്ടു
2016ൽ ഗുജറാത്ത് ലയൺസിനെതിരെ ഇരുവരും ചേർന്ന് സൃഷ്ടിച്ച 229 റൺസിന്റെ കൂട്ടികെട്ടാണ് ഐ.പി.എൽ ചരിത്രത്തിലെ ഏറ്രവും വലിയ പാട്ണർഷിപ്പ്. ആമത്സരത്തിൽ ഇരുവരും സെഞ്ച്വറി നേടി.
കൊൽക്കത്തയ്ക്കെതിരെ നഗർകോട്ടി എറിഞ്ഞ 16-ാം ഓവറിൽ ഡിവില്ലിയേഴ്സ് അടിച്ച സിക്സ് ഓടിക്കൊണ്ടിരുന്ന കാറിന് പുറത്താണ് പതിച്ചത്.